ഗർഭിണികളെ പരിഗണിക്കുക

ഡോ. യാസ്മിൻ എം. അബ്ബാസ്, ആമയൂർ

2022 മെയ് 28, 1442 ശവ്വാൽ 26

കുടുംബത്തിലുള്ളവർ ഒരു കുഞ്ഞ് ജനിച്ചതിന് ശേഷമാണ് ആ കുഞ്ഞിനെ പരിഗണിക്കുന്നത്, എന്നാൽ ഗർഭിണിയായ ഒരു സ്ത്രീ താൻ ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ തന്റെ കുഞ്ഞിനെ പരിഗണിക്കാൻ തുടങ്ങുന്നു. അവൾ ഒരിക്കലും തന്റെ കുഞ്ഞിനെക്കുറിച്ച് അശ്രദ്ധയിലാവുന്നില്ല എന്നതാണ് വാസ്തവം. ഗർഭിണിയാണ് എന്നറിയുന്നതോടെ അവളുടെ മനസ്സും ശരീരവും കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങുകയായി.

പ്രയാസത്തിനുമേൽ പ്രയാസം

37 മുതൽ 40 ആഴ്ചവരെയാണ് സാധാരണയയി ഒരു ഗർഭകാലഘട്ടം. ഈയൊരു കാലയളവിൽ അല്ലാഹു ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽവെച്ച് പുതിയ ഒരു ജീവനെ വളർത്തിയെടുക്കുകയാണ്. ഇതിനായി നടക്കുന്ന വളരെ സങ്കീർണമായ പ്രക്രിയകൾ ഒരു സ്ത്രീയുടെ മാനസിക-ശാരീരിക തലങ്ങളെയെല്ലാം കാര്യമായി സ്വാധീനിക്കുകയും പലപ്പോഴും അവളുടെ ദൈനംദിന ജീവിതത്തെപോലും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഗർഭിണിയായ ഒരു സ്ത്രീ അനുഭവിക്കുന്നത്“പ്രയാസത്തിനു മേൽ പ്രയാസമാണ് എന്നാണ് ക്വുർആൻ പറയുന്നത്.

“മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു -ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്നു നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം’’ (ക്വുർആൻ 31:14).

മാനസിക പിരിമുറുക്കം

ഗർഭിണികളിൽ പൊതുവായി കണ്ടുവരുന്ന ബുദ്ധിമുട്ടുകളാണ് ഛർദ്ദി, ഓക്കാനം, ഭക്ഷണത്തോടുള്ള വിരക്തി, ക്ഷീണം, ഗ്യാസ്, മലബന്ധം, വെരിക്കോസ്, ഉറക്കമില്ലായ്മ തുടങ്ങിയവ. ചെറിയ രീതിയിലുള്ള മാനസിക പിരിമുറുക്കം, അകാരണമായി അല്ലെങ്കിൽ നിസ്സാര കാര്യങ്ങൾക്ക് സങ്കടമോ ദേഷ്യമോ വരിക, വിഷാദം എന്നിവയും ഗർഭിണികളിൽ കണ്ടുവരുന്നു.

കുടുംബത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളാണ് ഇതിനെ തരണം ചെയ്യാനുള്ള മാർഗമായി മാനസിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഭർത്താവിനാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ കഴിയുക. അവളെ പരമാവധി പരിഗണിക്കുക എന്നതാണ് ഉറ്റവർ വിശിഷ്യാ ഭർത്താവ് ചെയ്യേണ്ടത്.

അവളുടെ കൂടെ സമയം ചെലവഴിക്കാനും സന്തോഷമുള്ള കാര്യങ്ങൾ പങ്കുവെക്കാനും അവളുടെ ശാരീരിക-മാനസിക പ്രയാസങ്ങളെ കുറിച്ച് ചോദിച്ചറിയാനും സ്‌നേഹത്തോടെയുള്ള തലോടലുകൾക്കും ഭർത്താവ് സമയം കണ്ടെത്തണം.

ഗർഭിണിയായിരിക്കെ ഭർത്താവിന്റെയും മറ്റും പരിഗണന ലഭിക്കാത്തവർക്ക് പലപ്പോഴും മാനസികരോഗ വിദഗ്ധരുടെ സഹായം പോലും ആവശ്യമായി വരാറുണ്ട്. ആരോഗ്യമുള്ള ഒരു കുഞ്ഞിനായി ഗർഭിണിയുടെ ശരീരിക സൗഖ്യം പോലെത്തന്നെ മാനസിക ആരോഗ്യവും പ്രധാനമാണ്.