അടിമത്തം ഉളവാക്കുന്ന ലഹരിപദാർഥങ്ങൾ

ഡോ. മുനവ്വർ

2022 ഒക്ടോബർ 22, 1444 റബീഉൽ അവ്വൽ 25

അടിമത്തം ഉളവാക്കുന്ന ലഹരി പദാർഥങ്ങളെ വിശാലമായ അടിസ്ഥാനത്തിൽ അഞ്ചായി തിരിക്കാവുന്നതാണ്. 1) ഉത്തേജകം. 2) മയക്കുമരുന്ന്. 3) മായികവിഭ്രാന്തി ജനിപ്പിക്കുന്നവ. 4) കഞ്ചാവ്. 5) കറുപ്പ്.

1) ഉത്തേജകം

ഉത്തേജക ലഹരിപദാർഥങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നവയാണ് കൊക്കയിൻ, നിക്കോട്ടിൻ, പുകയില എന്നിവ. ഇവ നമ്മുടെ രാജ്യത്തു സുലഭമായി ലഭിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്നവർക്ക് താൽക്കാലിക ഉത്തേജനം ഉണ്ടാകുന്നതാണ്.

2) മയക്കുമരുന്നുകൾ

ചാരായം, വാലിയം, ചെറിയതരത്തിൽ മയക്കം ഉണ്ടാകുന്ന മരുന്നുകൾ, കാംപോസ് എന്നിവ ഈ വിഭാഗത്തിൽ പെടുന്നവയാണ്. ഇവ താൽക്കാലികമായി ഉൽക്കണ്ഠ ശമിപ്പിക്കുകയും ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള ബോധം മന്ദീഭവിപ്പിക്കുകയും ചെയ്യും. എന്നാൽ, ഇവ സ്ഥിരമായി ഉപയോഗിച്ചാൽ മാനസിക സുരക്ഷിതത്വമില്ലായ്മ, ഉൽക്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയ്ക്കു കാരണമാകും.

3) മായികവിഭ്രാന്തി ജനിപ്പിക്കുന്നവ

എൽ.എസ്.ഡി (Lysergic acid diethylamide)യാണ് ഈ വിഭാത്തിൽപ്പെടുന്നവ. ഇവ മായികവിഭ്രാന്തി ജനിപ്പിക്കും. ഇവ ഉപയോഗിക്കുന്നവർക്ക് മായികലോകം ദർശിക്കാൻ കഴിയും. അതായത്, ഇല്ലാത്ത വസ്തുക്കൾ ഉള്ളതായി തോന്നും. ഇത് അതിശക്തമായ മാനസിക അടിമത്തം സൃഷ്ടിക്കുന്ന ലഹരിപദാർഥമാണ്. ഇതിന് അടിമപ്പെടുന്നവരിൽ ഭയം, ഉൽകണ്ഠ, സുരക്ഷിതത്വമില്ലായ്മ എന്നിവ അനുഭവപ്പെടും.

4) കഞ്ചാവ്

കഞ്ചാവ്കൂട്ട്, കഞ്ചാവ്, ഹാഷിഷ്, ചരസ്, മാരിഹ്വാന (ചണച്ചെടിയുടെ ഉണക്കിയ പൂവ്) എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന ലഹരിപദാർഥങ്ങൾ, ഇവ മാനസിക അടിമത്തം സൃഷ്ടിക്കുന്ന ലഹരിപദാർഥങ്ങളാണ്. ഇവ സ്ഥിരമായി ഉപയോഗിച്ചാൽ പിന്നീട് എളുപ്പത്തിൽ അതിൽനിന്നു മോചനം നേടുക സാധ്യമല്ല.

5) കറുപ്പ്

മയക്കുമരുന്ന് (നാർക്കോട്ടിക്), പെതഡിൻ, ഹെറോയിൻ, കറുപ്പ് എന്നിവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന ലഹരിപദാർഥങ്ങൾ. ഇവ ശരീരത്തെ ക്ഷീണിപ്പിക്കുന്നവയാണ്.

