വ്രതവും രോഗശമനവും

ഡോ. ടി. കെ യൂസുഫ്

2022 ഏപ്രിൽ 16, 1442 റമദാൻ 14

വ്രതം വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണെങ്കിലും രോഗികള്‍ക്ക് ഈ രംഗത്ത് ഇസ്‌ലാം ഇളവ് അനുവദിച്ചിട്ടുണ്ട്. രോഗികള്‍ മറ്റു ദിവസങ്ങളില്‍ അവ നോറ്റുവീട്ടുകയോ തീരെ അവശരാണെങ്കില്‍ ഓരോ നോമ്പിനും പകരം ഒരു സാധുവിന് ഭക്ഷണം നല്‍കുകയോ ചെയ്താല്‍ മതി. എന്നാല്‍ രോഗികള്‍ വിഷമങ്ങള്‍ സഹിച്ചുകൊണ്ട് നോമ്പെടുക്കുകയാണെങ്കില്‍ അതാണ് അവര്‍ക്ക് ഗുണകരം എന്നാണ് ക്വുര്‍ആന്‍ സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു:

‘‘നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. ഞെരുങ്ങിക്കൊണ്ട് മാത്രം അതിന്നു സാധിക്കുന്നവര്‍ പകരം ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായച്ഛിത്തമായി നല്‍കേണ്ടതാണ്. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം’’ (അല്‍ബക്വറ: 184).

രോഗശമനത്തിന് ആക്കംകൂട്ടാന്‍ വ്രതം സഹായകമാണെന്ന് ഒട്ടുമിക്ക വൈദ്യശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്‌നു സീനയുടെ വീക്ഷണപ്രകാരം പഴക്കംചെന്ന രോഗങ്ങള്‍ ശമിക്കണമെങ്കില്‍ ഉപവാസം അനിവാര്യമാണ്. പ്രശസ്ത ജര്‍മന്‍ ഭിഷഗ്വരനായ ഫെഡറിക് ഹോഫ്മാന്‍ ഏതുതരം രോഗികളോടും ഭക്ഷണം വര്‍ജിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. കാരണം ഉപവാസം ആമാശയത്തിന് വിശ്രമം നല്‍കുകയാണ് ചെയ്യുന്നത്. ബാഹ്യ ഇടപെടലുകള്‍ ഇല്ലാതെ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധസംവിധാനം ശക്തമാക്കാന്‍ വ്രതത്തിലൂടെ സാധിക്കും. നോമ്പിലൂടെ ദഹന സംവിധാനത്തിന് വിശ്രമം ലഭിക്കുന്നതുകൊണ്ട് പിന്നീട് പൂര്‍വോപരി സജീവമായി പ്രവര്‍ത്തനക്ഷമമാകാന്‍ അതിന് കഴിയും. രോഗികളെ സംബന്ധിച്ചിടത്തോളം അവരുടെ ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാനുളള കഴിവുണ്ടാകുകയില്ല. രോഗികള്‍ അമിതമായി ഭക്ഷണം അകത്താക്കിയാല്‍ ദഹന സംവിധാനത്തിന് മാത്രമല്ല ശരീരത്തിലെ മുഴുവന്‍ പ്രതിരോധസംവിധാനത്തിന്റെ പ്രവര്‍ത്തനത്തിനും അത് വിലങ്ങുതടിയായി മാറുകയാണ് ചെയ്യുക. അതുകൊണ്ടാണ് പാശ്ചാത്യരും പൗരസ്ത്യരുമായ സകല പ്രകൃതി ചികിത്സകരും രോഗികള്‍ക്ക് ഉപവാസം ശുപാര്‍ശ ചെയ്യാറുളളത്.

