സ്വപ്നങ്ങളുടെ മനഃശാസ്ത്രം

ഡോ. എം. സബീല്‍ ബിൻ അബ്ദുസ്സലാം, പട്ടാമ്പി

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

എന്താണ് സ്വപ്‌നം? മനുഷ്യനെ എക്കാലത്തും ചിന്തിപ്പിച്ചിട്ടുള്ള ഒരു വിഷയമാണിത്. മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട്  ഫ്രോയിഡിന്റെ അഭിപ്രായത്തില്‍ സ്വപ്നങ്ങള്‍ എന്നത് ഓരോ മനുഷ്യന്റെയും ഉപബോധ (Subconscious) മനസ്സിന്റെ ആഗ്രഹങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രതിഫലനമാണ്. അദ്ദേഹത്തിന്റെതായി The Interpretations of dreams  എന്ന ഒരു സ്വപ്നവ്യാഖ്യാന ഗ്രന്ഥം തന്നെയുണ്ട്. സ്വപ്നങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് Onierology.

യൂസുഫ് നബി(അ)ക്ക് സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കുവാനുളള പ്രത്യേക കഴിവ് അല്ലാഹു നല്‍കിയിരുന്നു. ക്വുര്‍ആനില്‍ വന്നിട്ടുള്ള രണ്ട് ഉദാഹരണങ്ങള്‍ കാണുക:  

1. ‘‘അവനോടൊപ്പം രണ്ട് യുവാക്കളും ജയിലില്‍ പ്രവേശിച്ചു. അവരില്‍ ഒരാള്‍ പറഞ്ഞു: ‘ഞാന്‍ വീഞ്ഞ് പിഴിഞ്ഞെടുക്കുന്നതായി സ്വപ്‌നം കാണുന്നു.' മറ്റൊരാള്‍ പറഞ്ഞു: ‘ഞാന്‍ എന്റെ തലയില്‍ റൊട്ടി ചുമക്കുകയും എന്നിട്ട് അതില്‍നിന്ന് പറവകള്‍ തിന്നുകയും ചെയ്യുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഞങ്ങള്‍ക്ക് താങ്കള്‍ അതിന്റെ വ്യാഖ്യാനം വിവരിച്ചുതരൂ. തീര്‍ച്ചയായും ഞങ്ങള്‍ താങ്കളെ കാണുന്നത് സദ്‌വൃത്തരില്‍ ഒരാളായിട്ടാണ്'' (12:36).

‘‘ അവന്‍ (യൂസുഫ്) പറഞ്ഞു: നിങ്ങള്‍ക്ക് (കൊണ്ടുവന്ന്) നല്‍കപ്പെടാറുള്ള ഭക്ഷണം നിങ്ങള്‍ക്ക് വന്നെത്തുന്നതിന്റെ മുമ്പായി അതിന്റെ വ്യാഖ്യാനം ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാതിരിക്കുകയില്ല. എന്റെ രക്ഷിതാവ് എനിക്ക് പഠിപ്പിച്ചുതന്നതില്‍പെട്ടതത്രെ അത്. അല്ലാഹുവില്‍ വിശ്വസിക്കാത്തവരും പരലോകത്തെ നിഷേധിക്കുന്നവരുമായിട്ടുള്ളവരുടെ മാര്‍ഗം തീര്‍ച്ചയായും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു'' (12:37).

‘‘ജയിലിലെ രണ്ട് സുഹൃത്തുക്കളേ, എന്നാല്‍ നിങ്ങളിലൊരുവന്‍ തന്റെ യജമാനന്ന് വീഞ്ഞ് കുടിപ്പിച്ചുകൊണ്ടിരിക്കും. എന്നാല്‍ മറ്റേ ആള്‍ ക്രൂശിക്കപ്പെടും. എന്നിട്ട് അയാളുടെ തലയിൽ നിന്ന് പറവകള്‍ കൊത്തിത്തിന്നും. ഏതൊരു കാര്യത്തെപ്പറ്റി നിങ്ങള്‍ ഇരുവരും വിധി ആരായുന്നുവോ ആ കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു'' (12:41).

2. ‘‘(ഒരിക്കല്‍) രാജാവ് പറ ഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശു ക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്‌നം കാണുന്നു. ഏഴ് പച്ചക്ക തിരുകളും ഏഴ് ഉണങ്ങിയ കതി രുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്‌നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്റെ ഈ സ്വപ്‌നത്തിന്റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ'' (12:43).

