വ്യവഹാര പ്രശ്‌നങ്ങൾ

ഡോ. മുനവ്വർ

2022 ഒക്ടോബർ 29, 1444 റബീഉൽ ആഖിർ 03

ജീവിത സമ്മർദങ്ങളോടുള്ള അനുവർത്തി വ്യാപാരത്തെ അടിസ്ഥാനമാക്കിയാണ് ശിശുലോകത്തെ വീക്ഷിച്ചു കാര്യങ്ങൾ ഗ്രഹിക്കുന്നത്. സ്വിറ്റ്‌സർലൻഡുകാരനായ പ്രശസ്ത മനശ്ശാസ്ത്രജ്ഞൻ ജീൻ പിയാഷേയുടെ അഭിപ്രായത്തിൽ സ്വയംകേന്ദ്രമാക്കി ചിന്തിച്ചുകൊണ്ടാണ് ശിശുക്കൾ തങ്ങളുടെ സംവേദക ചലനങ്ങൾ നിയന്ത്രിക്കുന്നത്. വളർന്നുവരുന്നതനുസരിച്ച് ഈ ലോകത്ത് വേറെയും ആളുകൾ ഉണ്ട് എന്ന വസ്തുത ശിശുക്കൾ മനസ്സിലാക്കും; അതിനു ശേഷമാണ് അമൂർത്തചിന്ത ഉടലെടുക്കുന്നത്. ഈവക കാര്യങ്ങൾ നിശ്ചിതക്രമത്തിലല്ല നടക്കുന്നത്. വളർന്നുവരുന്നതിനനുസരണമായി പല കാര്യങ്ങളിലും ശിശുക്കൾക്ക് സ്വയംപര്യാപ്തത ആർജിക്കേണ്ടതുണ്ട്. മലമൂത്രവിസർജ്യക്രമീകരണം, ലിംഗപരമായിട്ടുള്ള പങ്ക്, മറ്റുള്ളവരുമായിട്ടുള്ള സഹകരണം എന്നിവ ഇവയിൽ ഉൾപ്പെടുന്നു. സാമൂഹികവൽക്കരണത്തിന്റെതായ ഈ ഘട്ടത്തിൽ നിരവധി യഥാർഥ ജീവിത പ്രശ്‌നങ്ങളെയും വികാസപരമായിട്ടുള്ള പ്രതിബന്ധങ്ങളെയും കുട്ടികൾക്ക് നേരിടേണ്ടതായിട്ടുണ്ട്. ഒരു വിഭാഗം കുട്ടികൾക്ക് കടുത്ത വെല്ലുവിളികൾ തന്നെ നേരിടേണ്ടതായി വരുന്നു. വ്യാവഹാരിക പ്രശ്‌നങ്ങൾക്കുപുറമേ വൈകാരിക പ്രശ്‌നങ്ങൾക്കും ഇതു കാരണമാകും.

