സുരക്ഷിത ഭക്ഷണം

ഡോ. റസീല

2021 ജനുവരി 08, 1442 ജുമാദൽ ആഖിർ 05

നമ്മള്‍ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമായിരിക്കണം. അതോടൊപ്പം ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കുന്നതായിരിക്കണം. ഇന്ന് ഒരുപാട് പ്രോസസ്ഡ് ഫുഡ് അഥവാ റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. നേരിട്ട് കൃഷി ചെയ്‌തെടുക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഇത്തരം ഫാസ്റ്റ് ഫുഡുകള്‍ക്ക് നല്‍കാനാവില്ല. ഗുണമേന്മകൊണ്ടും പോഷകമൂല്യം കൊണ്ടും സുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷണങ്ങള്‍ക്ക് സാധിക്കണം.

വര്‍ത്തമാന കാലത്ത് ഭക്ഷ്യ സുരക്ഷ നൂറുശതമാനവും ഉറപ്പാക്കുന്നില്ലെന്നതില്‍ സംശയമില്ല. കാരണം ഫുഡ് ഫ്‌ളേവറിങ്ങിനും മറ്റുമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ എത്രത്തോളം ഗുണമേന്മയുള്ളതാണെന്ന് വ്യക്തമല്ല.

പ്രോസസ്ഡ് ഫുഡ് എന്ന വില്ലന്‍

ഇന്ന് പൊതുവെ എല്ലാവരും ജോലിക്ക് പോകുന്നവരാണ്. സമയക്കുറവ് മൂലം പ്രോസസ്ഡ് ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ പരമാവധി ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കുന്നതാണ് നല്ലത്.  ഇതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ന്യൂട്രിയന്റ് സപ്ലിമെന്റുകള്‍. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം സപ്ലിമെന്റുകളെ ആശ്രയിക്കുന്നത് അപകടം വിളിച്ചുവരുത്തും. ശരീരഭാരം കുറയ്ക്കാം, അസുഖങ്ങള്‍ വരില്ല എന്ന പേരില്‍ വിപണിയിലുള്ള ഇത്തരം സാധനങ്ങളുടെ ആധികാരിത പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യം പ്രദാനം ചെയ്യുന്ന ഭക്ഷണ രീതി

ആരോഗ്യമുള്ള ഭക്ഷണരീതിയെ കുറിച്ചുള്ള അറിവില്ലായ്മ ഒരു പ്രശ്‌നം തന്നെയാണ്. ചപ്പാത്തി ആരോഗ്യത്തിന് ഏറ്റവും നല്ലതാണെന്നാണ് പൊതുബോധം. എന്നാല്‍ നമ്മള്‍ കഴിക്കുന്ന കഞ്ഞിയും പയറുമൊക്കെയാണ് ഏറ്റവും നല്ലത്. വീട്ടില്‍ തയ്യാറാക്കുന്ന ചപ്പാത്തി നല്ലതാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന റെഡി ടു കുക്ക് ചപ്പാത്തി ആരോഗ്യത്തിന് അത്ര നല്ലതാവണമെന്നില്ല. അത് എത്ര ദിവസം വെച്ചതായിരിക്കും, അതില്‍ ഫുഡ് ഫ്‌ളേവറുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? ഇതൊന്നും വ്യക്തമല്ലല്ലോ. തുടര്‍ച്ചയായി ഇത്തരത്തില്‍ പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

സമീകൃതാഹാരം

ഹൈ പ്രോട്ടീന്‍ ഡയറ്റ് പിന്തുടരുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്ന ചിന്ത സമൂഹത്തിലുണ്ട്. കുട്ടികള്‍ ജിമ്മില്‍ പോവുകയും വില കൂടിയ പ്രോട്ടീന്‍ പൗഡറുകള്‍ ധാരാളം വാങ്ങി കഴിക്കുകയും ചെയ്യുന്നത് ഇന്ന് പതിവാണ്. പയറുവര്‍ഗങ്ങള്‍, മാംസാഹാരങ്ങള്‍ എന്നിവയില്‍ തന്നെ ധാരാളം പ്രോട്ടീനുണ്ട്. ഒരുപാട് പ്രോട്ടീന്‍, ഇറച്ചി എന്നിവ വലിച്ചുവാരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ചിന്തയാണ് മാറ്റേണ്ടത്. ബാലന്‍സ്ഡ് ഡയറ്റ് അഥവാ സമീകൃത ആഹാരമാണ് കഴിക്കേണ്ടത്. എല്ലാത്തരം പോഷകങ്ങളും ശരീരത്തിന് അത്യാവശ്യമാണ്. ഇതെല്ലാം കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തിയാല്‍ മാത്രമെ കാര്യമുള്ളു. അേപ്പാഴാണ് പ്രതിരോധ ശക്തി ലഭിക്കുക. അതുപോലെതന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്നത്. നല്ല ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്.

വൈറ്റമിന്‍ സി നല്ലതാണെന്ന് പറഞ്ഞ് ധാരാളം ഗുളികകള്‍ വാങ്ങി കഴിക്കണ്ട ആവശ്യമില്ല. നമുക്ക് പ്രാദേശികമായി ലഭ്യമാകുന്ന നെല്ലിക്ക, ചാമ്പയ്ക്ക എന്നിവയില്‍ തന്നെ ധാരാളം വൈറ്റമിന്‍ സി ഉണ്ട്. എന്നാല്‍ നെല്ലിക്ക ധാരാളമായി ഉപയോഗിക്കുന്നതും നല്ലതല്ല. എല്ലാം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.