ആസ്പിരിൻ പോലുള്ള വേദന ശമിപ്പിക്കുന്ന ഔഷധങ്ങൾ ലോകത്തെമ്പാടും വ്യാപകമായ തോതിൽ ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം മരുന്നുകൾക്ക് ഉൽക്കണ്ഠ, വേദന എന്നിവയെ താൽക്കാലികമായി ശമിപ്പിക്കാൻ കഴിയും. ഇവ നാഡീവ്യൂഹത്തിലാണ് പ്രവർത്തിക്കുക.

കാരണഘടകങ്ങൾ

വ്യക്തികൾ മയക്കുമരുന്നിന്റെ അടിമകളായി മാറുന്നതിന് പ്രധാനമായും മൂന്നു കാരണങ്ങൾ ഉണ്ട്. 1) ജൈവരാസഘടകങ്ങൾ 2) വ്യക്തിത്വ ഘടകങ്ങൾ 3) സാമൂഹിക-സാംസ്‌കാരിക പരിതസ്ഥിതികളുടെ സ്വാധീനം. ഇവ ചുരുക്കി വിവരിക്കാം:

1) ജൈവരാസഘടകങ്ങൾ

അടിമത്തം ഉളവാക്കുന്ന ലഹരിപദാർഥങ്ങൾ വളരെ വേഗത്തിൽതന്നെ അത് ഉപയോഗിക്കുന്ന വ്യക്തിയിൽ ജൈവപരവും രാസപരവുമായ മാറ്റങ്ങൾ ഉളവാക്കും. ഉപയോഗിക്കുന്നവരും പെട്ടെന്നുള്ള മാറ്റമാണ് ആഗ്രഹിക്കുന്നത്. മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ജീവിതപ്രശ്‌നങ്ങളിൽനിന്നും ദുഃഖങ്ങളിൽനിന്നും ഉൽക്കണ്ഠയിൽനിന്നും മോചനം നേടി സന്തോഷം അനുഭവിക്കുന്നതിനുവേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്.

2) വ്യക്തിത്വ ഘടകങ്ങൾ

മയക്കുമരുന്നിന് അടിമയാകുന്നവരിൽ അധികംപേർക്കും ഏതെങ്കിലും തരത്തിലുള്ള വ്യക്തിത്വവൈകല്യം ഉണ്ടായിരിക്കും. വൈകാരിക അസ്ഥിരത, വൈകാരിക അപക്വത, എടുത്തുചാട്ടം തുടങ്ങിയവ ഇവരുടെ വ്യവഹാരത്തിൽ അടങ്ങിയിരിക്കും. കാര്യക്ഷമത, വിശ്വാസ്യത തുടങ്ങിയവ കുറഞ്ഞുവരിക, ലഹരിപദാർഥം വാങ്ങുന്നതിനായി മറ്റുള്ളവരെ കബളിപ്പിച്ചും മോഷ്ടിച്ചും പണം ഉണ്ടാക്കുക, കള്ളം ധാരാളമായി പറയുക തുടങ്ങിയ സ്വഭാവദൂഷ്യങ്ങൾ ഇവരിൽ ഉണ്ടാകാം. എന്തെങ്കിലും പുതുമ അനുഭവിക്കണമെന്നുള്ള ചിന്തയാണ് പലരെയും പലപ്പോഴും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളാക്കി മാറ്റുന്നത്.

പാരിസ്ഥിതിക, സാമൂഹിക, സാംസ്‌കാരിക സ്വാധീനതകൾ

ലഹരിപദാർഥ അടിമത്തത്തിനു വ്യക്തികൾ വിധേയമാകുന്നതിന് നിരവധി സാമൂഹിക, സാംസ്‌കാരിക ഘടകങ്ങൾ കാരണമാകാറുണ്ട്. ശിഥിലമാക്കപ്പെട്ട കുടുംബബന്ധങ്ങൾ, രക്ഷാകർത്താക്കളുടെ മോശമായ മനോഭാവം, രക്ഷാകർത്താക്കളുടെയും മുതിർന്ന സഹോദരങ്ങളുടെയും വ്യവഹാര അപസാമാന്യത, സ്‌നേഹത്തിന്റെ അഭാവം, അധ്യാപകരുടെ നിഷേധാത്മക മനോഭാവം, ക്രിമിനൽ കുറ്റവാളികൾ കൂടുതലായിട്ടുള്ള സ്ഥലങ്ങളിലെ താമസം തുടങ്ങിയവ ലഹരിപദാർഥ അടിമത്തത്തിലേക്ക് വ്യക്തികളെ തള്ളിവിടുന്ന ചില സുപ്രധാന ഘടകങ്ങളാണ്.

