സാമൂഹികവിരുദ്ധ വ്യക്തികളും ലഹരിപദാർഥങ്ങളുടെ അടിമത്തവും

ഡോ. മുനവ്വർ

2022 ഒക്ടോബർ 15, 1444 റബീഉൽ അവ്വൽ 18

സാമൂഹികവിരുദ്ധ വ്യക്തിത്വമുള്ളവരെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകാറില്ല. സാമൂഹികവിരുദ്ധരെ നിയന്ത്രിച്ച് സാധാരണ ജീവിതശൈലിയിലേക്ക് വരാൻ അനുയോജ്യമായ ഒരു ചികിത്സാപദ്ധതി ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. സാമൂഹികവിരുദ്ധരിൽ ക്ഷമാശീലം, പ്രതിബന്ധങ്ങള അഭിമുഖീകരിക്കാനുള്ള കഴിവ്, നിശ്ചയദാർഢ്യം എന്നിവ പൊതുവെ വളരെ കുറവായിട്ടാണ് കാണുന്നത്. ഇവരിൽ അപൂർവം ചിലർ ചികിത്സയ്ക്ക് തയാറാകുമെങ്കിലും ശമനം അതിവേഗം വേണമെന്ന് അവർ ശഠിക്കും. അതായത്, സ്വന്തം രക്ഷയ്ക്കുവേണ്ടിപോലും സഹനശക്തിയോടെ കാര്യങ്ങൾ ചെയ്യാൻ ഇവർ തയ്യാറാകില്ല. നിയമപ്രശ്‌നങ്ങളിൽ കുടുങ്ങുകയോ ഗുരുതരമായ കുടുംബ പ്രശ്‌നങ്ങൾ ഉണ്ടാകുകയോ ചെയ്താൽ മത്രമെ ഇവർ ചികിത്സ തേടുകയുള്ളൂ.

സാമൂഹികവിരുദ്ധ വ്യക്തിത്വ ക്രമരാഹിത്യം പരിഹരിക്കുന്നതിനു നാലുവിധത്തിലുള്ള ചികിത്സാരീതികൾ മനോരോഗചികിത്സകർ നിർദേശിക്കാറുണ്ട്. അവ താഴെ വിവരിക്കുന്നു.

(1) വ്യക്തിഗത മനോവിശ്ലേഷണം (Individual Psychotherapy)

രോഗിയെ സ്വതന്ത്രമായി സംസാരിക്കാൻ അനുവദിച്ചു കാര്യങ്ങൾ ഗ്രഹിക്കുന്ന ഒരു പ്രത്യേകതരം ചികിത്സാരീതിയാണിത്. രോഗിക്ക് തന്റെ എല്ലാവിധ പ്രശ്‌നങ്ങളും യാതൊരു തടസ്സവും കൂടാതെ ചികിത്സകനോട് പറയാൻ അവസരം ലഭിക്കുന്നു എന്നതാണ് ഈ രീതിയുടെ സവിശേഷത. ഇത് ഒരുതരം സംഭാഷണ ചികിത്സയാണ്. സംസാരങ്ങളിലൂടെ ചികിത്സകന് രോഗിയുടെ ക്ലേശത്തിനു കാരണമായിട്ടുള്ള അടിസ്ഥാന പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ കഴിയും. ഈ പ്രശ്‌നങ്ങൾ ക്രമേണ പരിഹരിക്കുന്നതിനുള്ള വിദഗ്ധ നിർദേശങ്ങൾ ചികിത്സകൻ നൽകുകയാണ് പതിവ്. ഈ ചികിത്സാസമ്പ്രദായം വിജയിക്കുന്നതിന് രോഗിയുടെ പൂർണമായ സഹകരണം ആവശ്യമാണ്.

(2) സമൂഹ ചികിത്സ (Group Therapy)

സാമൂഹികവിരുദ്ധ വ്യക്തിത്വമുള്ളവരെ പ്രത്യേക ചികിത്സാകേന്ദ്രങ്ങളിലോ ആശുപത്രികളിലോ പ്രത്യേക വാർഡുകളിലോ ഒരുമിച്ചു താമസിപ്പിച്ചു ചികിത്സിപ്പിക്കാവുന്ന രീതിയാണിത്. ചില പരിമിതികൾ ഉണ്ടെങ്കിലും സാമൂഹികവിരുദ്ധരെ ചികിത്സിക്കാൻ ഈ സമ്പ്രദായം ഫലപ്രദമായിട്ടാണ് കണ്ടുവരുന്നത്.

