വ്യവഹാര പ്രശ്‌നങ്ങൾ

ഡോ. മുനവ്വർ

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

അകാരണ കോപ നിയന്ത്രണം

1) പൊതുവായിട്ടുള്ള ശരീരപരിശോധന

അകാരണ കോപം നിയന്ത്രിക്കുന്നതിന് ആദ്യം വേണ്ടത് കുട്ടിയെ ശരിയായ വിധത്തിലുള്ള വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഇതുവഴി ശരീരഘടനാപരമായ എന്തെങ്കിലും തകരാറുണ്ടെങ്കിൽ കണ്ടുപിടിക്കാവുന്നതാണ്. കുട്ടിയുടെ പൊതുവായ ആരോഗ്യസ്ഥിതിയും പരിശോധിക്കേണ്ടതുണ്ട്. ആഹാരശീലം, ഉറക്കം, മലമൂത്രവിസർജനരീതി എന്നിവയിൽ എന്തെങ്കിലും തകരാറുണ്ടെങ്കിൽ അതും പരിഹരിക്കേണ്ടതാണ്. എപ്പിലപ്‌സി (ചുഴലിദീനം), അപകടം മൂലം തലയ്ക്ക് ഉണ്ടാകുന്ന പരിക്കുകൾ, ചികിത്സ ആവശ്യമായിവരുന്ന മറ്റ് അസുഖങ്ങൾ എന്നിവയും അകാരണ കോപത്തിനു കാരണമാകാറുണ്ട്.

2) ശിശുപരിപാലന വ്യവഹാര പരിഷ്‌കരണം

അകാരണ കോപത്തിന്റെ അടിസ്ഥാന കാരണങ്ങൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. കുട്ടികളോടുള്ള രക്ഷാകർത്താക്കളുടെ തെറ്റായ സമീപനം ഇതിനുള്ള ഒരു പ്രധാന കാരണമായി തെളിഞ്ഞിട്ടുണ്ട്. ഇതു പരിഹരിക്കേണ്ടതുണ്ട്. ഇവ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ രക്ഷാകർത്താക്കൾ അവരുടെ വ്യവഹാരരീതികൾ പരിഷ്‌കരിക്കാനെങ്കിലും തയാറാകേണ്ടതാണ്. അങ്ങനെ സംഭവിച്ചാൽ കുടുംബത്തിൽ നിലനിൽക്കുന്ന സമ്മർദ അന്തരീക്ഷത്തിന് ഇളവ് ഉണ്ടാകുകയും കുട്ടികൾക്ക് അവരുടെ തെറ്റായ വ്യവഹാരരീതികൾ തിരുത്തുന്നതിന് അവസരം ലഭിക്കുകയും ചെയ്യും. പല കാരണങ്ങളാൽ തങ്ങളിൽ കടന്നുകൂടുന്ന മാനസിക അസ്വാസ്ഥ്യങ്ങൾ, തെറ്റായ ധാരണകൾ എന്നിവയ്ക്ക് തങ്ങളുടെ കുട്ടികൾ ബലിയാടാകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുട നാനാതരത്തിലുള്ള വികാസത്തിന് അനുയോജ്യമായ സ്ഥലസൗകര്യങ്ങൾ, കളിപ്പാട്ടങ്ങൾ, കളിക്കൂട്ടുകാർ എന്നിവയൊക്കെ അനിവാര്യമാണ്.

3) രക്ഷാകർത്താക്കളുടെ വൈകാരിക പക്വത

കുട്ടികൾ അമിത കോപപ്രകടനം നടത്തുമ്പോൾ അവർക്ക് ശിക്ഷ കൊടുത്തില്ലെങ്കിൽ പല രക്ഷാകർത്താക്കൾക്കും തൃപ്തിവരില്ല. രക്ഷാകർത്താക്കളുടെ ഇത്തരം സമീപനം ശരിയല്ല. കുട്ടികളുടെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ കഴിയാത്തതിന്റെ തക്കതായ കാരണം അവർക്ക് വിശദമായി പറഞ്ഞുകൊടുക്കുകയും അവരുടെ ആവശ്യങ്ങളുടെ കഴമ്പില്ലായ്മ അവരെ നല്ലവണ്ണം പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. അതിനുശേഷവും കുട്ടി തന്റെ ശാഠ്യത്തിൽ ഉറച്ചുനിന്നു വീണ്ടും കോപപ്രകടനം നടത്തുകയാണെങ്കിൽ അതിനെ താൽക്കാലികമായി അവഗണിക്കുന്നതാണ് ഉത്തമം. അവരുടെ കോപം കുറെ കഴിയുമ്പോൾ കെട്ടടങ്ങുന്നതാണ്. എന്നാൽ അവരുടെ ആവശ്യത്തിന്റെ അർഥശൂന്യത അവരെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമം ഉപേക്ഷിക്കാവുന്നതല്ല. അങ്ങനെ ചെയ്താൽ തങ്ങളെ ദുഃഖിപ്പിച്ച രക്ഷാകർത്താവ് തങ്ങളെ തഴഞ്ഞതായും കുട്ടികൾ കരുതും. കുട്ടികളുടെ അകാരണ കോപപ്രകടന സ്വഭാവം നിയന്ത്രിക്കാൻ ഈ മാർഗം വളര ഫലപ്രദമായിട്ടാണ് കണ്ടുവരുന്നത്. അകാരണ കോപപ്രകടനത്തിലൂടെ രക്ഷാകർത്താക്കളെ ചൂഷണം ചെയ്തു തങ്ങളുടെ ന്യായമല്ലാത്ത ആവശ്യങ്ങൾ നേടാൻ കഴിയില്ല എന്ന് ബോധ്യമാകുന്നതോടുകൂടി കുട്ടികൾ അവരുടെ കാര്യത്തിൽനിന്നു ക്രമേണ പിൻവാങ്ങും.

