മാനസിക വിമന്ദനം

ഡോ. മുനവ്വർ

2022 സെപ്തംബർ 17, 1444 സ്വഫർ 20

മനഃശസ്ത്രജ്ഞന്മാർ, മനോരോഗ ചികിത്സകർ, സിരാരോഗ ചികിത്സകർ, ശിശുരോഗവിദഗ്ധർ എന്നിവരാണ് ‘മാനസിക വിമന്ദനം’ (Mental Ratardation) എന്ന പദം സാധാരണ ഉപയോഗിക്കാറുള്ളത്. ജനനം മുതൽ; അല്ലെങ്കിൽ ശൈശവം, ബാല്യം, കൗമാരം തുടങ്ങി മറ്റേതെങ്കിലും ഘട്ടത്തിൽ ഉണ്ടാകുന്ന മാനസിക വളർച്ചക്കുറവവിനെ, അല്ലെങ്കിൽ ബുദ്ധിക്കുറവിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ‘മാനസികവൈകല്യം’ എന്നും ഇതിനെ പറയാറുണ്ട്. വ്യക്തിയുടെ തെറ്റായ കാഴ്ചപ്പാടുകൾ, ചിന്താരീതി, വൈകാരികവും സാമൂഹികവുമായ പ്രതികരണങ്ങൾ എന്നിവയിൽകൂടി മാനസിക വിമന്ദനം പ്രകടമാകുന്നതാണ്. മാനസിക വിമന്ദനം ബാധിച്ചവരെ ‘മാനസിക വിമന്ദനർ’ എന്നും പറയാറുണ്ട്. ബുദ്ധിപരമായ കഴിവുകൾ ആർജിക്കുന്നതിലും വൈകാരിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും സാമൂഹികപക്വത പ്രകടിപ്പിക്കുന്നതിലും ഇവർ വിമന്ദനം പ്രകടിപ്പിക്കും. ശാരീരിക പ്രൗഢത കൈവരിച്ചാലും ഇവരുടെ വൈകാരികവും സാമൂഹികവുമായ വ്യവഹാരങ്ങൾ കൊച്ചുകുട്ടികളുടേതുപോലെയായിരിക്കും.

‘ദി അമേരിക്കൻ അസോസിയേഷൻ ഓഫ് മെന്റൽ ഡെഫിഷ്യൻസി’ (AAMD) മാനസിക വിമന്ദനത്തെ തരംതിരിക്കുകയും വ്യക്തമായി നിർവചിക്കുകയും ചെയ്തിട്ടുണ്ട്. 1983ൽ അതിന്റെ ഏറ്റവും ഒടുവിലത്തെ പുനഃപരിശോധനയിൽ എച്ച്.ജെ. ഗ്രോസ്‌മാ ൻ (H.J. Grossman) മാനസിക വിമന്ദനത്തെ ഇപ്രകാരം നിർവചിച്ചിരിക്കുന്നു:

“പൊതുവായിട്ടുള്ള ബുദ്ധിവ്യാപാരം വ്യക്തമായും ശരാശരിനിലവാരത്തിൽ കുറഞ്ഞിരിക്കുകയും ഈ കുറവ് വികാസഘട്ടത്തിലെ അനുവർത്തിവ്യവഹാരത്തിലെ കുറവിനോടൊപ്പം നിലനിൽക്കുകയും ചെയ്യുകയാണെങ്കിൽ അതിനെ മാനസിക വിമന്ദനം എന്നു നിർവചിക്കാവുന്നതാണ്.’’