(3) ഔഷധ ചികിത്സ (Drug Therapy)

പ്രത്യേക ഔഷധങ്ങൾ ഉപയോഗിച്ചുള്ള ചികിത്സാരീതിയാണിത്. ആക്രമണകാരികളായിട്ടുള്ള സാമൂഹികവിരുദ്ധർക്ക് പ്രജ്ഞ മന്ദീഭവിപ്പിക്കുന്നതിനുള്ള ചില മരുന്നുകൾ നൽകി ശാന്തരാക്കുന്ന മാർഗമാണിത്. ഇത്തരം ചികിത്സ വളരെ ഫലപ്രദമായിട്ടാണ് കണ്ടുവരുന്നത്. ഈ മരുന്നുകൾ വളരെ അത്യാവശ്യമെന്നു കണ്ടാൽ മാത്രമെ പ്രയോഗിക്കാറുള്ളൂ.

(4) വ്യവഹാര ചികിത്സ (Behaviour Therapy)

അനുഗുണമല്ലാത്ത ശീലങ്ങളെ ദൂരീകരിച്ചു വ്യവഹാരത്തിലും വൈകാരിക പ്രതികരണങ്ങളിലും അനുഗുണമാറ്റങ്ങൾ ഉളവാക്കുന്ന ഒരു ആധുനിക മനശ്ശാസ്ത്ര ചികിത്സാരീതിയാണിത്. ആധുനിക പഠന സിദ്ധാന്തങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണിത്. ഈ ചികിത്സാസമ്പ്രദായത്തിൽ പല പ്രത്യേക സാമഗ്രികളും പ്രയോജനപ്പെടുത്തിവരുന്നു. ഇത്തരം മാർഗങ്ങളിലൂടെ നല്ല സ്വഭാവക്കാരായി മാറുന്നവരെ ചികിത്സയ്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സാമൂഹികവിരുദ്ധർക്ക് ഒരു മാതൃകയായി കാട്ടിക്കൊടുക്കുക എന്നത് ഈ രീതിയുടെ സവിശേഷതയാണ്. അതായത്, ചികിത്സകൊണ്ടു നന്നാകുന്നവരെത്തന്നെ ഒരു ചികിത്സകനായി ഉപയോഗപ്പെടുത്താൻ കഴിയുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഇതുവഴി ഇത്തരക്കാരുടെ തന്നെ ശോചനീയാവസ്ഥയിൽനിന്നുള്ള മോചനവും ഉണ്ടാകും. സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന്റെ ഉടമകളായ പലരും 40 വയസ്സ് കഴിയുന്നതോടെ ചികിത്സകൾ ഒന്നും കൂടാതെ സ്വാഭാവികമായിത്തന്നെ നല്ലവരായി മാറുന്നതിന്റെ ധാരാളം ദൃഷ്ടാന്തങ്ങൾ ഉണ്ട്.

ലഹരി പദാർഥങ്ങളുടെ ഉപയോഗം മൂലമുള്ള അപസാമാന്യതകൾ

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ലോകത്തെ മുഴുവനും ഗ്രസിച്ചിട്ടുള്ള ഒരു വിപത്താണ് മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അമിതമായ ഉപയോഗം. തുടക്കത്തിൽ വികസിതരാഷ്ടങ്ങളെയാണ് ഈ വിപത്ത് ബാധിച്ചിരുന്നത്. ഇന്നു ലോകത്തുള്ള മിക്കവാറും എല്ലാ രാജ്യങ്ങളിലും ഈ വിപത്ത് വ്യാപിച്ചിട്ടുണ്ട്. മയക്കുമരുന്നുകളുടെ അടിമത്തം ഇന്ന് ഒരു ആഗോളപ്രശ്‌നമാണ്.