കള്ളം പറയൽ

അസത്യം പറയുന്നതിനെയാണ് കള്ളം പറയൽ എന്നുപറയുന്നത്. അതായത്, തെറ്റായിട്ടുള്ള കാര്യമോ ഇല്ലാത്ത കാര്യമോ പറയുക. മനഃപൂർവം തെറ്റായ കാര്യങ്ങൾ പറയുക, ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുക, കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ പറഞ്ഞു ഫലിപ്പിക്കുക, കാര്യങ്ങൾ വളച്ചൊടിച്ചു പറയുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ചില വസ്തുക്കളെ ബോധപൂർവം നിഷേധിക്കുന്നതും പൂർണ മായും നിഷേധിക്കുന്നതും കള്ളം പറച്ചിലിൽ ഉൾപ്പെടും. കള്ളം പറഞ്ഞ് അഭയം തേടുന്നവനെ നുണയൻ എന്നാണ് പറയുക. എന്നാൽ തെറ്റായ കാര്യങ്ങൾ ധാരാളമായി പറയുന്ന കൊച്ചുകുട്ടികളെ ഇത്തരത്തിൽ പറയാറില്ല. ഇവർ കള്ളം പറയുന്നതിനുള്ള ഒന്നാമത്തെ കാരണം വസ്തുതകളെക്കുറിച്ച് ശരിയായ അറിവ് ഇല്ലാത്തതാണ്. ഇവർക്ക് നിരവധി വിചിത്രവും അത്ഭുതകരവുമായ ഭാവനകൾ ഉണ്ടാകുന്നതാണ് രണ്ടാമത്തെ കാരണം. കുട്ടികൾ എന്തെങ്കിലും വസ്തുത വിവരിക്കുമ്പോൾ അവരുടെ വിചിത്ര ഭാവനയും ആഗ്രഹങ്ങളും കൂടി അതിൽ പ്രതിഫലിക്കും.

കള്ളം പറയുന്ന രീതികൾ

പ്രസിദ്ധ ബ്രിട്ടീഷ് കുറ്റാന്വേഷക വിദഗ്ധൻ സർ സിറിൽ ബർട്ട് കള്ളം പറയൽ രീതിയെ എട്ടായി തരംതിരിച്ചിട്ടുണ്ട്. അവ താഴെ വിവരിക്കുന്നു:

1) തമാശയ്ക്ക് പറയുന്ന കള്ളങ്ങൾ

ശൈശവത്തിലും ബാല്യത്തിന്റെ ആദ്യദശകളിലും തമാശയ്ക്കുവേണ്ടി കുട്ടികൾ കള്ളം പറയാറുണ്ട്. ഇത്തരം കള്ളം പറയലിനെ കുറ്റകൃത്യമായി കാണാറില്ല.

2) വിചിത്ര കൽപനാ കള്ളങ്ങൾ

ആഗ്രഹങ്ങളുടെ സഫലീകരണ ചിന്തയാണ് വിചിത്ര കൽപനാ കള്ളങ്ങളിലൂടെ പ്രകടിപ്പിക്കുന്നത്. ഏതാണ്ട് 4 വയസ്സ് പ്രായമാകുന്നതുവരെ കുട്ടികൾ കൂെടക്കൂടെ വിചിത്ര കൽപനാ കള്ളങ്ങൾ പറയുക സ്വാഭാവികമാണ്. ഈ കാലഘട്ടത്തിൽ കുട്ടികൾ ഭാവനാസൃഷ്ടങ്ങളായ വിചിത്രലോകത്തു വസിക്കുന്നതാണ് ഇതിനു കാരണം. ചിലപ്പോൾ വിചിത്രലോകത്തെ അനുഭവങ്ങൾ യാഥാർഥ്യമെന്ന മട്ടിൽ ഇവർ വിവരിക്കുകയും ചെയ്യും.

