സാമൂഹിക വിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം

ഡോ. മുനവ്വർ

2022 ഒക്ടോബർ 1, 1444 റബീഉൽ അവ്വൽ 4

മറ്റുള്ളവരെ പറ്റിക്കുക, കാരണം കൂടാതെ കള്ളം പറയുക, അകാരണമായി മറ്റുള്ളവരെ സംശയിക്കുക, താൽപര്യമില്ലാത്ത രീതിയിൽ മറ്റുള്ളവരോട് പ്രതികരിക്കുക തുടങ്ങിയ സ്വഭാവസവിശേഷതകളുള്ള വ്യക്തികളെ നിങ്ങൾക്ക് പരിചിതമായിരിക്കാം. സ്വാർഥത, നിരുത്തരവാദിത്തം,ആവേശം, കുറ്റബോധമില്ലായ്മ, ശിക്ഷയിൽനിന്നും ഗുണപാഠം പഠിക്കായ്ക തുടങ്ങിയവയാണ് ഇവരുടെ മറ്റു സവിശേഷകൾ. ഇവർ മനോരോഗികളല്ല, ഇവർക്ക് യാഥാർഥ്യത്തെപ്പറ്റി നല്ല ബോധം ഉണ്ടായിരിക്കും. ഇവരെ ഭയപ്പെടേണ്ടതില്ല. ഇവർ ഒന്നിന്റെയും അടിമയുമല്ല. എന്നാൽ, ഇവരുടെ വ്യവഹാരം അസാധാരണമായിരിക്കും. അത് അവർക്കും മറ്റുള്ളവർക്കും ഹിതകരമായിരിക്കില്ല. ഇത്തരത്തിലുള്ള തകരാറുകൾക്കാണ് ‘വ്യക്തിത്വ ക്രമരാഹിത്യം’ എന്നു പറയുന്നത്. ‘സാമൂഹികവ്യക്തിത്വ വൈകല്യം,’ ‘മാനസിക വ്യക്തിത്വവൈകല്യം’ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

1837ൽ ജെ.സി. പ്രിച്ചാർഡ് (J.C. Prichard) ആണ് ഈ ലക്ഷണങ്ങൾ ആദ്യമായി വിവരിച്ചത്. അദ്ദേഹം ഇതിന് ധാർമികഭ്രാന്ത് (moral insantiy) എന്നാണ് നാമകരണം ചെയ്തത്. ധാർമിക അധഃപതനം സംഭവിച്ച ഇത്തരക്കാരുടെ ബുദ്ധിക്ക് യാതൊരു തകരാറും ഇല്ലാത്തതിനാലാണ് അദ്ദേഹം ഇപ്രകാരം നാമകരണം ചെയ്തത്. ഇത്തരം വ്യക്തികൾക്ക് ആത്മസംയമനം ഇല്ല എന്ന് ഇദ്ദേഹം കണ്ടെത്തി, മനോരോഗചികിത്സകർ ഇത്തരം വ്യവഹാരത്തെ ‘ഘടനാപരമായ മാനസിക വൈകല്യ വ്യക്തിത്വം’ (constitutional spychopathic personaltiy) എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. 1920 കളിലാണ് ഇതിനു ‘സാമൂഹിക വൈകല്യ വ്യക്തിത്വം,’ ‘മാനസിക വൈകല്യ വ്യക്തിത്വം’ എന്നീ പേരുകൾ നൽകപ്പെട്ടത്. 1960കളുടെ അവസാനത്തോടെ അമേരിക്കൻ സൈക്ക്യാട്രിക് അസോസിയേഷൻ ആണ് ‘സാമൂഹികവിരുദ്ധ വ്യക്തിത്വം’ (antisocial personaltiy) എന്ന പദം പ്രയോഗിച്ചു തുടങ്ങിയത്. എച്ച്. ക്ലിക്കി (H Clekley) 1964ൽ പ്രസിദ്ധീകരിച്ച് ‘ഭ്രാന്തിന്റെ മുഖംമൂടി’ (The Mask of Sanity) എന്ന ഗ്രന്ഥത്തിൽ സാമൂഹികവിരുദ്ധ വ്യക്തിത്വം വിശദീകരിച്ചിട്ടുണ്ട്. മനോരോഗചികിത്സാരംഗത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ സാമൂഹികവിരുദ്ധ വ്യക്തിത്വം നിർണയിക്കുന്നതിനുള്ള പല മാനദണ്ഡങ്ങളും ഇദ്ദേഹം ആവിഷ്‌കരിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലതാണ് നാണമില്ലായ്മ, സത്യസന്ധതയില്ലായ്മ, ആത്മാർഥതയില്ലായ്മ, വിശ്വാസ്യതയില്ലായ്മ എന്നിവ. സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന്റെ ഉടമകൾക്ക് കുറ്റബോധം അനുഭവപ്പെടാറില്ല. അനുഭവങ്ങളിൽനിന്നും ഇവർ പാഠം ഉൾക്കൊള്ളാറില്ല. ജീവിതത്തെക്കുറിച്ചും ഇവർക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുകയില്ല. അതിനാൽ നമുക്ക് ഇ പ്രകാരം പറയാവുന്നതാണ്: സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന്റെ ഉടമകൾക്ക് സാമൂഹികമാനദണ്ഡം അനുസരിച്ചുള്ള വ്യവഹാരം അസാധ്യ മാണ്. ഇവർക്ക് മറ്റു വ്യക്തികളോടോ സമൂഹത്തോടോ സാമൂഹിക മൂല്യങ്ങളോടോ കൂറു പുലർത്താൻ കഴിയില്ല. ഇവരുടെ വ്യവഹാരങ്ങൾ പലപ്പോഴും സവമൂഹിക വഴക്കുകൾക്ക് കാരണമാവുകയും ചെയ്യും.

