മരണം ആസന്നമായാല്‍

വെള്ളില പി. അബ്ദുല്ല

2018 ഏപ്രില്‍ 14 1439 റജബ് 27

'അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍): 4

മരണം ഒരാള്‍ക്കാസന്നമായ് എന്നാകിലോ

പലതുണ്ട് ജോലി നമുക്ക് ചെയ്യാന്‍ അരികിലേ

ചൊല്ലിക്കൊടുക്കണം കലിമതുത്തൗഹീദ്

അദ്ദേഹമുരുവിട്ടാല്‍ മതി പിന്നീട്

സംസാരിച്ചില്ലദ്ദേഹമെന്നാല്‍ പിന്നെ

ചൊല്ലേണ്ടതില്ല വീണ്ടുമെന്നാ പൊന്നെ

തിരുദൂതരില്‍നിന്നുള്ളതാണാ കല്‍പന

തള്ളാന്‍ നമുക്കാകാത്തതാണാ ശാസന

നല്ലത് മാത്രം പറയണം അവിടന്ന്

എന്നുള്ളതും നബിതങ്ങളോതിയതന്ന്

മരണം അടുത്തൊരു രോഗിതന്‍ ചാരത്ത്

യാസീനും ക്വുര്‍ആന്‍ ഓതലും സുന്നത്ത്

നബിയുല്ല തന്‍ വാക്യത്തിനാല്‍ സ്ഥിരമായതാ

നബിതന്‍ സഖാക്കള്‍ കര്‍മമില്‍ കാണിച്ചതാ

മരണം നടന്നതിന്‍ ശേഷമല്ലത് വേണ്ടത്

എന്നുള്ള കാര്യം ഓര്‍ത്തുവെക്കല്‍ നല്ലത്

നീയെത്തിയെന്നാല്‍ രോഗിതന്‍ ചാരത്ത്

അല്ലെങ്കിലെത്തി മയ്യിത്തിന്നടുത്ത്

എന്നാല്‍ അവര്‍ക്കായ് വേണം നിന്റെ പ്രാര്‍ഥന

കുട്ടത്തിലായിട്ടല്ല, സ്വന്തം അര്‍ഥന

തിരുനബിയിതാ പറയുന്നതായ് കാണുന്നു

ഗ്രന്ഥങ്ങളില്‍ വന്നുള്ളതായ് അറിയുന്നു:

'ഒരു മയ്യിത്തിന്നടുത്തു നീ വന്നെന്നാല്‍

രോഗിക്കു ചാരെ നീ സമീപിച്ചെന്നാല്‍

നീ പറയണം സല്‍വാക്കുകള്‍ അവിടന്ന്

പറയുന്നതിന്നാമീന്‍ മലക്കും ചൊല്ലും

സ്വഹീഹ് മുസ്‌ലിം പോലെ പല ഗ്രന്ഥങ്ങള്‍

പഠിപ്പിച്ചതാണിത് ഓര്‍ക്കണേ നീയൊന്ന്

എന്നാല്‍ ഇതേ ഹദീഥിനെ ദുര്‍മാര്‍ഗികള്‍

തങ്ങള്‍ക്കു വേണ്ടി വളച്ചൊടിച്ചക്രമികള്‍

'സല്‍വാക്കുകള്‍ ക്വുര്‍ആനതു തന്നാണേ

അതുകൊണ്ട് ക്വുര്‍ആന്‍ ഓതണം എന്നാണേ'

എന്നാണു ന്യായം അവരെ പക്കല്‍നിന്ന്

മലക്കുകളാമീന്‍ പറയുമോ ഇതിനിന്ന്?

ഉലമാക്കള്‍ പലരും ഇതിനെ വ്യാഖ്യാനിച്ചതാ

ദുഅയാണതെന്ന് അവരുതന്നറിയിച്ചതാ

രോഗിക്കു ചാരെ ശിഫ ലഭിക്കാന്‍ പ്രാര്‍ഥന

മയ്യിത്തിനാണേല്‍ മഗ്ഫിറതിന്നര്‍ഥന

ഇതുതന്നെയാണീ വാചകത്തിനര്‍ഥം

എന്നുള്ളതാ ഗ്രന്ഥങ്ങളില്‍ പരമാര്‍ഥം

നവവി ഇമാമുപോലുമേ പഠിപ്പിച്ചതാ

സ്വഹീഹു മുസ്‌ലിമിന്റെ ശറഹില്‍ വന്നതാ

അബൂസലമ എന്ന സ്വഹാബി മരിച്ച നേരമില്‍

തിരുദൂതരെത്തി പ്രാര്‍ഥനയും ചെയ്തതാ

പ്രാര്‍ഥിക്കുവാന്‍ ചില പ്രാര്‍ഥന പഠിപ്പിച്ചതാ

അത് ഉമ്മുസലമ ജീവിതത്തില്‍ ചെയ്തതാ

ഇതിനെക്കാള്‍ നല്ലത് നീ എനിക്ക് നല്‍കണം

എന്നുള്ളതാണാ പ്രാര്‍ഥന തന്‍ ഉള്‍കണം

അബൂസലമയെക്കാള്‍ നല്ലതെന്താ കിട്ടുവാന്‍?

അതിനെക്കാള്‍ നല്ലത് വേറെയെന്ത് കൊതിക്കുവാന്‍?

എന്നാണ് ബീവി ആദ്യമൊക്കെ നിനച്ചത്

അല്‍പം കഴിഞ്ഞാ ദൂതരെ വരിച്ചത്!

ഒരുപാടു ഗ്രന്ഥങ്ങള്‍ക്കകം ഇത് വന്നതാ

സ്വഹീഹ് മുസ്‌ലിം തന്നിലും വിവരിച്ചതാ

യാസീന്‍ നബിയെ അപ്പടി പിന്‍പറ്റുവാന്‍

നാഥാ നീ തൗഫീഖേകണെ കരയേറുവാന്‍

ബിദ്അത്തില്‍ നിന്നും പൂര്‍ണമായി മാറുവാന്‍

നീ കനിയണെ സുന്നത്തിനായി നില്‍ക്കുവാന്‍

നിന്നെയും നിന്‍ തിരുദൂതരെ സ്‌നേഹിക്കുവാന്‍

ഹൃദയത്തെ നീ വെളുപ്പിക്കണേ ഹുബ്ബേറുവാന്‍

അല്ലാതിരുന്നാല്‍ നഷ്ടമാ ദയ്യാനേ

അത് താങ്ങുവന്‍ കഴിയാത്തവനാം ഞാനേ

നീ മാത്രമാ എന്‍ തണിയതെന്നും കോനേ

നീ എന്റെ കാര്യം ഏല്‍ക്കണേ പെരിയോനേ