‘വ്യക്തമായും ശരാശരി നിലവാരത്തിൽ കുറവ്’ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ബുദ്ധിമാനം (IQ) എഴുപതോ അതിൽ കുറവോ എന്നാണ്. പ്രായത്തിനും സാംസ്‌കാരിക നിലവാരത്തിനും അനുസരണ മായി വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വ്യക്തി എത്രത്തോളം കഴിവു പ്രകടിപ്പിക്കുന്നു എന്നതാണ് അനുവർത്തി വ്യവഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ജനനം മുതൽ 18 വയസ്സുവരെയുള്ള കാലഘട്ടമാണ് വികാസഘട്ടം. ബുദ്ധിവ്യാപാരത്തിന്റെ കുറഞ്ഞനിലവാരം, സാമൂഹിക മാനദണ്ഡത്തിനനുസൃതമായി ഉയരാത്ത അനുവർത്തിവ്യവഹാരം എന്നിവയെ മാനസിക വിമന്ദനത്തിന്റെ തെളിവായി കരുതാവുന്നതാണ്.

ബുദ്ധിമാനത്തിന്റെ (IQ) സ്ഥിതിവിവരവിതരണത്തെ ആശ്രയിച്ചാണ് ‘ദി അമേരിക്കൻ അസോസിയേഷൻ ഒഫ് മെന്റൽ ഡെഫിഷ്യൻസി’ മാനസിക വിമന്ദന വിഭജനം നടത്തിയിട്ടുള്ളത്. ഇതിന്റെ പട്ടികയും അതിനെക്കുറിച്ചുള്ള ചർച്ചയും താഴെ കൊടുക്കുന്നു:

1. വളരെ ചെറിയതോതിലുള്ള മാനസിക വിമന്ദനം (Mild mental Retardation):

മാനസിക വിമന്ദനക്കാരിൽ ഏറിയപങ്കും വളരെ ചെറിയതോതിലുള്ള മാനസിക വിമന്ദന വിഭാഗത്തിൽപെടുന്നവരാണ്. സാധാരണക്കാരായ കുട്ടികളുമായി താരതമ്യം ചെയ്താൽ ഇവർ സാവധാനത്തിലായിരിക്കും കാര്യങ്ങൾ നിർവഹിക്കുക. ഇവരിൽ ജാഗ്രത, ജിജ്ഞാസ എന്നിവ കുറവായിരിക്കും. അതുപോലെതന്നെ വൈകാരിക പ്രതികരണങ്ങളും സാവകാശത്തിൽ മാത്രമെ ഇവരിൽ ഉണ്ടാകുകയുള്ളൂ. ഇവർ പൊതുവെ നിഷ്‌ക്രിയരും പ്രതികരണശേഷി കുറഞ്ഞവരും ആയിരിക്കും. ഇവരെ എളുപ്പത്തിൽ മടയരാക്കുന്നതിനും വിശ്വസിപ്പിക്കുന്നതിനും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലേക്കോ അല്ലെങ്കിൽ കുറ്റകരമായ മറ്റു പ്രവൃത്തികളിലേക്കോ തള്ളിവിടുന്നതിനും കഴിയും. ഇവരുടെ ചിന്ത അപക്വവും അമൂർത്തവും ആയിരിക്കും. സാധാരണ വിദ്യാലയത്തിൽ പഠിപ്പിച്ചാൽ ഇവരുടെ സ്ഥാനം മറ്റുള്ളവരിൽനിന്നു പിന്നിലായിരിക്കും. ഉദ്ദേശിക്കുന്ന നിലവാരം ഇവർക്കു പുലർത്താൻ കഴിയാതെവരും. നഴ്‌സറി വിദ്യാഭ്യാസഘട്ടത്തിൽ സാമൂഹികബന്ധം സ്ഥാപിക്കുന്നതിനുള്ള ചില കഴിവുകൾ ആർജിക്കുമെങ്കിലും ഇന്ദ്രിയവൈദഗ്ധ്യവും കായികവൈദഗ്ധ്യവും ആർജിക്കുന്നതിൽ മറ്റുള്ളവരെ അപേക്ഷിച്ച് ഇവർ പിന്നിലായിരിക്കും. എഴുത്തും വായനയും പരിശീലിപ്പിച്ചു തുടങ്ങുന്നതുവരെ മറ്റു ശിശുക്കളിൽനിന്നും ഇവരെ വേർതിരിച്ചറിയുക സാധ്യമല്ല. പഠനത്തിൽ മാന്ദ്യം പുലർത്തുന്ന ഇവർക്ക് കൗമാരഘട്ടത്തിൽ എത്തുന്നതോടെ വായിക്കുന്നതിനും താരതമ്യേന എളുപ്പമുള്ള കണക്കുകൾ ചെയ്യുന്നതിനും കഴിയുന്നതാണ്. സ്‌കൂളിൽ ഇവർക്ക് അധ്യാപകരുടെ പ്രത്യേക പരിഗണനയും ആവശ്യമായി വരാം. ചിലപ്പോൾ പ്രത്യേക ക്ലാസ്സുകളും പ്രത്യേക സ്‌കൂൾതന്നെയും ആവശ്യമായി വരാവുന്നതാണ്.