രക്ഷാകർത്താക്കളുടെയും കുടുംബാംഗങ്ങളുടെയും സമുദായത്തിന്റെയും പ്രതീക്ഷകൾക്കൊത്തുയർന്നിട്ടില്ലാത്ത ശൈശവ പ്രതികരണ മാതൃകകളെ വ്യവഹാര പ്രശ്‌നങ്ങൾ എന്നു നിർവചിക്കാവുന്നതാണ്. ഇത് വ്യവഹാര വ്യതിയാനം അഥവാ വ്യവഹാരക്രമരാഹിത്യമാണ്. പ്രായത്തിനും ലിംഗപരമായ വേർതിരിവിനും സാംസ്‌കാരിക ചിട്ടവട്ടങ്ങൾക്കും അനുയോജ്യമല്ലാത്ത തരത്തിലുള്ളതായിരിക്കും ഇത്തരം വ്യവഹാരങ്ങൾ. വ്യത്യസ്ത സംസ്‌കാരങ്ങളിലും വ്യത്യസ്ത സമൂഹങ്ങളിലും വ്യത്യസ്ത വ്യവഹാരമാതൃകകൾ ആയിരിക്കും നിലനിൽക്കുക. അതിനാൽ ഒരു സമൂഹത്തിൽ തികച്ചും സാമാന്യമായി കരുതുന്ന ഒരു പ്രത്യേക വ്യവഹാരം മറ്റൊരു സമൂഹത്തിൽ പ്രശ്‌നവ്യവഹാരമായി തീരാവുന്നതാണ്. എല്ലാവരുമായും സ്വതന്ത്രമായി ഇടപെടുകയും ആൺകുട്ടികളുമായി കൂട്ടുചേർന്നു നടക്കുകയും ചെയ്യുന്ന അവിവാഹിതയായ ഒരു പെൺകുട്ടിയുടെ വ്യവഹാരം നമ്മുടെ സമൂഹത്തിൽ വിമർശനത്തിനു പാത്രമാകും. എന്നാൽ, പാശ്ചാത്യ രാജ്യത്ത് ഇതേ പ്രായത്തിലുള്ള ഒരു പെൺകുട്ടി ഇപ്രകാരം ചെയ്യാൻ വിസമ്മതിച്ചാൽ അത് അപസാമാന്യവ്യവഹാരമായി കരുതപ്പെടും.

ഒരു കുട്ടിയിൽ ഉണ്ടാകുന്ന വ്യവഹാര അപസാമാന്യത ആ കുട്ടിക്കു മാത്രമല്ല ദോഷം ചെയ്യുന്നത്; രക്ഷാകർത്താക്കൾക്കും കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും സമൂഹത്തിനുതന്നെയും അത് ഉപദ്രവകരമായിത്തീരാവുന്നതാണ്. ആഹാരം നിരസിക്കൽ, കിടക്കയിൽ മുത്രമൊഴിക്കൽ, നഖം കടിക്കൽ, വിരൽ കുടിക്കൽ, മുടി പിഴുതെടുക്കൽ, അസൂയ, ആക്രമണം, പ്രാണികളെ ഉപദ്രവിക്കൽ, സംസാരത്തിൽ വിക്കുപോലുള്ള തകരാറുകൾ, കള്ളം പറയൽ, മോഷണം, സ്വന്തം ജോലിയിൽനിന്നു വഴുതിമാറൽ, അടിസ്ഥാനരഹിത മനോഭാവം വച്ചുപുലർത്തൽ, കൗമാര കുറ്റവാസന തുടങ്ങി നിരവധി തരത്തിലുള്ള വ്യവഹാരപ്രശ്‌നങ്ങൾ കുട്ടികളിൽ കണ്ടുവരുന്നുണ്ട്. പ്രധാനപ്പെട്ട ഏതാനും വ്യവഹാരപ്രശ്‌നങ്ങൾ വിവരിക്കാം.

(1) അടിസ്ഥാനരഹിത കോപപ്രകടനം

മോശമായ പ്രതികരണവും വ്യവഹാരവും ഉളവാക്കുന്ന ശക്തിമത്തായ ഒരു വികാരമാണ് കോപം. ആത്മനിയന്ത്രണം വേണ്ടവണ്ണം സ്വായത്തമാക്കിയിട്ടില്ലാത്തതുകൊണ്ടും ആഗ്രഹങ്ങളുടെ സഫലീകരണം മാറ്റിവയ്ക്കാൻ തയാറാകാത്തതുകൊണ്ടും കുട്ടികൾ ഈ വികാരം കൂടക്കൂടെ പ്രകടിപ്പിക്കും. അതിനാൽ രക്ഷാകർത്താക്കൾ കുട്ടികളുടെ ഏതെങ്കിലും പ്രവൃത്തിയെ തടയുകയോ ആഗ്രഹത്തിനു വിഘാതം സൃഷ്ടിക്കുകയോ ചെയ്താൽ അവർ കോപിഷ്ഠരാകും. ചില ശീലങ്ങളുടെ ആവിഷ്‌കരണത്തിലൂടെയാണ് കോപത്തെ നിയന്ത്രിക്കുന്നതിനുള്ള കഴിവ് ഉണ്ടാകുന്നത്. അതിനാൽ ഈ ശീലങ്ങൾ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽത്തന്നെ വളർത്തിയെടുക്കേണ്ടതുണ്ട്. എന്നാൽ മാത്രമെ വൈകാരികഭാവങ്ങളെ നിയന്ത്രിച്ചു നല്ല വ്യക്തിത്വത്തിന്റെ ഉടമയായി വ്യക്തിക്ക് വളർന്നു വികസിക്കാൻ കഴിയൂ.