3) തെറ്റിദ്ധരിപ്പിക്കുന്ന കള്ളങ്ങൾ

ചില സന്ദർഭങ്ങളിൽ വസ്തുക്കളെക്കുറിച്ചു ശരിയും തെറ്റും തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയാതെ വരും. അത്തരം സന്ദർഭങ്ങളിൽ രക്ഷപ്പെടുന്നതിനുവേണ്ടി കുട്ടികൾ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കാര്യങ്ങൾ ഫലിപ്പിക്കാൻ ശ്രമിക്കും.

4) സ്വാഭിമാനം വളർത്തുന്നതിനുള്ള കള്ളങ്ങൾ

കള്ളം പറഞ്ഞ് ഇല്ലാത്ത സ്വാഭിമാനം വളർത്തി രസിക്കുക കുട്ടികളുടെ ഒരു വിനോദമാണ്. ഇത്തരം കള്ളങ്ങൾ അവരുടെ അഹ(ego)ത്തിന്റെ സംതൃപ്തിക്ക് ഉപകരിക്കും. യാതൊരുവിധ അറിവുമില്ലാത്ത സംഭവങ്ങൾ ഇവർ മറ്റുള്ളവരെ വർണിച്ചു കേൾപിക്കും. അവർ അത്തരം കാര്യങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടാവില്ല. അപകർഷതാബോധം പുലർത്തുന്നവരാണ് ഇത്തരം കള്ളങ്ങൾ സാധാരണ പറയാറുള്ളത്.

5) പ്രതികാരാത്മക കള്ളങ്ങൾ

കളികളിലും മത്സരങ്ങളിലും തങ്ങളെ പരാജയപ്പെടുത്തുന്നവരെക്കുറിച്ച് മറ്റുള്ളവരോട് കള്ളങ്ങൾ പറയുന്നസ്വഭാവം ചില കുട്ടികൾക്കുണ്ട്. തന്റെ പ്രതിയോഗികളുടെമേൽ മേധാവിത്വം പുലർത്തുന്നതിനുവേണ്ടിയാണ് ഇത്തരം കള്ളങ്ങൾ മെനഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. ചില മുതിർന്ന വ്യക്തികളിലും ഇത്തരം പ്രവണത കണ്ടുവരുന്നുണ്ട്.

6) സ്വാർഥതൽപരമായ കള്ളങ്ങൾ

സ്വന്തം തെറ്റുകളും കുറവുകളും മറച്ചുവയ്ക്കാനായി ആളുകൾ കള്ളം പറയാറുണ്ട്. മറ്റുള്ളവരുടെ മുമ്പിൽ കുറ്റക്കാരനാകാതെ സ്വയരക്ഷയ്ക്കുവേണ്ടിയാണ് ഇത്തരം കള്ളങ്ങൾ പറയുക.

7) കൂറുപുലർത്താനുള്ള കള്ളങ്ങൾ

വ്യക്തികൾ തങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിനോട് കൂറ് പുലർത്തുക സ്വാഭാവികമാണ്. നല്ല പ്രവൃത്തികൾ ചെയ്യുന്ന ഗ്രൂപ്പായാലും മോശപ്പെട്ട പ്രവൃത്തികളിൽ വ്യാപൃതമായിട്ടുള്ള ഗ്രൂപ്പായാലും അംഗങ്ങളെ സംബ ന്ധിച്ചിടത്തോളം ഇതു ശരിയാണ്. ഗ്രൂപ്പിനോട് കൂറു പുലർത്തുന്നവർ ഗ്രൂപ്പിന്റെ തെറ്റായ നടപടികൾ മൂടിവയ്ക്കാൻ വേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.

8) രോഗസംബന്ധിയായ കള്ളങ്ങൾ

പല വ്യക്തികളും പ്രത്യേക തരം വൈകാരിക ഭാവങ്ങളും വ്യവഹാര അപസാമാന്യതകളും പുലർത്തുന്നവരാണ്. ഇവ ഇവർ അറിയാതെ തന്നെ കള്ളം പറയുന്ന ശീലം ഇവരിൽ സൃഷ്ടിക്കും. വെറുതെ നുണ പറയുക, സംതൃപ്തിക്കുവേണ്ടി നുണ പറയുക, വമ്പത്തം പ്രകടിപ്പിക്കുന്നതിനുവേണ്ടി നുണ പറയുക എന്നിവ ഇങ്ങനെ സംഭവിക്കുന്നതാണ്. ഇത്തരക്കാരെ നുണ രോഗികൾ എന്നു വിളിക്കാവുന്നതാണ്.

(തുടരും)