2. സാമാന്യ തോതിലുള്ള മാനസിക വിമന്ദനം (Moderate Mental Retardation):

ശൈശവത്തിൽ ഇവരെ സാമാന്യശിശുക്കളിൽനിന്നും വളരെ ചെറിയതോതിലുള്ള മാനസിക വിമന്ദനം ബാധിച്ചവരിൽനിന്നും വേർതിരിച്ചറിയുക എളുപ്പമല്ല. 5-6 വയസ്സ് പ്രായമാകുമ്പോൾ സാമാന്യതോതിലുള്ള മാനസിക വിമന്ദനക്കാർക്ക് ആശയവിനിമയത്തിനുള്ള ചില വൈദഗ്ധ്യങ്ങൾ ആർജിക്കുവാൻ കഴിയും; ഇവർക്ക് സാധാരണ കുട്ടികളെപ്പോലെ സമൂഹത്തിൽ വ്യവഹാരം നടത്താൻ കഴിയില്ല. ഇവരും കായികവികാസവും സാധാരണകുട്ടികളെ അപേക്ഷിച്ചു മോശമായിരിക്കും; പരിശീലനത്തിലൂടെ കുടുംബജീവിതത്തിന് അനുയോജ്യമായ വ്യവഹാരങ്ങൾ സ്വായത്തമാക്കാൻ കഴിയുന്നതാണ്. വിദ്യാഭ്യാസ ജീവിതകാലഘട്ടത്തിൽ പഠനസംബന്ധമായിട്ടുള്ള കുറെ കാര്യങ്ങൾ ഗ്രഹിക്കാനും ഇവർക്കു കഴിയും. അനുയോജ്യമായ പരിശീലനവും ഉപദേശവും നൽകുക വഴി നിത്യജീവിതത്തിലെ സ്വന്തം കാര്യങ്ങൾ നോക്കാൻ ഇവരെ പ്രാപ്തരാക്കി മാറ്റാവുന്നതാണ്. ആഹാരം കഴിക്കുന്നതിനും വസ്ത്രധാരണം നടത്തുന്നതിനും വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കുന്നതിനും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനും ഉള്ള കഴിവുകൾ ഇവർക്ക് ആർജിക്കാൻ കഴിയും. എന്നാൽ സാധാരണ സ്‌കൂളിൽ പഠിക്കാനുള്ള കഴിവ് ഇവർക്ക് ഉണ്ടായിരിക്കുന്നതല്ല. അതിനാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രങ്ങളിൽ ഇവർക്ക് പ്രത്യേക തരത്തിലുള വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും നൽകാവുന്നതാണ്. ഇതിനു ശേഷം സംരക്ഷിത തൊഴിൽ കേന്ദ്രങ്ങളിൽ വിദഗ്ധമേൽനോട്ടക്കാരുടെ കീഴിൽ ഇവരെക്കൊണ്ടു പ്രവൃത്തി എടുപ്പിക്കാവുന്നതാണ്.

