വ്യവഹാര പ്രശ്‌നങ്ങൾ; സംഗ്രഹം

ഡോ.മുനവ്വർ

2022 ഡിസംബർ 24, 1444 ജുമാദുൽ ഊല 29

സമൂഹം അംഗീകരിച്ചിട്ടുള്ള വ്യവഹാര നിലവാരവുമായി പൊരുത്തപ്പെടാത്ത വ്യവഹാര മാതൃകകളെ അപസാമാന്യ വ്യവഹാരം എന്നു പറയാവുന്നതാണ്. ജനനം മുതൽ കൗമാരംവരെയുള്ള ജീവിതഘട്ടത്തിൽ ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ വികാസത്തിൽ സംഭവിക്കുന്ന കുറവുകൾ മൂലമുണ്ടാകുന്ന ക്രമരാഹിത്യങ്ങളുടെ കൂട്ടത്തെ വികാസപരമായ ക്രമരാഹിത്യങ്ങൾ എന്നുപറയാവുന്നതാണ്. സമൂഹത്തിന്റെ പ്രതീക്ഷയ്ക്കു നിരക്കാത്ത വിധത്തിലുള്ള കുട്ടികളുടെയോ കൗമാരപ്രായക്കാരുടെയോ പ്രതികരണത്തെയാണ് വ്യവഹാരപ്രശ്‌നമായി കരുതുന്നത്.

ബാല്യകാലത്ത് സാമൂഹികജീവിതക്രമവുമായി ബന്ധപ്പെട്ടു സാമാന്യജീവിതം നയിക്കുന്നതിനു കഴിവില്ലാതെവരുന്ന വികാസപരമായ ഒരു തകരാറാണ് ഓട്ടിസം. ഓട്ടിസവുമായി ബന്ധപ്പെട്ട ഏകാന്തത, ആശയവിനിമയപ്രശ്‌നങ്ങൾ, അനുഷ്ഠാനപരവും ശാഠ്യംപിടിക്കൽ സംബന്ധവുമായ പ്രതിഭാസം, അചേതവസ്തുക്കളോടുള്ള അമിത താൽപര്യം, സംസാരശേഷി വിമന്ദനം, താളാത്മക ചലനപ്രകടനം, വലിയ ശബ്ദത്തോടുള്ള പേടി എന്നിവ ഓട്ടിസം ബാധിച്ചിട്ടുള്ള കുട്ടികളുടെ സ്വഭാവ സവിശേഷതകളാണ്. കുടുംബബന്ധങ്ങളിലെ പരസ്പര പ്രവർത്തനത്തിന്റെ അഭാവം, സിരാസംബന്ധമായ അപസാമാന്യത, ബുദ്ധിക്കുറവ് എന്നിവയാണ് ഓട്ടിസത്തിന്റെ പ്രധാന കാരണങ്ങൾ. പ്രത്യേകതരത്തിലുള്ള വിദ്യാഭ്യാസം, വ്യവഹാര പരിഷ്‌കരണം, രക്ഷാകർത്താക്കൾക്കു നൽകുന്ന മാർഗനിർദേശങ്ങൾ എന്നിവവഴി ഓട്ടിസം ബാധിച്ച കുട്ടികളെ നേർവഴിക്കു കൊണ്ടുവരാവുന്നതാണ്.

