വൃത്തിയുള്ള സമൂഹം

ഡോ. യാസ്മിൻ എം. അബ്ബാസ് ആമയൂർ

2022 ജൂലായ് 16, 1442 ദുൽഹിജ്ജ 16

വൃത്തി വിശ്വാസത്തിന്റെ പകുതിയാകുന്നു’ എന്ന നബിവചനം കേൾക്കാത്തവരുണ്ടാകില്ല. മുസ്‌ലിംകൾ യഥാവിധം ഈ നബിവചനം ഉൾകൊണ്ട് ജീവിക്കുകയാണെങ്കിൽ ഓരോ വ്യക്തിയും അതുവഴി ഓരോ വീടും ശുചിത്വമുള്ളതായി മാറുമായിരുന്നു. ശുചിത്വമുള്ള വ്യക്തികളും കുടുംബങ്ങളുമുണ്ടെങ്കിലേ നാട് ശുചിത്വമുള്ളതായി മാറുകയുള്ളൂ.

നബി ﷺ യുടെ മാതൃക

അജ്ഞാനകാലത്തെ ഇരുളിലാണ്ട ജനതയെ ഏറ്റവും ഉത്തമ സമൂഹമായി മാറ്റിയെടുക്കത്തക്കവിധം മാതൃകാപരമായിരുന്നു നബി(സ)യുടെ ജീവിതവും അധ്യാപനങ്ങളും. മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ശാരീരികശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും നബി ﷺ  സമൂഹത്തെ പഠിപ്പിച്ചു.

മഹാമാരികൾ പിടിപെടാതിരിക്കാൻ കൈകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഇന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകാനും ഭക്ഷണശേഷം വായ കഴുകാനും നബി ﷺ  ഉപദേശിക്കുന്നതായി കാണാം.

ഭക്ഷണത്തിലേക്ക് ഊതാനോ നിശ്വസിക്കാനോ പാടില്ല, പാത്രങ്ങൾ അടച്ചുവെക്കണം എന്നൊക്കെ നബി ﷺ  പഠിപ്പിച്ചിട്ടുണ്ട്. മലമൂത്ര വിസർജന സമയത്ത് മറ സ്വീകരിക്കുക, ഇരുന്നുകൊണ്ട് നിർവഹിക്കുക, വസ്ത്രം ഉയർത്തിപ്പിടിക്കുക, ശരീരത്തിലേക്കോ വസ്ത്രത്തിലേക്കോ തെറിക്കുന്നത് സൂക്ഷിക്കുക, വഴിയിലോ തണലിലോ കെട്ടിനിൽകുന്ന വെള്ളത്തിലോ വിസർജിക്കാതിരിക്കുക, ഇടതുകൈകൊണ്ട് വൃത്തിയാക്കുക തുടങ്ങിയ ഉപദേശങ്ങൾ വൃത്തിയുടെ പ്രാധാന്യം അറിയിക്കുന്നതാണ്.

ദൈവസ്മരണയോടെ ഉറങ്ങാൻ കിടക്കുവാൻ ഉപദേശിക്കുന്ന പ്രവാചകൻ വിരിപ്പുകൾ കുടയാനും വൃത്തിയോടെ വിരിപ്പിലേക്ക് പ്രവേശിക്കുവാനും ഉറക്കമുണർന്നാൽ കൈയും വായയും വൃത്തിയാക്കുവാനും നിർദേശിക്കുന്നുണ്ട്. ഗുഹ്യരോമം നീക്കം ചെയ്യുക, നഖം മുറിക്കുക തുടങ്ങി വൃത്തിയുടെ സകല പാഠങ്ങളും നബി  ﷺ  പഠിപ്പിച്ചിട്ടുണ്ട്.

മക്കളെ ശുചിത്വബോധമുള്ളവരായി വളർത്തുക

ഒരു കുട്ടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അനുയോജ്യമായ ശുചിത്വ ശീലങ്ങൾ നാം അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട്. നാം നിസ്സാരമായി കണക്കാക്കുന്ന പല ശീലങ്ങളും ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെയും അതുപോലെ ഒരു നാടിന്റെ ആരോഗ്യരംഗത്തെയും കാര്യമായി സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെയാണ്.

മക്കളെ പ്രവാചകചര്യകൾ ചെറുപ്പം തൊട്ടേ പഠിപ്പിക്കണം. തന്റെ ദൈനംദിന കാര്യങ്ങളിൽ അടുക്കും ചിട്ടയും ഉണ്ടാക്കിയെടുക്കാനും കുട്ടികളെ ശീലിപ്പിക്കേണ്ടതുണ്ട്. തന്റെ വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവയെല്ലാം വേർതിരിച്ച് നിർദേശിക്കപ്പെട്ട സ്ഥലങ്ങളിൽ അടുക്കിവെക്കാൻ അവരെ ശീലിപ്പിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷ ധരിക്കാനും വൃത്തിയായി വസ്ത്രം ധരിക്കാനും മുടി ചീകിയൊതുക്കാനും അവരെ പ്രാപ്തരാക്കണം.

തന്റെ ശരീരവും വീടും പരിസരവും സൂക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന ബോധവും അവരിൽ വളർത്തിയെടുക്കുക. ചപ്പുചവറുകൾ വീടിനകത്തും പുറത്തും അലക്ഷ്യമായി ഇടാൻ പാടില്ലെന്ന ബോധം അവരിലുണ്ടാക്കണം. അതിന് വീട്ടിലുള്ളവർ ആദ്യം മാതൃകയാവണം. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ ആരും കാണാതെ അയൽവാസിയുടെ പറമ്പിലേക്ക് വലിച്ചെറിയുന്ന മാതാപിതാക്കൾ മക്കൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നു തിരിച്ചറിയുക.