വ്രതവും പ്രമേഹവും

നല്ലൊരു ശതമാനം പ്രമേഹരോഗികള്‍ക്കും യാതൊരു പ്രയാസവും കൂടാതെ തന്നെ വ്രതമനുഷ്ഠിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ക്രമാതീതമായി കുറയുന്ന പ്രമേഹ രോഗികള്‍ക്കും പ്രമേഹത്തോടൊപ്പം വേറെയും സങ്കീര്‍ണമായ രോഗങ്ങളുടെ വിഷമമനുഭവിക്കുന്നവര്‍ക്കും നോമ്പെടുക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ മിക്കവാറും പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളവും വ്രതം അവരുടെ രോഗപീഡകളെ ലഘൂകരിക്കുകയാണ് ചെയ്യുന്നത്. റമദാന്‍ വ്രതമനുഷ്ഠിക്കുന്ന ടൈപ്പ്-2 പ്രമേഹബാധിതരില്‍ നടത്തിയ പഠനങ്ങളില്‍നിന്നും വ്രതം അവര്‍ക്ക് യാതൊരു ആരോഗ്യ പ്രശ്‌നവും സൃഷ്ടിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. വ്രതംമൂലം ശരീരഭാരം അല്‍പം കുറയുമെങ്കിലും രക്തത്തിലെ ഹിമോഗ്ലോബിനും പ്രോട്ടീനിനും കാര്യമായ മാറ്റമൊന്നും ദര്‍ശിക്കപ്പെട്ടിട്ടില്ല. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ കാര്യമായ കുറവ് കാണപ്പെടുകയുണ്ടായിട്ടുണ്ട്.

പെപ്റ്റിക് അള്‍സര്‍ (ആമാശയവൃണം) ബാധിച്ച രോഗികളെ സംബന്ധിച്ചിടത്തോളം ഭക്ഷണം കഴിക്കാതിരിക്കുന്നത് അവരുടെ വയറ്റിലെ എരിച്ചില്‍ വര്‍ധിപ്പിക്കാറുണ്ടെങ്കിലും വ്രതം എടുക്കുന്നത് അവരുടെ ആമാശയത്തിലെ അമ്ലത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായകമാകുന്നുണ്ട്. അമ്ലഗുണമുളള ആഹാരങ്ങള്‍ അവര്‍ അത്താഴത്തിന് കഴിക്കരുതെന്ന് മാത്രം. അതുപോലെ മൂത്രാശയത്തിലെ കല്ല്, വൃക്കയുടെ തകരാറ് എന്നീ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് അധികം വെളളം കുടിക്കാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഒരു നോമ്പുകാരന്‍ വെളളം കുടിച്ചില്ലെങ്കിലും അതുകൊണ്ട് മാത്രം അവന്റെ മൂത്രശായത്തില്‍ കല്ല് രൂപപ്പെടുകയോ വൃക്കയുടെ പ്രവര്‍ത്തനം അവതാളത്തിലാകുകയോ ചെയ്യുന്നില്ല. മറിച്ച് വ്രതം വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്രമം നല്‍കുന്നതിലൂടെ അതിനെ പ്രവര്‍ത്തനക്ഷമമാക്കുക യും രോഗങ്ങളില്‍നിന്ന് അതിനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന ജോലിയാണല്ലോ വൃക്ക പ്രധാനമായും നിര്‍വഹിക്കുന്നത്, ഭക്ഷണത്തിലൂടെയാണ് കാര്യമയി മാലിന്യങ്ങള്‍ ശരീരത്തിലെത്തുന്നത്. മനുഷ്യന് അത്യാവശ്യമുളള വൈറ്റമിനുകളും ലവണങ്ങളും അമിതമായാല്‍ വൃക്ക അതിനെ പുറന്തളളുകയാണ് ചെയ്യാറുളളത്. രാസവസ്തുക്കളും വിഷാംശങ്ങളും ഒട്ടും കുറവില്ലാത്ത ‘അതിവേഗ ആഹാരങ്ങള്‍' അകത്താക്കുന്നവരുടെ വൃക്കകളുടെ ജോലിഭാരം വീണ്ടും അധികരിക്കുകയാണ്. എന്നാല്‍ നോമ്പെടുക്കുന്നതിലൂടെ മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടുകൂടി പുറന്തളളപ്പെടുന്ന ഭക്ഷ്യജന്യമാലിന്യങ്ങളിലും കുറവ് വരികയും വൃക്കയുടെ ജോലിഭാരം കുറയുകയും ചെയ്യും. നോമ്പുകാരന്‍ പകല്‍സമയത്ത് വെളളം കുടിക്കാത്തത് കൊണ്ട് അവന്റെ മൂത്രത്തിന് നിറവ്യത്യാസം കാണുമെങ്കിലും ആരോഗ്യത്തിന് അപകടകരമാകുന്ന രൂപത്തില്‍ യാതൊരു ലവണങ്ങളും അതിലൂടെ നഷ്ടപ്പെടുന്നില്ല. തന്നെയുമല്ല, നോമ്പ് തുറന്നതിന് ശേഷം ധാരാളം വെളളം കുടിക്കുന്നതോടുകൂടി വീണ്ടും മൂത്രം തെളിയുകയും ചെയ്യാറുണ്ട്.

രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറക്കാനും അതോടൊപ്പം നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാനും റമദാന്‍ വ്രതം ഏറ്റവും നല്ല ചികിത്സാരീതിയാണ്. കൊളസ്‌ട്രോളിന്റെ അളവ് ക്രമീകരിക്കാന്‍ പ്രഭാതസവാരിയും വ്യായാമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുളളത്. എന്നാല്‍ നോമ്പെടുക്കുന്നവര്‍ പകല്‍സമയത്ത് അത്യാവശ്യമായ ജീവിതവൃത്തികളില്‍ മുഴുകുയാണെങ്കില്‍ അതിലൂടെ അവരുടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനാകും. നോമ്പെടുത്തുകൊണ്ട് പകല്‍ മുഴുവന്‍ ഉറങ്ങിയും വെറുതെയിരുന്നും സമയം കളയുന്നവര്‍ക്ക് ഈ ഗുണം ലഭിച്ചെന്ന് വരികയില്ല. മനുഷ്യന്‍ തന്റെ ഉപജീവനത്തിനായി അധ്വാനിക്കുകയും പാടുപെടുകയും ചെയ്യുന്ന പകല്‍സമയത്താണ് അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയിട്ടുളളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഉപവാസമനുഷ്ഠിച്ച് കൊണ്ട് ഉറങ്ങിയും വെറുതെയിരുന്നും കഴിയുന്നതാണ് മനുഷ്യന് ആത്മീയമായും ആരോഗ്യപരമായും ഉത്തമമെങ്കില്‍ രാത്രി സമയത്തായിയിക്കുമല്ലോ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കേണ്ടിയിരുന്നത്.

റമദാന്‍ വ്രതമനുഷ്ഠിക്കുന്നവരുടെ രക്തത്തിലെ ഹോര്‍മോണ്‍നില പരിശോധിച്ച് നടത്തിയ പഠനങ്ങളിലൊന്നും നോമ്പ് മൂലം അവരുടെ ആരോഗ്യത്തിന് അപകടരമായ എന്തെങ്കിലും സംഭവിക്കുമെന്ന് കണ്ടെത്തിയിട്ടില്ല. കിംഗ് അബ്ദുല്‍അസീസ് യൂണിവേഴ്‌സിറ്റിയിലെ പ്രോഫസറായ ഡോ. മന്‍സൂര്‍ സുലൈമാന്‍ നോമ്പെടുക്കുന്ന സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ വ്രതം അവരുടെ പ്രത്യുത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വ്രതംമൂലം അവരുടെ രക്തത്തിലെ പ്രോജസ്റ്ററോണിന്റെ അളവിന് മാറ്റം സംഭവിക്കാതിരിക്കുകയും പ്രോലാക്ടിന്റെ അളവ് കുറയുന്നതായും കണ്ടെത്തുകയുണ്ടായി. 22 മുതല്‍ 25 വരെ പ്രായമുളള യുവതികളില്‍ അദ്ദേഹം നടത്തിയ പഠനമാണ് സ്ത്രീകളിലെ വന്ധ്യാത പ്രശ്‌നത്തിന് ഒരളവോളം പരിഹാരമാകുന്ന ഈ വസ്തുത വെളിപ്പെടുത്തിയത്.

