മരണ ശേഷക്രിയകള്‍: 5

വെള്ളില പി. അബ്ദുല്ല

2018 ശവ്വാല്‍ 09 1439 ജൂണ്‍ 23

കുളിപ്പിച്ച ശേഷം പോകുവാന്‍ റെഡിയായി

ഇനിയോ ഇതാ പുതു വസ്ത്രവും വരവായി

ഓര്‍ക്കെന്റെ പൊന്നേ ഇന്നു നിന്റെ അവസ്ഥയില്‍

വസ്ത്രങ്ങള്‍ എത്ര തരത്തിലാ അലമാരയില്‍

എല്ലാം വെടിഞ്ഞ് പോകുകയാണിന്ന്

ഇനി മൂന്ന് കഷ്ണം മാത്രമാ ധരിക്കുന്ന്

ഫ്രീക്കില്ല, സ്‌പൈക്കില്ല, അതൊന്നും വേണ്ട

ചെത്തിപ്പൊളിക്കാന്‍ കൂട്ടുകാര്‍ കാണില്ല

ഒരു മൂന്നു കഷ്ണം ചുറ്റിയാ പോകുന്നത്

അതുതന്നെ വില കുറവുള്ളതാണറിയേണ്ടത്

ഇഹ്‌റാമിലായ് ഒരുവന്‍ മരിച്ചാല്‍ അവനിലായ്

രണ്ടാണു കഫന്‍തുണി എന്ന് വേണം ഓര്‍മയില്‍

കുളിപ്പിച്ച ശേഷം കഫന്‍തുണി ചുറ്റുന്നതില്‍

തലയെ മറക്കരുതെന്നതാണേ ചര്യയില്‍

എല്ലാവരും ഉയിര്‍ത്തപ്പെടും മഹ്ശറയതില്‍

തല്‍ബിയതു ചൊല്ലിവരുന്നവരാണവര്‍

അല്ലാത്തവര്‍ക്കെല്ലാം തുണി മൂന്നാണ്

സ്വന്തം മുതലില്‍ നിന്നു വാങ്ങല്‍ നല്ലത്

വസ്ത്രത്തില്‍ വെള്ള ഏറ്റവും മഹത്തരം

അതിലായ് കഫന്‍ ചെയ്യല്‍ അതോ അത്യുത്തമം

ഹുദൈഫതുബ്‌നു യമാനതാ ഒരു നാളിലായ്

കഫന്‍തുണി വാങ്ങാനായയച്ചിരു പേരെയായ്

സിലതുബ്‌നു സുഫ്‌റും മറ്റൊരാളും പോകലായ്

മുന്നൂറു ദിര്‍ഹം നല്‍കി അത് വാങ്ങീടലായ്

ചുവപ്പു നിറമാണാ പുടവയ്ക്കുള്ളത്

രണ്ടെണ്ണമാണേ അന്നവര്‍ വാങ്ങിച്ചത്

ഇത് കണ്ടനേരം ഹുദൈഫയപ്പോള്‍ ചൊല്ലി 

'വേണ്ട, ഇത് മടക്കണം വെളുപ്പിനായ്

വിലകൂടിയുള്ള കഫന്‍പുടവാങ്ങല്ലെ

ശുദ്ധി, വെളുപ്പും ഉള്ളതാ മറക്കല്ലെ

ഈ വസ്ത്രമെന്നില്‍ കുറച്ചുനേരത്തുള്ളതാ

പിന്നീട് ഖൈറിലോ ശര്‍റിലോ നെയ്തുള്ളതാ

മുസ്വന്നഫബ്ദുറസാഖിലായ് ഇത് ചൊന്നതാ

ത്വബ്‌റാനിയും ബൈഹഖിയും വിവരിച്ചതാ

ഓര്‍ത്തൊന്നുനോക്കെന്‍ സോദരാ നിന്റെ വിധി

സമ്പാദ്യമൊക്കെ വിട്ടുപോകാനാ വിധി

ധര്‍മം, സകാത്ത് കൊടുക്കുവാന്‍ തുനിഞ്ഞില്ല

ഇന്നോ മടക്കം, കയ്യിലൊന്നുമില്ല.

അതിനാല്‍ നീ റബ്ബിന്‍ മാര്‍ഗമില്‍ ചെലവാക്കണേ

മരണത്തിന്‍ മുമ്പിത് ചെയ്യുവാനുമൊരുങ്ങണേ