ചവിട്ട്, നിലവിളി, ശ്വാസം പിടിച്ചുള്ള കരച്ചിൽ, നിലത്തു കിടന്ന് ഉരുളൽ എന്നീ മാർഗങ്ങളിലൂടെയുള്ള നിയന്ത്രണാതീത കോപ പ്രകടനത്തെ അടിസ്ഥാനരഹിത കോപപ്രകടനം എന്നു നിർവചിക്കാം.ഒരു കുട്ടിയുടെ പ്രതിഷേധത്തിന്റെയും നിരാശയുടെയും ശാരീരിക പ്രകടനമായി ഇതിനെ കരുതാവുന്നതാണ്. അടിസ്ഥാനരഹിത കോപപ്രകടനത്തിന്റെ ഇതര വ്യവഹാര മാതൃകകളാണ് നാണം കാട്ടൽ, മുഖം വീർപ്പിക്കൽ, ശുണ്ഠി കാട്ടൽ എന്നിവ.

2 മുതൽ 4 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ അടിസ്ഥാനരഹിത കോപപ്രകടനം സാധാരണമാണ്. വൈകാരികഭാവങ്ങളുടെ വികാസം ഏറ്റവും ശക്തമായിട്ടുള്ളത് ഈ കാലഘട്ടത്തിലാണ്. എല്ലാ കാര്യങ്ങളും സ്വയം ചെയ്യുവാനുള്ള വെമ്പൽ ഈ കാലഘട്ടത്തിൽ കുട്ടികൾ പ്രകടിപ്പിക്കും. സ്വയം ആഹാരം കഴിക്കുന്നതിനും സ്വയം വസ്ത്രധാരണം ചെയ്യുന്നതിനും ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ നടന്നുപോകുന്നതിനുമൊക്കെ ഇവർ താൽപര്യം പ്രകടിപ്പിക്കും. ഭൂമിയിൽ അവർക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നും ഇല്ലെന്ന ഒരു തോന്നൽ അവരിൽ കാണാം. വളർന്നു മിടുക്കരായി വരാനുള്ള കുട്ടികളുടെ ഈ സ്വാഭാവിക പ്രവണതയെ രക്ഷാകർത്താക്കൾ നിരുത്സാഹപ്പെടുത്തുന്നതായിട്ടാണ് കണ്ടുവരുന്നത്. കുട്ടി കുട്ടിയുടെതായ മാർഗത്തിൽകൂടി ഒരു ജോലി ചെയ്തു തീർക്കുന്നതുവരെ ക്ഷമയോടെ കാത്തു നിൽക്കുവാൻ അവർക്ക് സമയവും സന്ദർഭവും ഉണ്ടായി എന്നു വരില്ല. ഒന്നുകിൽ അവർ കുട്ടികളെ ശകാരിക്കുകയോ അല്ലെങ്കിൽ ഒരു ജോലി എളുപ്പത്തിൽ ചെയ്തു തീർക്കാൻ അവരെ സഹായിക്കുകയോ ചെയ്യും. രക്ഷാകർത്താക്കളുടെ ഇത്തരം പ്രവണത കുട്ടികളിൽ പ്രതിഷേധത്തിനു കാരണമാകുകയും അവർക്കു നിരാശ അനുഭവപ്പെടുകയും ചെയ്യും. ഇതു കോപത്തിലൂടെ അവർ പ്രകടിപ്പിക്കും. ടോയിലറ്റ് ഉപയോഗിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമൊക്കെ ശിശുക്കൾ കോപപ്രകടനം നടത്തുന്നതിനുള്ള കാരണങ്ങളും ഇവയൊക്കെ തന്നെയാണ്.

