അണ്ഡാശയ കുമിളകള്‍

ഡോ. യാസ്മിന്‍ എം. അബ്ബാസ്, ആമയൂര്‍

2022 മാർച്ച് 12, 1442 ശഅബാൻ 9

ഗര്‍ഭാശയത്തിന്റെ രണ്ടു വശ ങ്ങളിലായി സ്ഥിതിചെയ്യുന്ന, ബദാം പരിപ്പിന്റെ ആകൃതിയിലുള്ള സ്ത്രീ പ്രത്യുല്‍പാദന അവയവമാണ് അണ്ഡാശയം അഥവാ ഓവറി. പ്രത്യുല്‍പാദന കോശമായ അണ്ഡങ്ങളുടെ ഉത്പാദനം, വളര്‍ച്ച, സെക്‌സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങി, സ്ത്രീകളുടെ പ്രത്യുല്‍പാദന പ്രവര്‍ത്തനങ്ങള്‍ അണ്ഡാശയങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു.

അണ്ഡാശയ കുമിളകള്‍

4 സെന്റി മീറ്റര്‍ നീളവും 2 സെന്റി മീറ്റര്‍ വീതിയും 1/2 സെന്റി മീറ്റര്‍ കനവും ആണ് അണ്ഡാശയങ്ങളുടെ സാധാരണ വലിപ്പം. ഇതില്‍നിന്നും വലിപ്പം കൂടിവരികയും അണ്ഡാശയങ്ങളില്‍ കുമിളകള്‍ കണ്ടുവരികയും ചെയ്യുന്ന അവസ്ഥയാണ് അണ്ഡാശയ കുമിളകള്‍ അഥവാ പി.സി.ഒ.ഡി.

ഇത്തരം അണ്ഡാശയങ്ങളില്‍ പ്രായപൂര്‍ത്തി ആവാത്തതോ ഭാഗികമായി മാത്രം പ്രായപൂര്‍ത്തി എത്തിയതോ ആയ അണ്ഡങ്ങള്‍ മാത്രമാണ് സാധാരണ ഉദ്പാദിപ്പിക്കപ്പെടുന്നത്. ഇതിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും അമിത ഭാരം, ജംഗ്ഫുഡ്, മാനസിക സമ്മര്‍ദം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവ ചില സാധ്യതാഘടകങ്ങളായി പറയപ്പെടുന്നു.

ലക്ഷണങ്ങള്‍

ആര്‍ത്തവചക്രത്തിലെ വ്യതിയാനം, മുഖക്കുരു, അമിതമായ രോമവളര്‍ച്ച, അമിതഭാരം, വിഷാദം, വന്ധ്യത, ഗര്‍ഭം അലസിപ്പോകല്‍ തുടങ്ങിയവയാണ് പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ഹോര്‍മോണുകളെ കൈകാര്യം ചെയ്യുന്ന ഗ്രന്ഥിയായതിനാല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങളിലുള്ള താളപ്പിഴകള്‍ ശരീരത്തിന്റെ മറ്റു മേഖലകളില്‍ കൂടി ബാധിക്കുന്ന അവസ്ഥയാണ് പി.സി.ഒ.എസ് എന്ന് പറയപ്പെടുന്നത്. ഇത് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാവുന്നു.

ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക

മിക്ക സ്ത്രീകളിലും കൗമാരപ്രായത്തില്‍തന്നെ ലക്ഷണങ്ങള്‍ കണ്ടേക്കാം. വിവാഹശേഷമായിരിക്കും അവര്‍ ആര്‍ത്തവചക്രത്തിലെ ക്രമക്കേടുകള്‍ക്കോ ഗര്‍ഭധാരണം വൈകുന്നതിനോ ഗര്‍ഭം അലസിപ്പോകുന്നതിനോ ഒക്കെയായി ചികിത്സ തേടുന്നത്.

ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുകയാണെങ്കില്‍ അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് വഴി വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നതാണ് പി.സി.ഒ.ഡി. ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സംബന്ധിച്ച് അറിയാനായി രക്തപരിശോധനകളും ഉണ്ട്. നേരത്തെ കണ്ടെത്തുകയാണെങ്കില്‍ സര്‍ജറി ഇല്ലാതെതന്നെ മരുന്നുകളുടെ സഹായത്തോടെ ഇത് മാറ്റിയെടുക്കാവുന്നതാണ്.