സാമൂഹികവിരുദ്ധ വ്യക്തിയുടെ സ്വഭാവസവിശേഷതകൾ

സാമൂഹികവിരുദ്ധ വ്യക്തികളിൽ കണ്ടുവരുന്ന പ്രധാനപ്പെട്ട സ്വഭാവ ലക്ഷണങ്ങൾ താഴെ വിവരിക്കുന്നു. ഒരു പ്രത്യേക വ്യക്തിയിൽ ഈ ലക്ഷണങ്ങൾ അഥവാ സ്വഭാവസവിശേഷതകൾ എല്ലാം ഉണ്ടായിരിക്കണം എന്നില്ല.

1. ധാർമിക മൂല്യങ്ങൾ, ഉൽക്കണ്ഠ, കുറ്റബോധം എന്നിവയുടെ അഭാവം: സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന്റെ ഉടമകൾക്ക് ധാർമികമൂല്യങ്ങൾ മനസ്സിലാക്കുന്നതിനും അതിനു വില കൽപിക്കുന്നതിനും കഴിയുകയില്ല. എന്നാൽ, വാക്കുകളിൽക്കൂടി ഇവർ കടുത്ത ധാർമിക നിഷ്ഠരാണെന്ന് നടിക്കുകയും ചെയ്യും. ഇവർ പറയുന്നത് പൊള്ളവാക്കുകളായിരിക്കും. സമ്മർദം അനുഭവിക്കുന്നതിനു തയാറാകാത്ത ഇവർ ഇവരുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾ മറ്റുള്ളവരോടു വിളിച്ചു പറയും. ദുഃഖങ്ങൾ ആരോടും പറയാതെ മനസ്സിൽ സൂക്ഷിച്ചുവച്ച് വിഷമിക്കുന്ന പതിവ് ഇവർക്കില്ല. ഇവർ മറ്റുള്ളവരോട് ശത്രുത പുലർത്തുകയും ചിലപ്പോൾ അവരെ ആക്രമിക്കുകയും ചെയ്യും. ഇവരുടെ ഇത്തരം പ്രവൃത്തി കളിൽ ഇവർക്ക് ഒരിക്കലും കുറ്റബോധം അനുഭവപ്പെടാറില്ല. ഉൽക്കണ്ഠയുടെ അഭാവം, കുറ്റബോധമില്ലായ്മ എന്നീ സവിശേഷതകളോടൊപ്പം പുറമെ കാണിക്കുന്ന ആത്മാർഥതയും ലാഘവത്വവും നിമിത്തം മോഷണം തുടങ്ങിയുള്ള ഇവരുടെ തെറ്റുകുറ്റങ്ങളിൽ മറ്റുള്ളവർ ഇവരെ സംശയിക്കാറില്ല.