കരളിലെ കോശങ്ങള്‍ക്ക് വ്രതം ഒരനുഗ്രഹമാണ്. ശരീരത്തിന്റെ ഉപാചയപ്രവര്‍ത്തനത്തില്‍ കരളിനുളള പങ്ക് നിസ്തുലമാണ്. മനുഷ്യശരീരത്തില്‍ ഇത്രയധികം ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന മറ്റുവല്ല അവയവവുമുണ്ടോ എന്ന കാര്യം സംശയമാണ്. അഞ്ഞൂറിലധികം ജീവല്‍പ്രധാന ധര്‍മങ്ങള്‍ അത് നിര്‍വഹിക്കുന്നുണ്ട്. ആയിരത്തിലധികം എന്‍സൈമുകള്‍ നിര്‍മിക്കുന്ന ഒരു സങ്കീര്‍ണ രാസഫാക്ടറിയാണ് കരള്‍. കരള്‍ നിര്‍വഹിക്കുന്ന ധര്‍മങ്ങളില്‍ അധികവും ആഹാരം, ദഹനം, വിസര്‍ജനം എന്നിവയുമായി ബന്ധപ്പെട്ടതാണ്. വ്രതത്തിലൂടെ ഏതാനും മണിക്കൂര്‍ സമയം ശരീരത്തിലേക്ക് ആഹാരപാനീയങ്ങളൊ ന്നും കടന്നുചെല്ലാത്തതുകൊണ്ട് കരളിന് കാര്യമായ വിശ്രമംതന്നെ ലഭിക്കാനിടയുണ്ട്. രക്തത്തിലെ അമിതമായ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി ആവശ്യനുസരണം ഊര്‍ജ പ്രതിസന്ധി തീര്‍ക്കുന്ന പ്രക്രിയയും കരള്‍തന്നെയാണ് നിര്‍വഹിക്കുന്നത്. സദാസമയവും വയറുനിറച്ച് ആഹാരം കഴിക്കുന്നവരുടെ കരള്‍ സംഭരിച്ചുവെച്ച ഊര്‍ജം വിനിയോഗിക്കപ്പെടാതിരിക്കുകയും അത് കരളിന്റെ കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെടുത്തുകയും ചെയ്യും. നോമ്പെടുക്കുന്നവനെ സംബന്ധിച്ചിടത്തോളം പകല്‍ ഏതാനും മണിക്കൂറുകള്‍ കഴിയമ്പോഴേക്കും അത്താഴം ദഹിച്ച് തീരുകയും കരള്‍ തന്റെ ദൗത്യ നിര്‍വഹണത്തില്‍ സജീവമാകുകയും ചെയ്യും.

വിഷനിവാരണമാണ് കരള്‍ നിര്‍വഹിക്കുന്ന ജീവല്‍പ്രധാനമായ മറ്റൊരു പ്രവൃത്തി. ഭക്ഷണത്തിലൂടെയും ഔഷധത്തിലൂടെയും വളരെയേറെ വിഷവസ്തുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും അതിനുപുറമെ ധാരാളം നമ്മുടെ ശരീരത്തില്‍ ആവിര്‍ഭവിക്കുകയും ചെയ്യുന്നുണ്ട്. കരളാണ് ഇവയെയെല്ലാം നിര്‍വീര്യമാക്കുന്നത്. കൂടുതല്‍ വിഷങ്ങള്‍ അകത്തുചെന്നാല്‍ കരളിന് കൂടുതല്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കേണ്ടിവരും. ഇത് തുടര്‍ന്നുപോയാല്‍ കരളിന്റെ ആരോഗ്യം തകരും. മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമായിത്തീരൂകയും ചെയ്യും. നോമ്പെടുക്കുന്നതിലൂടെ കരളിന് ജോലിഭാരം കുറയുകയും തന്മൂലം അതിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുകയും ചെയ്യും. ദഹനപ്രക്രിയയില്‍ പ്രധാന പങ്ക് വഹിക്കുന്ന ആഗ്നേയ ഗ്രന്ഥിക്കും വ്രതത്തിലൂടെ വിശ്രമം ലഭിക്കുകയും ഇന്‍സുലില്‍ ഉത്പാദനം ത്വരിതപ്പെടുകയും ചെയ്യും.