അടിസ്ഥാനരഹിത കോപപ്രകടനത്തിന്റെ കാരണങ്ങൾ

1) ശാരീരികമായ അപസാമാന്യതകൾ

തെറ്റായ വിധത്തിലുള്ള ആഹാരശീലങ്ങൾ, ഉറക്കമില്ലായ്മ, ആവശ്യത്തിനുള്ള വിശ്രമമില്ലായ്മ, മലമൂത്രവിസർജനം വേണ്ടവിധത്തിൽ നടക്കാതിരിക്കുക തുടങ്ങിയ ശാരീരിക കാരണങ്ങളാൽ കുട്ടികൾ കോപപ്രകടനം നടത്താറുണ്ട്. എപ്പിലപ്‌സി (epilespy), തലയ്ക്ക് ഉണ്ടാകുന്ന ക്ഷതം, അപകടങ്ങൾ, കടുത്ത രോഗങ്ങൾക്കു ശേഷം ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന അവസ്ഥ തുടങ്ങിയ ശരീര ഘടനാപരമായ തകരാറുകളാലും കുട്ടികൾ കോപപ്രകടനം നടത്താറുണ്ട്. ഇവയൊക്കെ അടിസ്ഥാനരഹിതമായ കോപപ്രകടനങ്ങളുടെ ഉദാഹരണങ്ങളാണ്.

2) രക്ഷാകർത്താക്കളുടെ അമിത സംരക്ഷണം

കുട്ടികൾ പൊതുവിൽ ഊർജസ്വലരാണ്. അവർക്ക് സ്വയം പ്രവർത്തിക്കാനും കളിക്കാനുമൊക്കെയുള്ള അവസരങ്ങൾ നിഷേധിച്ചാൽ അസ്വസ്ഥത, ശുണ്ഠി, കോപം തുടങ്ങിയ വിവിധ വികാരങ്ങൾ അവരിൽ ഉടലെടുക്കും. നിസ്സാരകാര്യങ്ങൾക്ക് അമിതമായ തോതിലുള്ള ബഹളം ഉണ്ടാക്കുന്നതും ഇതിന് ഉദാഹരണമാണ്. അമിത സംരക്ഷണം നൽകി വളർത്തുന്ന കുട്ടികളുടെ എന്ത് ആവശ്യവും രക്ഷാകർത്താക്കൾ ഉടൻ സാധിച്ചുകൊടുക്കാറുണ്ട്. കോപപ്രകടനത്തിലൂടെ തന്റെ ചുറ്റുപാടുകളെ കീഴ്‌പ്പെടുത്താമെന്നും ആവശ്യങ്ങൾ സാധിച്ചുകിട്ടുന്നതിന് രക്ഷാകർത്താക്കളെ വരുതിയിൽ നിർത്താമെന്നും അമിതസംരക്ഷണം ലഭിക്കുന്ന കുട്ടികൾ കാലക്രമത്തിൽ മനസ്സിലാക്കും. ഇതിന്റെ ഫലമായി അകാരണ കോപപ്രകടനം ഇവരിൽ വർധിച്ചുവരും, അതുപോലെതന്നെ രോഗവിമുക്തരായി വരുന്ന കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ അധികം രക്ഷാകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. രക്ഷാകർത്താക്കളുടെ ഇത്തരം പ്രവണതയും കുട്ടികളിലെ അകാരണ കോപ പ്രകടന സ്വഭാവത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.