പ്രത്യക പരിശീലനത്തിലൂടെ ഇവരിൽ ചിലരെ ചെറിയതോതിൽ വായിക്കാനും എഴുതാനും പഠിപ്പിക്കാൻ കഴിയുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ചിലർക്ക് സംസാരത്തിൽ നല്ല പുരോഗതി ആർജിക്കാൻ കഴിയുമെന്നു ചില പഠനങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. സാമാന്യതോതിലുള്ള മാനസിക വിമന്ദനം ബാധിച്ചിട്ടുള്ള എല്ലാവരിലും പഠനശേഷിയും ആവിഷ്‌കാര ശേഷിയും താരതമ്യേന കുറവായിട്ടാണ് കാണപ്പെടുന്നത്. ഇവർ പൊതുവിൽ വികൃതലക്ഷണക്കാരും മോശമായ വിധത്തിൽ വസ്ത്രധാരണം നടത്തുന്നവരും ആയിരിക്കും. അധികം പേർക്കും ശാരീരികമായി എന്തെങ്കിലും വൈകല്യം ഉണ്ടായിരിക്കും. കായിക കഴിവുകളും മോശമായിരിക്കും. ഇത്തരക്കാരിൽ ചെറിയൊരുവിഭാഗം കാഴ്ചയിൽ വിനയമുള്ളവരും ശുദ്ധന്മാരുമായി തോന്നുമെങ്കിലും ശത്രുത പുലർത്തുന്നവരും ആക്രമണകാരികളുമായിരിക്കും.

3. കടുത്ത തോതിലുള്ള മാനസിക വിമന്ദനം (Severe Mental Retardation):

വളരെ ചെറിയതോതിലുള്ള മാനസിക വിമന്ദനക്കാരിൽനിന്നും സാമാന്യതോതിലുള്ള മാനസിക വിമന്ദനക്കാരിൽനിന്നും ഏറെ വ്യത്യസ്തരാണ് ഇക്കൂട്ടർ. ഉദാഹരണം: 3-5 വയസ്സ് പ്രായമുള്ളപ്പോൾ ഇവരുടെ കായികവും ഭാഷാപരവുമായ കഴിവുകൾ വളരെ മോശമായിരിക്കും. എന്നാൽ അനുയോജ്യമായ പരിശീലനത്തിലൂടെയും ആംഗ്യത്തിലൂടെയും ലഘുഭാഷണങ്ങളിലൂടെയും ആശയവിനിമയം നടത്തുന്നതിനും സ്വന്തം കാര്യങ്ങൾ നോക്കുന്നതിനും സാവകാശത്തിൽ ഇവരെ പ്രാപ്തരാക്കി മാറ്റാവുന്നതാണ്. ഈ വിഭാഗത്തിൽപെടുന്ന കുട്ടികളിൽ ശാരീരികവും മാനസികവുമായിട്ടുള്ള നിരവധി അപസാമാന്യതകൾ കാണാൻ കഴിയും. ശരീരത്തിന് അനുയോജ്യമല്ലാത്ത രീതിയിൽ വളർന്നതും വികൃതവുമായിട്ടുള്ള തല, കൈകാലുകൾ എന്നിവ ഏറെപ്പേരിലും ഉള്ള ഒരു ന്യൂനതയാണ്. ചിലപ്പോൾ ശരീരം മൊത്തത്തിൽതന്നെ വികൃതമായിരിക്കും.

4. വളരെ കടുത്തതോതിലുള്ള മാനസിക വിമന്ദനം (Profound Mental Retardation):

ഏറ്റവും കടുത്ത മാനസിക വിമന്ദനമാണിത്. ജീവിതത്തിന്റെ ആദ്യദശകങ്ങളിൽ ഇവരിൽ ഇന്ദ്രിയ-ചലന ശേഷികളുടെ വികാസവും ഭാഷാപരമായ വികാസവും ഒട്ടുംതന്നെ ഉണ്ടാകുന്നതല്ല. ഇവർക്ക് വളരെ ശ്രദ്ധയോടെയുള്ള പരിചരണവും ജീവിതകാലം മുഴുവനും പ്രത്യേക താമസസൗകര്യങ്ങളും ആവശ്യമായി വരും.