ജനനം മുതൽ, അല്ലെങ്കിൽ ശൈശവം, ബാല്യം, കൗമാരം തുടങ്ങിയ മറ്റേതെങ്കിലും ഘട്ടത്തിൽ ഉണ്ടാകുന്ന ബുദ്ധിക്കുറവിനെ അഥവാ സമൂഹത്തിന്റെ പ്രതീക്ഷയ്ക്കനുസരണമായി ഉയർന്നു പ്രവർത്തിക്കാനുള്ള കഴിവില്ലായ്മയെയാണ് മാനസിക വിമന്ദനം എന്നുപറയുന്നത്. മാനസിക വിമന്ദനത്തെ വളരെ ചെറിയതോതിലുള്ളത്, സാമാന്യതോതിലുള്ളത്, കടുത്തതോതിലുള്ളത്, വളരെ കടുത്ത തോതിലുള്ളത് എന്നിങ്ങനെ നാലായി തരംതിരിക്കാവുന്നതാണ്. ഗർഭസ്ഥ ജീവിതഘട്ടത്തിലെ പ്രശ്‌നങ്ങൾ, പ്രസവസമയത്തുള്ള തകരാറുകൾ, ശൈശവത്തിലും ബാല്യത്തിലും ഉണ്ടാകുന്ന അപകടങ്ങൾ, ജനിതക തകരാറുകൾ, സാമൂഹിക-സാംസ്‌കാരികഘടകങ്ങൾ തുടങ്ങിയവ മാനസിക വിമന്ദനത്തിനു കാരണമാകാറുണ്ട്. മാനസിക വിമന്ദനം ബാധിച്ചവരുടെ ഉത്തരവാദിത്തം കുടുംബം ഏറ്റെടുക്കുകയും രക്ഷാകർത്താക്കൾ രോഗനിർണയം അംഗീകരിച്ചുകൊണ്ട് ആവശ്യമായ പരിരക്ഷകൾ നൽകുകയും ചെയ്താൽ മാനസികവിമന്ദനം ഏറക്കുറെ പരിഹരിക്കാവുന്നതാണ്. ചിലപ്പോൾ മാനസിക വിമന്ദനം ബാധിച്ചവരെ പ്രത്യേകസ്ഥാപനങ്ങളിൽ പാർപ്പിക്കേണ്ടിവരും.

സാമൂഹികവൽക്കരണം ഇല്ലായ്മ, മറ്റു വ്യക്തികളോടും സമൂഹത്തോടും സാമൂഹിക മൂല്യങ്ങളോടും ചട്ടങ്ങളോടും കൂറുപുലർത്താൻ കഴിയാതിരിക്കുക, സമൂഹവുമായി കൂടെക്കൂടെ വഴക്കുകളിൽ ഏർപ്പെടുക തുടങ്ങിയവ സാമൂഹികവിരുദ്ധരുടെ ലക്ഷണങ്ങളാണ്. ധാർമികമൂല്യങ്ങളുടെ അഭാവം, ഉൽക്കണ്ഠയും കുറ്റബോധവും ഇല്ലായ്മ, നിരുത്തരവാദിത്തം, ആവേശജനകമായ വ്യവഹാരം, ന്യായീകരണമിടുക്ക്, അധികാരികളെ നിഷേധിക്കലും അനുഭവങ്ങളിൽനിന്നും നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള കഴിവില്ലായ്മയും, സാമൂഹിക ബന്ധത്തോടുള്ള നിസ്സംഗത തുടങ്ങിയവ സാമൂഹിക വിരുദ്ധ വ്യക്തികളുടെ സ്വഭാവ സവിശേഷതകളാണ്. സാമൂഹികവിരുദ്ധ ക്രമരാഹിത്യവ്യക്തിത്വത്തിന്റെ കാരണഘടകങ്ങൾ കുടുംബം, സാമൂഹിക പശ്ചാത്തലം, പഠനത്തിലെ ന്യൂനതകൾ, കേന്ദ്രനാഡീവ്യൂഹത്തിന്റെ അസാധാരണത്വം എന്നിവയാണ്. സാമൂഹികവിരുദ്ധ ക്രമരാഹിത്യവ്യക്തിത്വം പരിഹരിക്കുന്നതിന് വ്യക്തിഗത മനോവിശ്ലേഷണം, സമൂഹചികിത്സ, ഔഷധചികിത്സ, വ്യവഹാരചികിത്സ തുടങ്ങിയ രീതികൾ അവലംബിച്ചുവരുന്നു.

