നോമോഫോബിയ

ഡോ. സഫീറുദ്ദീന്‍ നഗരൂര്‍ (സൈക്കോളജിസ്റ്റ്)

2021 ജനുവരി 22, 1442 ജുമാദൽ ആഖിർ 19

ഇന്നത്തെ മനുഷ്യരിലധികവും ‘നോമോഫോബിക്' ആണ്. വ്യക്തി, കുടുംബ, സാമൂഹ്യ ജീവിതങ്ങള്‍ താളംതെറ്റിയിട്ടും അതിന്റെ യഥാര്‍ഥ കാരണങ്ങള്‍ തിരിച്ചറിയാതെ കൗണ്‍സിലിങ് സെന്ററുകളിലും മാനസികരോഗാശുപത്രികളിലും ക്യൂ നില്‍ക്കുകയാണ് അധികപേരും. മദ്യം, മയക്കുമരുന്ന് പോലെ മറ്റൊരു ലഹരിക്ക് അടിമപ്പെട്ടവരാണ് നോമോഫോബിക്. ആരാണവര്‍?

വ്യക്തി, സാമൂഹ്യ ബന്ധങ്ങള്‍, ജോലി, മറ്റു ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കാള്‍ സമയവും പ്രാധാന്യവും സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന് ഒരാള്‍ നല്‍കുന്നുവെങ്കില്‍ അതിനര്‍ഥം അയാളെ സ്മാര്‍ട്‌ഫോണ്‍ അഡിക്ഷന്‍ ബാധിച്ചിട്ടുണ്ട് എന്നാണ്. അത്തരം അഡിക്ഷന്‍ ‘നോമോഫോബിയ' (Nomophobia) എന്ന് അറിയപ്പെടുന്നു. അതായത് മൊബൈല്‍ഫോണ്‍ തന്നോടൊപ്പം ഇല്ലാത്തതിനെ ഭയപ്പെടുന്ന അവസ്ഥ.

നേര്‍ക്കുനേരെയുള്ള ബന്ധങ്ങളെക്കാള്‍ ഓണ്‍ലൈന്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഒരുതരം രോഗാവസ്ഥയാണ്. നേരമ്പോക്കിനോ വിനോദത്തിനോ വേണ്ടി ഒരു റെസ്‌റ്റോറന്റില്‍ ഒരുമിച്ചു ഭക്ഷണം കഴിക്കാനിരിക്കുന്ന ദമ്പതികള്‍പോലും പരസ്പരവും പരിസരവും മറന്നു മൊബൈലില്‍ കണ്ണും നട്ടിരിക്കുന്നത് പതിവുകാഴ്ചയാണ്. പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനും പഴയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാനും കാല്‍പനികതയില്‍ അധിഷ്ഠിതമായ പരലിംഗ ബന്ധങ്ങള്‍ രൂപപ്പെടുത്താനും ഇന്ന് സ്മാര്‍ട്‌ഫോണ്‍ സഹായകമാണ്. ദീര്‍ഘകാല ബന്ധങ്ങളെക്കാള്‍ ഹ്രസ്വകാല ബന്ധങ്ങള്‍ ഇഷ്ടപ്പെടുന്ന നോമോഫോബിക്കുകള്‍ ഡിസ്‌പോസിബിള്‍ സംസ്‌കാരമാണ് നടപ്പിലാക്കുന്നത്.

വൈവിധ്യമാര്‍ന്ന വിജ്ഞാനത്തിന്റെ ലോകത്തില്‍ സ്മാര്‍ട്ട് ഫോണിലൂടെ/ഇന്റര്‍നെറ്റിലൂടെ മുഴുകുന്നവര്‍ക്ക് അതിലൂടെ ലഭിക്കുന്ന അറിവുകള്‍ പ്രത്യുല്‍പാദനപരമായി ഉപയോഗിക്കാന്‍ നേരം ലഭിക്കാറില്ല. പഠനസമയവും ജോലിസമയവും ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയാതെ ഇന്റര്‍നെറ്റിന്റെ മാത്രം ലോകത്തില്‍ ഒറ്റപ്പെട്ട്, ഉല്‍പാദനക്ഷമത (Productivtiy) നഷ്ടപ്പെട്ടവരായി ഇക്കൂട്ടര്‍ മാറുന്നു. കൂടാതെ യാഥാര്‍ഥ്യലോകത്തെയും അതിലെ ബന്ധങ്ങളെയും അവഗണിക്കുകയും ചെയ്യുന്നു.  സൈബര്‍സെക്‌സില്‍ ഒരിക്കലെങ്കിലും വിരല്‍ അമര്‍ത്താത്തവര്‍ എത്രപേരുണ്ട്? ആഴമുള്ള ആ ലോകത്തിലേക്കിറങ്ങി കരകയറാന്‍ പറ്റാത്തവര്‍ യഥാര്‍ഥ ലൈംഗികതയോടു വെറുപ്പുള്ളവരായി, വൈകാരികാരോഗ്യം നഷ്ടപ്പെട്ട് കുടുംബജീവിതത്തില്‍ പരാജയപ്പെടുന്ന നിരവധി അനുഭവങ്ങള്‍ ഇന്നുണ്ട്.