3) മാതൃക അനുകരിക്കൽ

കുട്ടികളിൽ അനുകരണ സ്വഭാവം വളരെ കൂടുതലാണ്. രക്ഷാകർത്താക്കളുടെ ശുണ്ഠിയും പെട്ടെന്നുണ്ടാകുന്ന പ്രകൃതങ്ങളും കുട്ടികൾ അനുകരിക്കും. കുട്ടികൾ ഇത്തരം സ്വഭാവപ്രകടനം നടത്തുമ്പോൾ മറ്റുള്ളവർ ‘അച്ഛന്റെ സ്വഭാവംതന്നെ,’ അമ്മയുടെ സ്വഭാവംതന്നെ’ എന്നൊക്കെ പറയാറുണ്ടല്ലോ. ഇങ്ങനെ പറയുമ്പോൾ രക്ഷാകർത്താക്കൾ അഭിമാനംകൊള്ളാറുണ്ട്. കുടുംബ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കഴിയുമല്ലോ എന്നാണ് അവർ ആശ്വസിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി രക്ഷാകർത്താക്കളുടെ ആഗ്രഹത്തിനനുസൃതമായി അവരെപ്പോലെ ജീവിക്കാൻ കുട്ടികളും പ്രേരിതരാകും.

4) വൈകാരിക സുരക്ഷിതത്വമില്ലായ്മ

മാതാപിതാക്കൾക്ക് തങ്ങളോട് സ്‌നേഹമില്ലെന്നും അവർ തങ്ങളെ തഴഞ്ഞിരിക്കുകയാണെന്നുമുള്ള തോന്നൽ ചിലപ്പോൾ കുട്ടികളിൽ ഉണ്ടാകാം. ഈ തോന്നലിന് യാഥാർഥ്യമുണ്ടോ എന്നു പരിശോധിക്കുന്നതിനും കുട്ടികൾ അകാരണ കോപപ്രകടനം നടത്തും; ഇത് അവർ ബോധപൂർവം ചെയ്യുന്നതായിരിക്കില്ല. ഇത്തരം അവസ്ഥയിൽ വന്നുപെടുന്ന കുട്ടികൾ ‘ആവശ്യമില്ലാതെ ഇങ്ങനെ കോപം ഉണ്ടാകുന്നതുകൊണ്ടു ഞാൻ ചീത്തയാണോ’ ‘അവർ യഥാർഥത്തിൽ എന്നെ ഉപദ്രവിക്കുകയും നശിപ്പിക്കുകയും ചെയ്യുമോ’ എന്നെല്ലാം സ്വയം ചോദിക്കും. ഒരുതരം ഭയം ഇത്തരം കുട്ടികളുടെ അബോധ മനസ്സിൽ മേധാവിത്വം പുലർത്തും. ഈ മാനസികാവസ്ഥ പുലർത്തുന്ന കുട്ടികളെ രക്ഷാകർത്താക്കൾ ഉപദ്രവിക്കുകയോ വല്ല ശിക്ഷയും നൽകുകയോ ചെയ്താൽ അവരുടെ സംശയം ദൃഢീകരിക്കുകയും മാതാപിതാക്കൾക്ക് തങ്ങളോട് ഇഷ്ടമില്ലെന്നും അവർ തങ്ങളെ നശിപ്പിക്കുമെന്നും ഇവർ ഉറച്ച് വിശ്വസിക്കുകയും ചെയ്യും. ഇത്തരം വിശ്വാസം വൈകാരിക സുരക്ഷിതത്വമില്ലായ്മയ്ക്കു കാരണമാകും. മാതാപിതാക്കളിലുള്ള വിശ്വാസം പരീക്ഷിക്കുന്നതിനായി കുട്ടികൾ അകാരണ കോപപ്രകടനം നടത്തുന്നതുമൂലമാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.