അവധിക്കാലം; കുട്ടികള്‍ കളിച്ചുവളരട്ടെ

ഡോ. യാസ്മിന്‍ എം. അബ്ബാസ്, ആമയൂര്‍

2022 ഏപ്രിൽ 02, 1442 റമദാൻ 01

കോവിഡ് പൂര്‍ണമായി നമ്മെ വിട്ടുപോയിട്ടില്ലെങ്കിലും അതിന്റെ കൂടെ ജീവിക്കാന്‍ നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. രക്ഷിതാക്കള്‍ വളരെ ക്രിയാത്മകമായി ഇടപെടേണ്ട ഒരു അവധിക്കാലത്തിന്റെ പടിവാതില്‍ക്കലാണ് നാം എത്തിനില്‍ക്കുന്നത്. കാരണം ഓണ്‍ലൈന്‍ ജീവിതം അത്രമേല്‍ നമ്മുടെ കുട്ടികളെ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. സ്‌കൂളുകള്‍ തുറന്ന് പഴയപോലെ ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും മൊബൈലിന്റെ ലോകം അവരിലുണ്ടാക്കിയ മാറ്റങ്ങളില്‍നിന്ന് അവര്‍ മുക്തരായിട്ടില്ല.

പുതുതലമുറയിലെ കുട്ടികളില്‍ വലിയൊരു വിഭാഗവും വളരെയധികം ഉള്‍വലിഞ്ഞവരായിക്കൊണ്ടാണ് വളര്‍ന്നുവരുന്നത്. മാതാപിതാക്കളുടെ തിരക്കുകളും രോഗങ്ങളെക്കുറിച്ചോ അപകടങ്ങളെക്കുറിച്ചോ ഉള്ള രക്ഷിതാക്കളുടെ അമിതമായ ആശങ്കകളും സാങ്കേതികവിദ്യയുടെ കടന്നുകയറ്റവുമെല്ലാം നമ്മുടെ കുട്ടികളെ സ്‌ക്രീന്‍വെളിച്ചത്തിന് മുന്നില്‍ മാത്രമായി ഒതുക്കിയിരിക്കുന്നു. കോവിഡ് കാലം അതിന് ഒന്നുകൂടി ആക്കംകൂട്ടുകയും ചെയ്തു.

കുട്ടികള്‍ ക്ലാസ്സ്മുറിയിലും വീടിന്റെയുള്ളിലും ഒതുങ്ങിക്കൂടേണ്ടവരല്ല. അവര്‍ പുറത്തിറങ്ങി കളിക്കുകയും ചെയ്യട്ടെ. അത് കുട്ടികളുടെ സകല മേഖലയിലുമുള്ള വളര്‍ച്ചയെ കാര്യമായി സ്വാധീനിക്കുന്നുണ്ട് എന്ന് നാം തിരിച്ചറിയണം.

1. വിശപ്പ്, ദഹനം, ഉറക്കം എന്നിവയെ മെച്ചപ്പെടുത്തുന്നു. കായിക വിനോദങ്ങള്‍ കുട്ടികളില്‍ വിശപ്പുണ്ടാക്കുകയും അങ്ങനെ അവര്‍ ആവശ്യത്തിന് ഭക്ഷണം കഴിക്കുകയും അവരുടെ ദഹനവും ഉറക്കവും സുഗമമാക്കുകയും ചെയ്യുന്നു.

2. കായികശേഷിയും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

3. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. അല്‍പം മണ്ണും വെള്ളവും വെയിലുെമാ ക്കെയായി ഇടപഴകിയുള്ള കളികള്‍ കുട്ടികളില്‍ സ്വാഭാവിക പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

4. പ്രകൃതിയോട് അടുപ്പമുണ്ടാക്കുന്നു. പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുവളര്‍ത്തുന്നതിലും വേനല്‍ക്കാലത്ത് പക്ഷികള്‍ക്കു കുടി വെള്ളം ഒരുക്കുന്നതിലുമെല്ലാം കുട്ടികളെ പങ്കാളികളാക്കുക. ഇതെല്ലാം അവര്‍ക്ക് പ്രകൃതിയെ പരിചയപ്പെടാനും സ്‌നേഹിക്കാനും സഹായകമാകും.

5. വ്യക്തിത്വവികാസത്തിന് ഉപകരിക്കുന്നു. അയല്‍പക്കത്തെയും കുടുംബത്തിലെയും കുട്ടികളുമൊന്നിച്ചുള്ള സംഘടിത കളികള്‍ സഹകരണം, അനുസരണം, നേതൃത്വം, പങ്കാളിത്തം തുടങ്ങി ഒട്ടേറെ സാമൂഹിക മര്യാദകള്‍ ആര്‍ജിച്ചെടുക്കാന്‍ സഹായിക്കുന്നു.

കൂട്ടിലടച്ച കിളികളെയും അലങ്കാരച്ചെടികളെയും മാത്രം കണ്ടുവളര്‍ന്ന നമ്മുടെ മക്കള്‍ക്ക് യഥാര്‍ഥ പ്രകൃതി എന്തെന്ന് മനസ്സിലാവാനും ഒരു മുള്ളുകുത്തിയ വേദനയില്‍നിന്നും മാവിലേക്ക് കല്ലെറിയുമ്പോള്‍ വല്ലിപ്പ ശാസിക്കുന്നതില്‍നിന്നുമെല്ലാം ഒരുപാട് കര്യങ്ങള്‍ പഠിക്കാനുമുണ്ട്. അതിനാല്‍ അവര്‍ കളിച്ചുവളരട്ടെ.