2. നിരുത്തരവാദപരവും ആവേശജനകവുമായ വ്യവഹാരം: സാമൂഹികവിരുദ്ധ വ്യക്തിത്വം പുലർത്തുന്നവർ മറ്റുള്ളവരുടെ അവകാശങ്ങൾ, ആവശ്യങ്ങൾ, നന്മ എന്നിവയ്ക്ക് യാതൊരുവിധ പരിഗണനയും നൽകുന്നതല്ല. ഇവരിൽ അധികം പേരും കള്ളം പറയുന്നവരാണ്. സ്വപ്രയത്‌നത്തിലൂടെ ജീവിതമാർഗം കണ്ടെത്തുന്നതിനുപകരം മറ്റുള്ളവരിൽനിന്നും അതു തട്ടിയെടുക്കാൻ ഇവർ മിടുക്കരാണ്. സന്തോഷകരവും രോമാഞ്ചജനകവും ആയിട്ടുള്ള കാര്യങ്ങളോട് അമിത താൽപര്യം കാട്ടുന്ന ഇവർ കീഴ്‌നടപ്പുകൾക്കു വിപരീതമായി ചിന്തിക്കാതെ ആവേശത്തിമിർപ്പിൽ നിയമലംഘനങ്ങളിലും ഏർപ്പെടാറുണ്ട്. മുൻകാലങ്ങളെപ്പറ്റിയോ ഭാവിയെപ്പറ്റിയോ ചിന്തിക്കാതെ അപ്പോഴത്തെ സുഖത്തിനും നേട്ടത്തി മായിരിക്കും ഇവർ തങ്ങളുടെ വ്യവഹാരങ്ങളിൽ മുൻതൂക്കം നൽകുക

3. ഉപരിപ്ലവതയും ന്യായീകരണ മിടുക്കും: സാമൂഹികവിരുദ്ധ വ്യക്തിത്വത്തിന്റെ ഉടമകളായിട്ടുള്ള പലരും മറ്റുള്ളവരിൽ മതിപ്പുളവാക്കാനും സ്‌നേഹിക്കാൻ കൊള്ളാവുന്നവരാണെന്നു വരുത്തിത്തീർക്കാനും നല്ലവരാണെന്ന് പറയിക്കാനും കഴിയുന്നവരാണ്. നിർദോഷമായി തോന്നുന്ന അവരുടെ പ്രകൃതം അവർക്ക് ധാരാളം സുഹൃത്തുക്കളെയും ഉണ്ടാക്കിക്കൊടുക്കും. ചിലപ്പോഴൊക്കെ തമാശകളും മറ്റും പറഞ്ഞു മറ്റുള്ളവരെ രസിപ്പിക്കാൻ കഴിയുന്ന ഇവർ തങ്ങളുടെ ജീവിതവീക്ഷണം സന്തോഷകരമാണെന്നു വരുത്തിത്തീർക്കാനും ശ്രമിക്കും. ഇവർ ചെയ്യുന്ന കള്ളങ്ങളും തെറ്റുകളും ഏതെങ്കിലും വിധത്തിൽ കണ്ടുപിടിക്കപ്പെട്ടാൽ ആത്മാർഥത നിറഞ്ഞു തുളുമ്പുന്ന വിധത്തിൽ ഖേദപ്രകടനം നടത്താനും ഇവർ മടിക്കുകയില്ല. ഇവർ എളുപ്പത്തിൽ ക്ഷമ ചോദിക്കുകയും അത്തരം കുറ്റങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും; എന്നാൽ, ഇതെന്നും ആത്മാർഥതയോടെ ചെയ്യുന്നതോ പറയുന്നതോ ആയിരിക്കില്ല. മറ്റുള്ളവരുടെ കുറവുകളെപ്പറ്റിയും ആവശ്യങ്ങളെപ്പറ്റിയും നല്ല ഉൾക്കാഴ്ച പുലർത്താൻ കഴിയുന്ന ഇവർ അവയെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്യും. തങ്ങൾ ചെയ്യുന്ന സാമൂഹികവിരുദ്ധ പ്രവൃത്തികളുടെ ഉത്തര വാദിത്തം മറ്റുള്ളവരുടെമേൽ കെട്ടിവച്ച് അതിനെ യുക്തിപൂർവം ന്യായി കരിക്കുവാൻ ഇവർ സമർഥരാണ്. അങ്ങനെ മറ്റുള്ളവരെയും തന്നെത്തന്നെയും തങ്ങൾ കുറ്റവിമുക്തരാണെന്നു ബോധ്യപ്പെടുത്താൻ ഇവർക്കു കഴിയും.