മയക്കുമരുന്ന് അടിമത്തവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ

(1) ഔഷധം (Drug)

ഒരു മരുന്നിൽ അടങ്ങിയിട്ടുള്ള ഏതൊരു ഘടകവസ്തുവിനെയും ഔഷധം എന്നു പറയാവുന്നതാണ്. ‘ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ഒന്നോ അതിലധികമോ ശാരീരികഘടകത്തിന്റെ അല്ലെങ്കിൽ മാനസിക ഘടകത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വസ്തു’ എന്ന് മരുന്നിനു നിർവചനം നൽകിയിട്ടുണ്ട്. ഈ നിർവചനപ്രകാരം മിക്കവാറും എല്ലാ വ്യക്തികളും മരുന്ന് ഉപയോഗിക്കുന്നവരാണ്. ചാരായം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവർ ധാരാളമാണ്. ഉൽക്കണ്ഠ, വേദന എന്നിവയിൽനിന്നുള്ള മോചനത്തിനായി ഗുളികകൾ കഴിക്കുന്നവർ നിരവധിയാണ്. ചായ, കോഫി എന്നിവയിൽപോലും ഔഷധങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്‌ക്കൊക്കെ പുറമെയാണ് രോഗനിവാരണത്തിനും നല്ല ആരോഗ്യതിനും വേണ്ടി ചികിത്സകർ നിർദേശിക്കുന്ന മരുന്നുകൾ. ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന ലഹരിപദാർഥങ്ങളാണ് കഫിയീൻ (കാപ്പിയിലും തേയിലയിലും അടങ്ങിയിരിക്കുന്ന കയ്‌പേറിയ പാക്യജനക ജൈവവസ്തു), നിക്കോട്ടിൻ (പുകയിലയിൽനിന്നെടുക്കുന്ന വിഷമയമായ ഒരു ക്ഷാരകൽപം), ചാരായം എന്നിവ. കഫിയീൻ, നിക്കോട്ടിൻ, ചാരായം എന്നിവ സാധാരണ ഉപയോഗത്തിലുള്ളവയായതിനാൽ ലഹരിപദാർഥ വ്യവഹാര അപസാമാന്യത ഉണ്ടാക്കുകയില്ല എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഹെറോയിൻ, കൊക്കയിൻ എന്നിവയെപ്പോലെ ഇവയും അപസാമാന്യവ്യവഹാരത്തിനു കാരണമാകാറുണ്ട്.

(2) സഹനശക്തി (Tolerance)

ലഹരിപദാർഥത്തിന്റെ (ഔഷധത്തിന്റെ) ഒരു പ്രത്യേക അളവിലുള്ള തുടർച്ചയായ ഉപയോഗംമൂലം ഉണ്ടാകുന്ന കുറഞ്ഞ പ്രതികരണത്തെയാണ് സഹനശക്തി എന്ന പദംകൊണ്ട് ഇവിടെ അർഥമാക്കുന്നത്. ഉദാഹരണത്തിന്, ഒരു വ്യക്തി ആദ്യമായി ഒരു സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന പ്രതികരണവും നൂറാമത്തെ സിഗററ്റ് വലിക്കുമ്പോഴുണ്ടാകുന്ന പ്രതികരണവും വ്യത്യസ്തമായിരിക്കും. എല്ലാ ലഹരിപദാർഥങ്ങളെ സംബന്ധിച്ചും ഇതു ശരിയാണ്. ഒരേ അളവിലുള്ള പദാർഥം എല്ലാസമയത്തും ഒരേ രീതിയിലുള്ള പ്രതികരണമല്ല ഉണ്ടാക്കുന്നത് എന്നു ചുരുക്കം.