സൈബര്‍ സെക്‌സ് അഡി ക്ഷന്‍ യഥാര്‍ഥത്തില്‍ റിയല്‍ സെക്‌സ് അഡിക്ഷന്റെ (Real Sex Addiction) മറ്റൊരു പതിപ്പാണ്. ഇതിനു നമ്മുടെ സ്മാര്‍ട്ട് ഫോണുകള്‍ നമുക്ക് എല്ലാ സൗകര്യവും ചെയ്തുതരികയും ആവശ്യമായ സ്വകാര്യത നല്‍കുകയും ചെയ്യുന്നു. യഥാര്‍ഥ സെക്‌സ് അഡിക്ഷനില്‍ നിന്നും സുരക്ഷിതമായൊരു അഡിക്ഷന്‍ തലമാണ് സ്മാര്‍ട് ഫോണുകള്‍ നല്‍കുന്നത്. സമൂഹത്തില്‍ തനിക്കുള്ള മാന്യത, അംഗീകാരം, ആഭിജാത്യം എന്നിവയ്ക്ക് ഒട്ടും പരിക്കേല്‍ക്കാതെ കൊണ്ടുനടക്കാവുന്ന ഒരിനമായതിനാല്‍ പലരും അത് ഇഷ്ടപ്പെടുന്നുണ്ട്. ഇന്ന് ദാമ്പത്യബന്ധങ്ങള്‍ തകരുന്നതിന്റെ വിവിധ കാരണങ്ങളില്‍ പെട്ട ഒരു പ്രധാനകാരണം ഇതാണ്.

ഓണ്‍ലൈന്‍ ഗെയിമുകള്‍, ബിസിനസ്സുകള്‍, സ്‌റ്റോക്ക് വില്‍പന, ഓണ്‍ലൈന്‍ ഷോപ്പിംഗ്, ഓണ്‍ലൈന്‍ ലേലം തുടങ്ങിയവ തൊഴില്‍, സാമ്പത്തിക സംബന്ധിയായ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ധാരാളമായി സൃഷ്ടിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗുകള്‍ കോവിഡാനന്തരം ശക്തിപ്രാപിച്ചിട്ടുണ്ട്. തനിക്ക് അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ ആകര്‍ഷകമായ രീതിയില്‍, തന്റെ മുന്‍പില്‍ വില്‍പനയ്ക്ക് വെക്കുമ്പോള്‍ വിലക്കുറവുണ്ട് എന്നതുകൊണ്ട് മാത്രം വാങ്ങേണ്ടിവരുന്നത് തന്റെ സാമ്പത്തികാസൂത്രണമില്ലായ്മയുടെ ഉദാഹരണമാണ്. ആര്‍ഭാടം, ധൂര്‍ത്ത്, സാമ്പത്തികനഷ്ടം മുതലായവ നാം അറിയാതെ നമ്മിലേക്ക് കടന്നുവരുന്നു.

ലാപ്‌ടോപ്പ്, സ്മാര്‍ട്‌ഫോണ്‍, ടാബ് മുതലായവയോടു നാമുണ്ടാക്കിയ വൈകാരികബന്ധം വളരെ തീവ്രമാണ്. ഇവ എപ്പോഴും നമ്മുടെ കയ്യെത്തും ദൂരത്തുതന്നെയുണ്ടാകും. മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിവസ്തുക്കള്‍ എന്നിവ തലച്ചോറില്‍ Dopamine എന്ന രാസവസ്തു ഉത്പാദിപ്പിച്ച ഒരാളുടെ മാനസികാവസ്ഥ പോലെയാണ് നമ്മുടെ കണ്‍മുന്നിലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ നമ്മില്‍ സൃഷ്ടിക്കുന്ന വൈകാരികതലം. ഏകാന്തത, ഉത്കണ്ഠ, ഡിപ്രഷന്‍, മാനസിക സംഘര്‍ഷം, മറ്റുള്ളവരോട് വെറുപ്പ് (പ്രത്യേകിച്ച് ഇണകളോട്), അകല്‍ച്ച മുതലായവയാണ് പ്രസ്തുത ഉപകരണങ്ങള്‍ സമ്മാനിക്കുന്നത്. സോഷ്യല്‍മീഡിയ എത്രത്തോളം ഉപയോഗിക്കുമോ അത്രത്തോളം ഏകാന്തതയും ഡിപ്രഷനും ഒരാളില്‍ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

എപ്പോഴും ഓണ്‍ലൈനില്‍ കണക്ടഡ് ആയിരുന്നാല്‍ നാം ഷണ്ഡീകരിക്കപ്പെടും. ചിന്തിക്കാനും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സമയം ഇല്ലാതാകും. ഓര്‍മ നഷ്ടപ്പെട്ട്, ഉറക്കം കുറഞ്ഞ്, മാനസികാരോഗ്യം തകര്‍ന്ന്, വൈജ്ഞാനികശേഷി നഷ്ടപ്പെട്ട്, പഠനത്തോടുള്ള താല്‍പര്യം കുറഞ്ഞ് ഒരു ജീവച്ഛവമാകാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നമ്മെ നിര്‍ബന്ധിതരാക്കുന്നുവെങ്കില്‍ നാം നമ്മെത്തന്നെ നശിപ്പിക്കുകയല്ലേ?

‘നിങ്ങളുടെ കൈകള്‍ നിങ്ങള്‍ നാശത്തിലേക്കിടരുത്' (2:195) എന്ന വിശുദ്ധ ക്വുര്‍ആനിന്റെ കല്‍പന എപ്പോഴും നമ്മുടെ ബോധതലത്തിലുണ്ടാകണം