ഇസ്‌ലാം അനുശാസിക്കുന്ന വ്രതം അനുഷ്ഠിക്കുകയാണെങ്കില്‍ അത് നല്ലൊരുശതമാനം രോഗികള്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാറില്ല. പ്രവാചകന്‍ നിര്‍ദേശിച്ചത് പോലെ അത്താഴം അവഗണിക്കാതിരിക്കുകയും അത് പരമാവധി വൈകിക്കുകയും നോമ്പുതുറ സമയമായ ഉടനെ നടത്തുകയും വേണം. അത്താഴസമയത്തും നോമ്പ് തുറക്കുന്ന സമയത്തും അതിനിടയിലുളള ഭക്ഷണ വേളകളിലും അമിതവും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണരീതി പാടെ വര്‍ജിക്കുകയും ചെയ്യേണ്ടതാണ്.

നോമ്പ് ഒരു ആരാധനാകര്‍മമായതുകൊണ്ട് വ്രതമനുഷ്ഠിക്കുന്നവര്‍ അതിന്റെ ആത്യന്തിക ലക്ഷ്യമായ തക്വ്‌വയും ദൈവപ്രീതിയും കരസ്ഥമാക്കുകയാണ് ലക്ഷ്യമാക്കേണ്ടത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതുകൊണ്ടുള്ള ഭൗതിക നേട്ടങ്ങളായ ആരോഗ്യഫലങ്ങള്‍ നാം കാണാതെപോകരുത്. ഇസ്‌ലാമിലെ ആരാധനാകര്‍മങ്ങളിലെല്ലാംതന്നെ ആത്മീയതയോടൊപ്പം ഐഹികമായ ചില നേട്ടങ്ങളും ഒളിഞ്ഞുകിടപ്പുണ്ട് എന്ന സത്യം നമുക്ക് വിസ്മരിക്കാനാവാത്തതാണ്. നമസ്‌കാരത്തിലെ സുജൂദും റുകൂഉം ഹൃദയത്തിന്റെ ജോലിഭാരം കുറക്കുകയും അതിന് വിശ്രമം നല്‍കുകയും ചെയ്യുന്നുണ്ട്. ഹൃദയവിദാനത്തിന് മുകളിലായി സ്ഥിതിചെയ്യുന്ന ശിരസ്സിലേക്ക് രക്തം പമ്പ് ചെയ്യുന്ന ജോലി ഹൃദയത്തിന് അല്‍പം പ്രയാസകരമാണ്. ഇതിന് ആശ്വാസം ലഭിക്കുന്ന ഏക സമയം സുജൂദിന്റെ അവസ്ഥ മാത്രമാണ്. മനുഷ്യന്റെ ഹൃദയഭാരം കുറക്കാന്‍ ഈ അവസ്ഥ വളരെ ഫലപ്രദമാണ്. ഫുട്‌ബോള്‍ കളിയിലും മറ്റും ഗോള്‍ തെന്നിപ്പോയ ആഘാതത്തില്‍ കളിക്കാര്‍ സുജൂദില്‍ കിടക്കുന്നത് പോലെ ദീര്‍ഘ സമയം കിടക്കുന്നത് അവരുടെ ഹൃദയത്തിന് അല്‍പം ആശ്വാസം ലഭിക്കാന്‍ വേണ്ടിയാണ്. ഒരു വിശ്വാസിക്ക് നമസ്‌കാരത്തിലൂടെ പാരത്രിക വിജയത്തോടൊപ്പം ഇത്തരത്തിലുളള ആരോഗ്യഫലം കൂടി നേടാനാകും. അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കിയപ്പോള്‍ ഈ ഭൗതിക നേട്ടം കൂടി പരിഗണിച്ചിട്ടുണ്ട് എന്ന് കാണാനാകും. കാരണം സാധാരണ ഗതിയില്‍ മനുഷ്യന്‍ ഉന്മേഷവാനായിരിക്കുന്ന പ്രഭാത സമയത്ത് രണ്ട് റക്അത്ത് നമസ്‌കാരം മാത്രമാണ് നിര്‍ബന്ധമാക്കിയിട്ടുളളത്. പിന്നീട് ദീര്‍ഘമായ ഒരു ഇടവേളയില്‍ നമസ്‌കാരമൊന്നുമില്ല. ഉച്ചക്ക് മനുഷ്യന്‍ ക്ഷീണിതനാകുമ്പോള്‍ നമസ്‌കാരത്തിന്റെ റക്അത്തിന്റെ എണ്ണം വര്‍ധിച്ച് നലായിമാറുന്നു. അതോടൊപ്പം സുന്നത്തായ നാലോ ആറോ റക്അത്തുകളും അനുശാസിക്കുന്നുണ്ട്. പിന്നീട് മനുഷ്യന്‍ ക്ഷീണിതനാകുകയും അവന്റെ ഹൃദയഭാരം വര്‍ധിക്കുകയും ചെയ്യുന്നതിനുസരിച്ച് നമസ്‌കാരത്തിന്റെ റക്അത്തുകളുടെ എണ്ണം വര്‍ധിക്കുകയും അവയ്കിടയിലുളള ഇടവേള കുറഞ്ഞ് കുറഞ്ഞ് വരികയും ചെയ്യുന്നുണ്ട്. നമസ്‌കാരത്തിന് വേണ്ടി വുദൂഅ് എടുക്കുന്നതും ക്ഷീണമകറ്റി ഉന്മേഷം പ്രദാനം ചെയ്യാന്‍ പര്യാപ്തമാണ്.