എങ്ങനെ നിയന്ത്രിക്കാം?

മയക്കുമരുന്നിന് അടിമകളായവരെ നിയന്ത്രിക്കുക വളരെ പ്രയാസമുള്ളതും അതിസങ്കീർണവുമായ ജോലിയാണ്. ഒരു മനോരോഗ ചികിത്സകനോ മനശ്ശാസ്ത്രജ്ഞനോ സാമൂഹികപ്രവർത്തകനോ ഒറ്റയ്ക്ക് ഏറ്റെടുത്തു നിർവഹിക്കാവുന്ന ഒന്നല്ല അത്. പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള ഒരുകൂട്ടം വ്യക്തികളുടെ കൂട്ടായ പരിശ്രമം ഇതിന് ആവശ്യമാണ്. ആദ്യത്തെ നടപടി ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും ഇവരെ മോചിതരാക്കുകയാണ്. ലഹരിപദാർഥങ്ങൾ നിർത്തലാക്കുകമൂലം പ്രത്യക്ഷപ്പെടുന്ന പിൻവലിയൽ ലക്ഷണങ്ങൾ അനുയോജ്യമായ മരുന്നുകൾ നൽകി ഒഴിവാക്കാവുന്നതാണ്.

പിൻവലിയൽ ലക്ഷണങ്ങൾ

വേണ്ടവണ്ണം നിയന്ത്രണവിധേയമാക്കിക്കഴിഞ്ഞാൽ മനോരോഗ ചികിത്സകനു പ്രത്യേക ചികിത്സാരീതികൾ ഉപയോഗപ്പെടുത്താവുന്നതാണ്. മനശ്ശാസ്ത്ര ചികിത്സ, മനശ്ശാസ്ത്രപരമായ ഉപദേശങ്ങളും നിർദേശങ്ങളും തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്ന ഉത്തരവാദിത്തം മനശ്ശാസ്ത്രജ്ഞനോ വിദഗ്‌ധോപദേശകനോ ഏറ്റെടുക്കാവുന്നതാണ്. വ്യക്തികൾക്ക് പ്രത്യേകമായും കൂട്ടായും മാർഗനിർദേശം നൽകാവുന്നതാണ്. ഇതിനുശേഷം സാമൂഹിക പ്രവർത്തകൾക്ക് ഇവരെ സഹായിക്കാൻ കഴിയും.

വീടുകൾ സന്ദർശിച്ചു ചികിത്സയ്ക്ക് വിധേയരായിട്ടുള്ള വ്യക്തികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ മാർഗനിർദേശങ്ങളും ഉപദേശങ്ങളും നൽകുന്ന ഉത്തരവാദിത്തം സാമൂഹിക പ്രവർത്തകർക്ക് ഏറ്റെടുക്കാവുന്നതാണ്. മയക്കുമരുന്ന് അടിമത്തത്തിനു വിധേയരായിരിക്കുന്നവർക്ക് കുടുംബത്തിലും സമൂഹത്തിലും മാന്യമായ അംഗീകാരവും സ്ഥാനവും നേടിക്കൊടുക്കുന്നതിൽ സാമൂഹികപ്രവർത്തകർക്ക് വളരെയേറെ സഹായങ്ങൾ ചെയ്യാൻ കഴിയും. അടിമത്തത്തിൽനിന്നു മോചനം നേടിയവർക്ക് അനുയോജ്യമായ തൊഴിൽ പരിശീലനം നൽകി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് മടങ്ങിപ്പോകുന്നതിനുള്ള സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള വിവിധതരം ആസൂത്രിത പ്രവർത്തനങ്ങളിലൂടെ മയക്കുമരുന്ന് അടിമകളെ സാമാന്യവ്യവഹാരത്തിന്റെ ഉടമകളാക്കി മാറ്റി സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാവുന്നതാണ്.