(3) പിൻവലിയൽ ലക്ഷണങ്ങൾ (withdrawal symptoms)

ലഹരിപദാർഥങ്ങളുടെ (മരുന്നുകളുടെ) അടിമത്തവുമായി ബന്ധപ്പെട്ട മറ്റൊരു സങ്കൽപനമാണിത്. ചില ലഹരിപദാർഥങ്ങൾ സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരുന്നാൽ രണ്ടുതരത്തിലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടും; ശാരീരിക ലക്ഷണങ്ങളും മാനസിക ലക്ഷണങ്ങളും. ലഹരിപദാർഥങ്ങളുടെ ആശ്രിതത്വം ശാരീരികമായിട്ടുള്ള വ്യത്യസ്ത അവസ്ഥകൾക്കു കാരണമാകും. ഇതു പ്രസ്തുത ലഹരിപദാർഥത്തിന്റെ തുടർന്നുള്ള ഉപയോഗത്തിനു പ്രേരകമാകും. അത് ഉപയോഗിക്കാതിരുന്നാൽ പലവിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും അല്ലെങ്കിൽ ശാരീരിക ലക്ഷണങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ ലക്ഷണങ്ങൾ പിൻവലിയുന്നതിന് അല്ലെങ്കിൽ ഒഴിവാക്കുന്നതിന് വ്യക്തി, ആ പ്രത്യേക ലഹരിപദാർഥം വീണ്ടും ഉപയോഗിക്കും. കടുത്ത വയറുവേദന, കണ്ണിൽനിന്നും മൂക്കിൽനിന്നും വെള്ളം വരിക, വയർ തകരാറിലാകുക തുടങ്ങിയവ ലഹരി പദാർഥങ്ങളുടെ ഉപയോഗം നിർത്തുന്നതുമൂലമുണ്ടാകുന്ന ശാരീരിക ലക്ഷണങ്ങളാണ്. ഇടവിട്ട് ഇടവിട്ടുള്ള ഉപയോഗത്തിനു വേണ്ടിയുള്ള അത്യാർത്തിയാണ് മാനസിക ലക്ഷണം. സുഖത്തിനു വേണ്ടിയോ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒഴിവാക്കുകയോ ആകും ഉദ്ദേശ്യം.

(4) ലഹരിപദാർഥ അടിമത്തം (Drug Addiction)

വ്യക്തിയുടെ നാശത്തിനോ സമൂഹത്തിന്റെ നാശത്തിനോ അല്ലെങ്കിൽ രണ്ടിന്റെയും നാശത്തിനോ കാരണമാകുന്ന വിധത്തിൽ ഇടവിട് ഇടവിട്ടുള്ള അല്ലെങ്കിൽ തുടർച്ചയായിട്ടുള്ള ലഹരിയെ അഥവാ മത്തിനെയാണ് ലഹരിപദാർഥ അടിമത്തം എന്നു പറയുന്നത്. ഇതിനു മൂന്നു സ്വഭാവസവിശേഷതകൾ ഉണ്ട്. (1) ലഹരിപദാർഥം തുടർച്ചയായി ഉപയോഗിക്കാനുള്ള പ്രേരണ. (2) ക്രമാനുഗതമായി ഉണ്ടാകുന്ന കുറഞ്ഞ പ്രതികരണം. ഇതു കൂടുതൽ കൂടുതൽ പദാർഥം ഉപയോഗിച്ച് പ്രതികരണത്തോത് വർധിപ്പിക്കാനുള്ള പ്രവണത സൃഷ്ടിക്കും. (3) ലഹരിപദാർഥത്തിലുള്ള ആശ്രിതത്വം.

ലഹരിപദാർഥ അടിമത്തത്തെക്കുറിച്ചു നടത്തിയിട്ടുള്ള ചില ഗവേഷണഫലങ്ങൾ ചുരുക്കി താഴെ കൊടുത്തിരിക്കുന്നു:

1. ഒരു വ്യക്തി ഏതെങ്കിലും ലഹരിപദാർഥം തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരുന്നാൽ അതിന്റെ അഭാവത്തിൽ ആ വ്യക്തിക്ക് സാധാരണരീതിയിൽ പ്രവർത്തിക്കുവാൻ കഴിയുകയില്ല.

2. എല്ലാ ലഹരികളും (മരുന്നുകളും) അടിമത്തം ഉണ്ടാക്കുന്നവയല്ല. മസ്തിഷ്‌കത്തിന്റെ പ്രവർത്തനശേഷി കുറയ്ക്കുന്ന ലഹരിപദാർഥങ്ങൾ മാത്രമെ അടിമത്തം സൃഷ്ടിക്കുകയുള്ളൂ.