‘‘അദ്ദേഹം (യൂസുഫ്) പറ ഞ്ഞു: നിങ്ങള്‍ ഏഴുകൊല്ലം തുടര്‍ച്ചയായി കൃഷി ചെയ്യുന്നതാണ്. എന്നിട്ട് നിങ്ങള്‍ കൊയ്‌തെടുത്തതില്‍നിന്ന് നിങ്ങള്‍ക്ക് ഭക്ഷിക്കുവാന്‍ അല്‍പം ഒഴിച്ച് ബാക്കി അതിന്റെ കതിരില്‍ തന്നെ വിട്ടേക്കുക. അതിനു ശേഷം പ്രയാസകരമായ ഏഴ് വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ച് വെച്ചിട്ടുള്ളതിനെയെല്ലാം തിന്നുതീര്‍ക്കുന്നതാണ്. നിങ്ങള്‍ കാത്തുവെക്കുന്നതില്‍നിന്ന് അല്‍പം ഒഴികെ. പിന്നീട് അതിന് ശേഷം ഒരു വര്‍ഷം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കപ്പെടുകയും അന്ന് അവര്‍ (വീഞ്ഞും മറ്റും) പിഴിഞ്ഞെടുക്കുകയും ചെയ്യും'' (12:47-49).

ദൈവിക ബോധന പ്രകാരം സംസാരിക്കുന്ന മുഹമ്മദ് നബി ﷺ സ്വപ്നങ്ങളെക്കുറിച്ച് പറഞ്ഞു:‘‘സ്വപ്നങ്ങള്‍ മൂന്ന് തര മുണ്ട്. ഒന്ന് മനസ്സില്‍നിന്ന് ഉണ്ടാകുന്നത്. രണ്ടാമത്തേത് ഭയപ്പെടുത്തുന്നത്; (ദുഖഃമുണ്ടാക്കുന്നതെന്ന് ഇബ്‌നുമാജയുടെ ഹദീഥില്‍). അത് പിശാചില്‍നിന്നാണ്, പിന്നെ സന്തോഷമുളളത് അല്ലാഹുവില്‍ നിന്നും'' (ബുഖാരി, മുസ്‌ലിം).

സത്യമായതും പുലരുന്നതുമായ സ്വപ്നങ്ങള്‍ അല്ലാഹുവില്‍ നിന്നാണ്. മറ്റൊരു തരം  മനസ്സിന്റെ പ്രതിഫലനങ്ങളും. പേടിപ്പെടുത്തുന്നത്, അശ്ലീലമായത് തുടങ്ങിയ ചീത്ത സ്വപ്നങ്ങള്‍ തീര്‍ച്ചയായും പിശാചില്‍നിന്നുമാണ്.

Psychology Today: Dreaming up a good mood, Brain: The Process of awakening തുടങ്ങിയ ലേഖനങ്ങളില്‍ സ്വപ്നങ്ങളുമായി ബന്ധപ്പെട്ടു വന്ന ചില കാര്യങ്ങള്‍ വിശദീകരിക്കാം:

നമ്മുടെ സ്വപ്നങ്ങള്‍ സംഭവിക്കുന്നത് ഉറക്കത്തിലെ REM (Rapid Eye movement) ഘട്ടത്തിലാണ്. ഈ ഘട്ടത്തില്‍ മസ്തിഷ്‌കത്തിലെ പ്രേരണകളും വികാരങ്ങളുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍  (Amygdala, hippocampus) മാത്രം ഉണര്‍ന്നിരിക്കുകയും (ഈ ഭാഗത്താണ് സ്വപ്നങ്ങള്‍ ഉത്ഭവിക്കുന്ന ഉപബോധമനസ്സ് - Sub conscious Mind- ഉള്ളത്). ബോധമനസ്സും (conscious mine) ചിന്തകളും ഉറങ്ങുകയും ചെയ്യുന്നു.

അതായത് സ്വപ്നങ്ങളുടെ ഉത്ഭവം അമിഗ്ഡാലയില്‍നിന്നാണ്. എന്നാല്‍ ബോധമനസ്സ് ഉറക്കത്തില്‍ ആയതിനാല്‍ സ്വപ്നങ്ങളുടെ ശരിതെറ്റുകള്‍ ബോധമനസ്സുകൊണ്ട് നമുക്ക് ചിന്തിക്കാനും വേര്‍തിരിക്കാനും കഴിയില്ല. അതിനാല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് നമുക്ക് അനുഭവപ്പെടുന്നു.

സ്വപ്നങ്ങളെക്കുറിച്ച് ഗവേഷ ണം നടത്തുന്ന Rosalind Cortwright പറയുന്നു: ‘‘അധിക സ്വപ്നങ്ങളും ഉപദ്രവ സ്വഭാവം (Negative) ഉള്ളവയായിരിക്കും. അതായത് ഭയം, ഉത്കണ്ഠ, ദേഷ്യം, കണ്‍ഫ്യൂഷന്‍ തുടങ്ങിയവ. ഇതില്‍നിന്നും അമിഗ്ഡാലയുടെ സ്വപ്നത്തിലെ സാന്നിധ്യം മനസ്സിലാക്കാം'' (Brain The process of awakening, P: 125).

മേല്‍പറഞ്ഞ വികാരങ്ങളും അമിഗ്ഡാലയുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. ചീത്ത സ്വപ്നങ്ങളെല്ലാം പിശാചില്‍നിന്നാണെന്ന നബിവചനം നാം കണ്ടല്ലോ. ഇത് പിശാചിന് അമിഗ്ഡാലയെന്ന ഭാഗത്തിലുള്ള സ്വാധീനം വ്യക്തമാക്കുന്നു.