ഇസ്‌ലാമിലെ മറ്റു ആരാധനാ കര്‍മങ്ങളായ സകാത്തിനും ഹജ്ജിനുമെല്ലാം ഭൗതികമായ ചില മാനങ്ങള്‍ കൂടിയുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്നത് സ്വര്‍ഗം ലഭിക്കുന്ന വളരെ സവിശേഷമായ ഒരു പുണ്യകര്‍മമാണ്. എന്നാല്‍ യുദ്ധം ചെയത് വിജയിക്കുന്നവര്‍ക്ക് ഗനീമത്ത് സ്വത്തുക്കളും ലഭിക്കാറുണ്ട്. യുദ്ധത്തിന് പോകുന്ന സൈനികര്‍ യുദ്ധാര്‍ജിത സ്വത്ത് പോലുളള ഭൗതിക നേട്ടങ്ങള്‍ ആഗ്രഹിക്കുന്നതിനെ ഇസ്‌ലാം വിരോധിക്കുന്നില്ല. പക്ഷേ, അവരുടെ ആത്യന്തിക ലക്ഷ്യം അതായിത്തീരരുത് എന്ന് മാത്രം. ഇസ്‌ലാമിലെ വിധിവിലക്കുകള്‍ പരിശോധിച്ചാല്‍ മനുഷ്യന് ഐഹികവും പാരത്രികവുമായ നന്മയുളള കാര്യങ്ങള്‍ മാത്രമെ അത് കല്‍പിക്കുകയും വിരോധിക്കുകയും ചെയ്തിട്ടുളളൂ എന്ന് കാണാം. ഇക്കാര്യം ക്വുര്‍ആന്‍ വ്യക്തമാക്കുന്നുമുണ്ട്:

‘‘അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ലവസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്തവസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു’’ (അല്‍അഅറാഫ്:156).