3. അടിമത്തം സൃഷ്ടിക്കുന്ന ലഹരിപദാർഥങ്ങൾ അവയുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രതികരണശേഷി ക്രമാനുഗതമായി കുറയ്ക്കുന്നവയാണ്.

4. സാധാരണ ഉപയോഗിക്കുന്നതിൽനിന്നും കുറഞ്ഞ അളവിൽ ലഹരിപദാർഥം ഉപയോഗിച്ചാൽ പിൻവലിയുന്ന ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. പിൻവലിയുന്ന ലക്ഷണങ്ങൾ ഉപയോഗിക്കുന്ന ലഹരിപദാർഥത്തിന്റെ അളവിനെയും ഉപയോഗത്തിനിടയ്ക്കുള്ള സമയദൈർഘ്യത്തെയും ആശ്രയിച്ചാണിരിക്കുന്നത്.

മനശ്ശാസ്ത്രപരമായ ലഹരിപദാർഥ ആശ്രിതത്വം

ഏതെങ്കിലും ഒരു ലഹരിപദാർഥത്തെ ഒരു വ്യക്തി അത്യാവശ്യമാണെന്നു കരുതുകയും തന്റെ പ്രവർ ത്തനം പൂർണമായും അതിന്റെ സ്വായത്തമാക്കലിനുവേണ്ടി വിനിയോഗിക്കുകയും ചെയ്യുകയാണെങ്കിൽ അതിനെ മനശ്ശാസ്ത്രപരമായ ലഹരി ആശ്രിതത്വം എന്നു പറയാവുന്നതാണ്. ഈ ലഹരിപദാർഥം അടിമത്തം ഉണ്ടാക്കുന്നതോ അല്ലാത്തതോ ആകാം; സന്തോഷത്തിനു വേണ്ടിയോ അല്ലെങ്കിൽ അസ്വസ്ഥത ഒഴിവാക്കുന്നതിനു വേണ്ടിയോ വ്യക്തി തുടർച്ചയായി ഉപയോഗിച്ചുകൊണ്ടിരിക്കും. ലോകാരോഗ്യ സംഘടന (WHO) എല്ലാത്തരം ലഹരിപദാർഥങ്ങളുടെ ദുർവിനിയോഗത്തെയും ലഹരി ആശ്രിതത്വത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിപരമായ സന്തോഷത്തിനു വേണ്ടിയുള്ള ലഹരിപദാർഥങ്ങളുടെ അമിത ഉപയോഗത്തെയാണ് ലഹരി ദുർവിനിയോഗം എന്നുപറയുന്നത്. ഇതു വല്ലപ്പോഴുമോ അല്ലെങ്കിൽ തുടർച്ചയായോ ഉണ്ടാകാവുന്നതാണ്.

ലഹരിപദാർഥങ്ങളുടെ അടിസ്ഥാനപരമായ കാര്യക്ഷമത

ശാരീരികമായും മാനസികമായും പലവിധത്തിൽ ലഹരിപദാർഥങ്ങൾ മനുഷ്യനെ സ്വാധീനിക്കും. മസ്തിഷ്‌കത്തിന്റെ സാമാന്യ പ്രവർത്തനത്തെ ഇതു ബാധിക്കും. സാഡീവ്യൂഹത്തെ മന്ദീഭവിപ്പിച്ച് അതിന്റെ പ്രവർത്തനശേഷി കുറയ്ക്കാൻ ലഹരിപദാർഥങ്ങൾക്കു കഴിയും. അതിനാൽ ലഹരിപദാർഥങ്ങൾക്ക് മനുഷ്യന്റെ വ്യവഹാരത്തിൽ പ്രകടമായ മാറ്റങ്ങൾ ഉളവാക്കാൻ കഴിയും. ലഹരിപദാർഥങ്ങളുടെ അമിത ഉപയോഗത്താൽ വളരെ കടുത്തരീതിയിലുള്ള ശാരീരിക പ്രത്യാഘാതങ്ങളും ഉണ്ടാകാവുന്നതാണ്.