ശരീരത്തിനുള്ളിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒന്നോ അതിലധികമോ ശാരീരികഘടകത്തിന്റെയോ അല്ലെങ്കിൽ മാനസിക ഘടകത്തിന്റെയോ പ്രവർത്തനത്തെ ബാധിക്കുന്ന ഏതൊരു വസ്തുവിനെയും മയക്കുമരുന്ന് (ഔഷധം) എന്നു പറയാവുന്നതാണ്. ലഹരിപദാർഥത്തിന്റെ ഒരു പ്രത്യേക അളവിലുള്ള തുടർച്ചയായ ഉപയോഗംമൂലം ഉണ്ടാകുന്ന കുറഞ്ഞ പ്രതികരണത്തെയാണ് സഹനശക്തി എന്നുപറയുന്നത്. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു ലഹരിപദാർഥം ഉപയോഗിക്കാതിരുന്നാൽ പലതരത്തിലുള്ള അസ്വാസ്ഥ്യങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടും. ഇതിനെ പിൻവാങ്ങൽ ലക്ഷണങ്ങൾ എന്നു പറയും. വ്യക്തിയുടെയും സമൂഹത്തിന്റെയും നാശത്തിനു കാരണമാകുന്ന വിധത്തിൽ ഇടവിട്ടിടവിട്ടുള്ള അല്ലെങ്കിൽ തുടർച്ചയായിട്ടുള്ള ലഹരിയെ അഥവാ മത്തിനെയാണ് ലഹരിപദാർഥ അടിമത്തം എന്നു പറയുന്നത്. സന്തോഷത്തിനുവേണ്ടിയോ അല്ലെങ്കിൽ അസ്വസ്ഥത ഒഴിവാക്കുന്നതിനുവേണ്ടിയോ ഒരു വ്യക്തി തുടർച്ചയായി ലഹരിപദാർഥം ഉപയോഗിക്കുന്നതിനു നിർബന്ധിതനായിത്തീരുന്നതിനെയാണ് മനശ്ശാസ്ത്രപരമായ ലഹരി ആശ്രിതത്വം എന്നു പറയുന്നത്.

ജൈവ രാസഘടകങ്ങൾ,വ്യക്തിത്വ ഘടകങ്ങൾ, സാമൂഹിക-സാംസ്‌കാരിക പാരിസ്ഥിതിക സ്വാധീനത എന്നിവയാണ് വ്യക്തികളെ മയക്കുമരുന്ന് അടിമകളാക്കി മാറ്റുന്ന കാരണഘടകങ്ങൾ. കുടുംബത്തിന്റെയും പ്രത്യേകം വൈദഗ്ധ്യം നേടിയിട്ടുള്ളവരുടെയും സമൂഹത്തിന്റെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമെ ലഹരിപദാർഥ അടിമത്തത്തിനു വിധേയരായിട്ടുള്ളവരെ അതിൽനിന്നു വിമുക്തരാക്കി സാമൂഹികജീവിതത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരാൻ കഴിയൂ.

കുട്ടികളിൽ കണ്ടുവരുന്ന ഒരു വ്യവഹാര പ്രശ്‌നമാണ് അടിസ്ഥാനരഹിത കോപപ്രകടനം. ലജ്ജ, മുഖം വീർപ്പിക്കൽ ശുണ്ഠികാട്ടൽ, ചവിട്ട്, നിലവിളി, ശ്വാസം പിടിച്ചുള്ള കരച്ചിൽ, നിലത്തുകിടന്നുള്ള ഉരുളൽ എന്നീ മാർഗങ്ങളിലൂടെയുള്ള നിയന്ത്രണാതീത കോപപ്രകടനത്തെ അടിസ്ഥാനരഹിത കോപപ്രകടനം എന്നു നിർവചിക്കാവുന്നതാണ്. ശരീരഘടനാപരമായ അപസാമാന്യതകൾ, രക്ഷാകർത്താക്കളുടെ അമിതസംരക്ഷണം, മാതൃക അനുകരിക്കൽ, വൈകാരിക സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് അടിസ്ഥാനരഹിത കോപപ്രകടനത്തിന്റെ പ്രധാന കാരണങ്ങൾ. പൊതുവായിട്ടുള്ള ശരീരപരിശോധന, ശിശുപരിപാലന വ്യവഹാര പരിഷ്‌കരണം, രക്ഷാകർത്താക്കളുടെ വൈകാരിക പക്വത എന്നിവ അകാരണ കോപപ്രകടന നിയന്ത്രണത്തിന് ആവശ്യമാണ്.