പലര്‍ക്കും ‘ദിവ്യസ്വപ്നങ്ങള്‍' ഉണ്ടായതായും ദൈവത്തെയും പുണ്യവാളന്‍മാരെയും മറ്റും ദര്‍ശിച്ചതായുമുള്ള കഥകള്‍ നാം കേട്ടിട്ടുണ്ട്. അവരുടെ സ്വപ്നങ്ങള്‍ ഇസ്‌ലാമിക മാനദണ്ഡം ഉപയോഗിച്ച് വിലയിരുത്തുമ്പോള്‍ ബോധ്യമാകും സത്യാവസ്ഥ.  

രണ്ടു സ്വപ്നരോഗങ്ങളും അവയുടെ ചികിത്സയും

(1) സ്വപ്നാടനം  

ധാരാളമായി കേട്ട് പരിചയമുളള ഒരു രോഗമാണ് സ്വപ്നാടനം (Somnambulism) അഥവാ ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കല്‍. ഇവിടെ വ്യക്തിയെ നിയന്ത്രിക്കുന്നത് അബോധമനസ്സാണ് (Subconscious mind). അതായത് ബോധമനസ്സ് ഉറക്കത്തിലാണ്. ഇത്തരം വ്യക്തികള്‍ ഉറക്കത്തില്‍ അബോധാവസ്ഥയില്‍ പല സാഹസങ്ങളും ചെയ്യാറുണ്ടണ്ട്. ചെറിയ കാര്യങ്ങള്‍ മുതല്‍ അപകടകരമായ കാര്യങ്ങള്‍വരെ. ഉദാ: അടുക്കളയില്‍ പോയി തീ കത്തിച്ച് പാചകം ചെയ്യുക, വെളളം കോരുക, എന്തിന് ചിലര്‍ റോഡിലൂടെ വാഹനം ഓടിച്ച് പോവുക വരെ ചെയ്യാറുണ്ടണ്ടത്രെ! ചിലര്‍ ഒന്നും സംഭവിക്കാതെ തിരിച്ചെത്തും. ചുരുക്കം ചിലര്‍ക്ക് അപകടങ്ങള്‍ സംഭവിക്കാറുമുണ്ട്. ഉപബോധമനസ്സ് എന്നത് കേവലം ഒരു മനസ്സല്ല, മറിച്ച് അതില്‍ സ്വതന്ത്രമായ മറ്റൊരു വ്യക്തിത്വം ഉണ്ട്.

(2) Sleep Paralysis

ഈ രോഗമുളളവര്‍ ഉറക്കത്തില്‍ ഭീകര സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയും ഉണര്‍ന്നാല്‍ തങ്ങളുടെ ശരീരം ആരോ പിടിച്ചുവെച്ചതായും മരവിച്ചതായും അനുഭവപ്പെടുകയും ചെയ്യുന്നു. ചിലരെ ഈ രോഗം ജീവിതാന്ത്യം വരെ അലട്ടാറുണ്ടത്രെ!

മുകളില്‍ പറഞ്ഞ രണ്ട് രോഗങ്ങളുടെയും കാരണങ്ങള്‍ കൃത്യമായി വിശദികരിക്കാന്‍ മനഃശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ മരുന്നുകളുടെ ഫലം പരിമിതമാണ്. ശരിയല്ലാത്ത ഉറക്ക ക്രമങ്ങള്‍, മനസ്സിലെ അസ്വസ്ഥതകള്‍, ശരിയല്ലാത്ത ഉറക്ക ചുറ്റുപാടുകള്‍, വൃത്തിരഹിതമായ സാഹചര്യങ്ങള്‍, ചിന്തകള്‍ എന്നിവ (Improper Sleep hygiene) ഈ രോഗം ആവര്‍ത്തിക്കാനുളള ചില കാരണങ്ങളായി മനോരോഗ വിദഗ്ധര്‍ കരുതുന്നു. (Sleep disorders: diagnosis, arrangement and treatment, a hand book of clinicians, London 2002, P : 146, 147).  

അതുകൊണ്ട് തന്നെയാവാം, പ്രവാചകന്‍ ﷺ ഉറക്കത്തില്‍ പിശാചിന്റെ ഉപദ്രവങ്ങള്‍ തടയാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഉറങ്ങുമ്പോള്‍ അംഗശുദ്ധി വരുത്തുക, ആയത്തുല്‍ കുര്‍സിയ്യും അല്‍ഫലക്വ്, അന്നാസ് തുടങ്ങിയ സൂറത്തുകളും പാരായണം ചെയ്യുക,കിടക്കുന്ന വിരിപ്പ് കുടയുകയും വൃത്തിയാക്കുകയും ചെയ്യുക, വലതു ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കുക.(വിവിധ ഹദീഥുകളിലായി വന്നത്).