ആരോഗ്യമേഖലയിലെ ചതിക്കുഴികൾ

ഡോ. യാസ്മിന്‍ എം. അബ്ബാസ്, ആമയൂര്‍

2022 ഫെബ്രുവരി 26, 1442 റജബ്  25

വര്‍ത്തമാനകാലത്ത് നമ്മള്‍ ധാരാളമായി കേട്ടുകൊണ്ടിരുന്ന ഒരു പ്രയോഗമാണ് ‘കച്ചവടവത്കരണം’ എന്നത്. ആരോഗ്യമേഖലയും ഇന്ന് കച്ചവടവത്കരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയെക്കുറിച്ചുള്ള അറിവില്ലായ്മയോ അമിതമായ ആശങ്കയോ ഒക്കെ പൊതുജനങ്ങള്‍ ഇൗ രംഗത്ത് ചൂഷണങ്ങള്‍ക്ക് ഇരയാവാന്‍ കാരണമാവുന്നു. മറ്റു അറിവുകള്‍ കരസ്ഥമാക്കുന്നതോടൊപ്പം ആരോഗ്യമേഖലയിലും വ്യക്തമായ ഒരു കാഴ്ചപ്പാട് നേടിയെടുക്കുകയാണെങ്കില്‍ അത് വളരെ ഉപകാരപ്രദമായിരിക്കും.

ആരോഗ്യസംരക്ഷണം

രോഗം പിടിപെട്ട ശേഷം ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതിരിക്കാന്‍ വേണ്ടി ശ്രദ്ധിക്കുന്നതാണ്. ഇത് പ്രയാ സകരമായതും ചികിത്സാ ഭാരം കൂടിയതുമായ അവസ്ഥകളില്‍നിന്നും രക്ഷപ്പെടാന്‍ സഹായിക്കും. ഓരോരുത്തരും അവരവരുടെ അധ്വാനത്തിനനുസരിച്ച് മാത്രം ഭക്ഷിക്കുകയും  ഉപകാരപ്രദമായ വ്യായാമങ്ങള്‍ ചെറുപ്പം തൊട്ട് ശീലിക്കുകയും ചെയ്യുന്നത് നല്ലതാണ്.

30-40 വയസ്സിനു ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു റൂട്ടീന്‍ ചെക്കപ്പ് എടുക്കുന്നത് നല്ലതാണ്.  എന്നാല്‍ അമിതമായ ആശങ്കമൂലം ഇടയ്ക്കിടെ ചെയ്യുന്ന ഹെല്‍ത്ത് ചെക്കപ്പ് ഗുണത്തെക്കാളേറെ ദോഷം ചെയ്യും എന്നും ഓര്‍ക്കുക.

ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയകളെ അവലംബിക്കുമ്പോള്‍

ഇപ്പോള്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് രോഗി സ്വയം ഇന്റര്‍നെറ്റില്‍ തന്റെ രോഗത്തക്കുറിച്ച് അന്വേഷിക്കുകയും ശരിയും തെറ്റുമായ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കുകയും അതനുസരിച്ച് സ്വയം ചികിത്സകളും പരീക്ഷണങ്ങളും ചെയ്യുന്നു എന്നുള്ളത്. യഥാര്‍ഥത്തില്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വിശദീകരണങ്ങള്‍ അവസാന വാക്കല്ല എന്നതും സോഷ്യല്‍ മീഡിയകളില്‍ കാണുന്ന പല കാര്യങ്ങളും ആധികാരികമല്ല എന്നും നാം തിരിച്ചറിയുക.

വ്യത്യസ്ത ചികിത്സകള്‍

നമ്മുടെ നാട്ടില്‍ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ള ഒട്ടേറെ ചികിത്സാരീതികള്‍ ഉണ്ടെന്നും എല്ലാത്തിനും അതിന്റെതായ ഗുണങ്ങളും പരിമിതികളും ഉണ്ട് എന്നുമുള്ള തിരിച്ചറിവ് ഉണ്ടാവുക. ഒരു രോഗലക്ഷണം നമുക്ക് ഉണ്ടാകുമ്പോള്‍ ഏതൊരു ചികിത്സാശാസ്ത്രമാണ് നമുക്ക് ഉത്തമം എന്ന് അന്വേഷിക്കുകയും ശരിയായ ചികിത്സ നേടുകയും ചെയ്യാം. ഇതിന് വിശ്വസ്തനായ ഒരു ഡോക്ടറുടെയോ അല്ലെങ്കില്‍ ഏതെങ്കിലും മെഡിക്കല്‍ ഹെല്‍പ് ഡെസ്‌കിന്റെയോ സഹായം തേടാം.

പരസ്യവാചകങ്ങളില്‍ വീണുപോകാതിരിക്കുക

ആരോഗ്യസംരക്ഷണമാവട്ടെ, വൈദ്യപരിശോധനയാവട്ടെ, ചികിത്സയാവട്ടെ എല്ലാത്തിനും നമ്മെ ആകര്‍ഷിക്കുന്ന പരസ്യങ്ങളുമായി നമുക്ക് ചുറ്റും വല വിരിച്ച് പല എംഎല്‍എം കമ്പനികളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുമുണ്ട്. പരസ്യങ്ങളില്‍ പ്രലോഭിതരാവാതിരിക്കുക.  

പ്രത്യേകിച്ച് ശാരീരിക-മാനസിക തകരാറുകള്‍ ഒന്നുമില്ലാത്ത കുട്ടികള്‍ക്ക് ന്യൂട്രിഷനല്‍ സപ്ലിമെന്റുകളോ  രോഗങ്ങള്‍ ഇല്ലാത്തവര്‍ക്ക് മരുന്നുകളോ ചെക്കപ്പുകളോ ആവശ്യമില്ല എന്ന് നാം തിരിച്ചറിയുക. ഒരു അസുഖം ബാധിച്ചാല്‍ അതിന്റെ സ്വഭാവം, തീവ്രത എന്നിവയനുസരിച്ച്  വിവിധ ചികിത്സാ ശാസ്ത്രങ്ങളെ ഫലപ്രദമായി ഉപയോഗിക്കാം. ഇത് ചികിത്സാഭാരം പരമാവധി  കുറക്കാന്‍ സഹായിക്കും.