മനപ്പൂർവം തെറ്റായ കാര്യങ്ങൾ പറയുക, ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കിപ്പറയുക, കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കത്തക്ക വിധത്തിൽ പറഞ്ഞു ഫലിപ്പിക്കുക, കാര്യങ്ങൾ വളച്ചൊടിച്ചു പറയുക എന്നിവയൊക്കെ ചേർന്നതാണ് കള്ളം പറയൽ. കള്ളം പറയൽ എട്ടു തരത്തിൽ ഉണ്ട്. തമാശയ്ക്ക് പറയുന്ന കള്ളങ്ങൾ, വിചിത്ര കൽപനാ കള്ളങ്ങൾ, തെറ്റിദ്ധരിപ്പിക്കുന്ന കള്ളങ്ങൾ, സ്വാഭിമാനം വളർത്തുന്നതിനുള്ള കള്ളങ്ങൾ, പ്രതികാരാത്മക കള്ളങ്ങൾ, സ്വാർഥ തൽപരമായ കള്ളങ്ങൾ, കൂറു പുലർത്താനുള്ള കള്ളങ്ങൾ, രോഗസംബന്ധിയായ കള്ളങ്ങൾ എന്നിവയാണിവ. കള്ളം പറയൽ സ്വഭാവത്തിന്റെ അടിസ്ഥാന കാരണത്തെക്കുറിച്ചുള്ള അന്വേഷണം, പ്രകോപനപരമായ സന്ദർഭം ഒഴിവാക്കൽ, കള്ളം പറയുന്നവന്റെ കുറ്റസമ്മതം, അനുഗുണ നിർദേശങ്ങൾ, ശിക്ഷ, കുട്ടികളുടെ ആവശ്യങ്ങളുടെ പൂർത്തീകരണം എന്നീ മാർഗങ്ങളിലൂടെ കള്ളം പറയൽ സ്വഭാവത്തെ നിയന്ത്രിക്കാവുന്നതാണ്.

സ്‌കൂളിൽ പോകാതിരിക്കുക, അനുവാദം കൂടാതെ ക്ലാസ്സിൽനിന്നു പുറത്തുപോയി ചുറ്റിക്കറങ്ങുക തുടങ്ങിയ വ്യവഹാരത്തെയാണ് ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറൽ എന്നു പറയുന്നത്. ഒരാളുടെ അറിവോ അനുവാദമോ കൂടാതെ അയാളുടെ ഏതെങ്കിലും വസ്തു എടുത്തുകൊണ്ടുപോകുന്നതിനെയാണ് മോഷണം എന്നു പറയുന്നത്. പത്തു വയസ്സിനും 18 വയസ്സിനും മധ്യെ പ്രായമുള്ള കുട്ടികൾ ചെയ്യുന്ന നിയമലംഘന വ്യവഹാരങ്ങളെ കൗമാരകുറ്റകൃത്യങ്ങൾ എന്നു പറയുന്നു. കൗമാരകുറ്റകൃത്യങ്ങളുടെ കാരണഘടകങ്ങൾ കുടുംബം, സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകൾ, വ്യക്തിത്വം, സാമ്പത്തികം എന്നിവയാണ്. കൗമാര കുറ്റവാളികളെ നിയന്ത്രിച്ചു പുനരധിവസി പ്പിക്കുന്നതിനുള്ള പ്രധാന മാർഗങ്ങളാണ് പരീക്ഷണകാലഘട്ടം അനുവദിക്കൽ, ദുർഗുണ പരിഹാരസ്ഥാപനങ്ങളിൽ അയക്കൽ, മനശ്ശാസ്ത്രരീതി അവലംബിച്ചുള്ള നിയന്ത്രണം എന്നിവ.

(അവസാനിച്ചു)