4. അധികാരികളെ നിഷേധിക്കലും അനുഭവങ്ങളിൽനിന്നും നേട്ടങ്ങൾ കൈവരിക്കുന്നതിനുമുള്ള കഴിവില്ലായ്മയും: നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും തങ്ങൾക്ക് ബാധകമല്ല എന്ന വിധത്തിലാണ് സാമൂഹികവിരുദ്ധ വ്യക്തിത്വം പുലർത്തുന്നവരുടെ വ്യവഹാരരീതി. ഭരണാധികാരികളെ മനഃപൂർവം ധിക്കരിക്കണമെന്നുള്ള ഇവരുടെ ആഗ്രഹത്തിന്റെ പ്രതിഫലനങ്ങളാണ് ആവേശകരമായ എടുത്തുചാട്ടങ്ങൾ, ശത്രുത, കുറ്റകരമായ പ്രവൃത്തികൾ എന്നിവ.ചിലർ കൗമാര കുറ്റകൃത്യങ്ങളിലേക്കും ശിക്ഷാർഹമായ മറ്റു പ്രവൃത്തികളിലേക്കും വഴുതിപ്പോകാറുണ്ട്. എന്നാൽ ഇവർ സ്ഥിരം കുറ്റവാളികൾ ആയിത്തീരണമെന്നില്ല. ഇതിന്റെയൊക്കെ ഫലമായി ധാരാളം ബുദ്ധിമുട്ടുകളും ശിക്ഷകളും അനുഭവിക്കേണ്ടിവന്നാലും ഒന്നും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ ഇവർ ഇവരുടെ പ്രവർത്തനശൈലി പിന്തുടരുകതന്നെ ചെയ്യും. സാമൂഹികവിരുദ്ധ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന തോന്നലാണ് ഇവർ വച്ചുപുലർത്തുക.

5. സാമൂഹികമായ പരസ്പര ബന്ധത്തോടുള്ള നിസ്സംഗത: സാമൂഹികവിരുദ്ധ വ്യക്തിത്വം ഉള്ളവർ മറ്റുള്ളവരുടെ ഇഷ്ടവും സ്‌നേഹബന്ധവും പിടിച്ചുപറ്റുന്നതിൽ ആദ്യം വിജയിക്കും. എന്നാൽ പിന്നീട് ഈ ബന്ധം നിലനിർത്തുവാൻ അവർക്ക് കഴിയാതെ വരും. ഇവരുടെ വ്യവഹാരങ്ങളിൽ ചിലപ്പോഴൊക്കെ കണ്ടുവരാറുള്ള ഉത്തരവാദിത്തമില്ലായ്മ, അനുകമ്പയില്ലായ്മ, നന്ദിയില്ലായ്മ, പശ്ചാത്താപമില്ലായ്മ, ബുദ്ധിസ്ഥിരതയില്ലാത്ത വിധത്തിലുള്ള പെരുമാറ്റം എന്നിവയാണ് ഇതിനുള്ള കാരണങ്ങൾ. സ്‌നേഹം എന്താണെന്നു ഗ്രഹിക്കാനും അതിനെ വിലമതിക്കാനും കഴിയാത്ത ഇവർക്ക് മറ്റുള്ളവരോട് സ്‌നേഹം പ്രകടിപ്പിക്കാനും കഴിയാറില്ല.

(തുടരും)