ആരോഗ്യസംരക്ഷണം വിശ്വാസിയുടെ ബാധ്യത

ഡോ. യാസ്മിന്‍ എം. അബ്ബാസ്

2022 ഫെബ്രുവരി 12, 1442 റജബ്  10

ഇസ്‌ലാം മനുഷ്യന്റെ ഇഹപര ജീവിത വിജയത്തി നാവശ്യമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിക്കുന്ന മതമാണ്. ആരാധനകള്‍, സ്വഭാവഗുണങ്ങള്‍, പെരുമാറ്റ മര്യാദകള്‍, വിശ്വാസകാര്യങ്ങള്‍... എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ഇസ്‌ലാം മനുഷ്യന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന്റെ ആരോഗ്യ പരിപാലന രംഗത്തും ഇസ്‌ലാം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് നമ്മുടെ സമൂഹത്തിന് കൃത്യമായ ശ്രദ്ധ നഷ്ടപ്പെട്ടുപോകുന്നു എന്ന് നമുക്ക് നിലവിലെ സാഹചര്യങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു.

രോഗപ്രതിരോധം

കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഒട്ടേറെ കാര്യങ്ങള്‍ ഇസ്‌ലാം പണ്ടുമുതല്‍ക്കേ നിഷ്‌കര്‍ഷിച്ചതാണ്. സാമൂഹ്യ അകലം പാലിക്കല്‍, കൈ കഴുകല്‍ തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടവയാണ്.

ജീവിതശൈലി രോഗങ്ങള്‍

സാംക്രമിക രോഗങ്ങള്‍ക്കെതിരെ നാം കൈ ക്കൊള്ളുന്ന ശ്രദ്ധയുടെ ഒരല്‍പം പോലും ജീവിതശൈലിയുടെ കാര്യത്തില്‍ നാം കാണിക്കുന്നില്ല എന്നതാണ് വാസ്തവം. ആധുനിക കാലഘട്ടത്തിലെ കണക്കുകള്‍ അനുസരിച്ച് ജീവിതശൈലി രോഗങ്ങള്‍ എന്ന ഒറ്റ തലക്കെട്ടിനുള്ളില്‍ മനുഷ്യജീവിതത്തെ 4 ചുമരിനുള്ളിലെ കിടക്കയില്‍ പരിമിതപ്പെടുത്തുന്നതും അതുമല്ലെങ്കില്‍ പെട്ടെന്നുതന്നെ മരണത്തിലേക്ക് നയിക്കുന്നതുമായ അസുഖങ്ങളുടെ കണക്കുകള്‍ എത്രയോവലുതാണ്. കരള്‍ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. ഈ കണക്കുകളെല്ലാം ഇത്രത്തോളം ഭയപ്പെടുത്തുന്നതായിട്ട് പോലും നമ്മള്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള കാര്യങ്ങള്‍ക്കായി മുന്‍കൈ എടുക്കാറുണ്ടോ എന്ന് നാം ചിന്തിക്കണം.

നബി ﷺ യുടെ ജീവിതശൈലി

ആരാധനാരംഗത്ത് നാം പുലര്‍ത്തുന്ന കണിശത പലപ്പോഴും നബി ﷺ യുടെ ജീവിതശൈലിയുടെ കാര്യത്തില്‍ ശ്രദ്ധിക്കാതെ പോകുന്നുണ്ടോ എന്ന് നമുക്ക് സംശയിക്കേണ്ടിയിരിക്കുന്നു. ആരോഗ്യത്തെ ഇഹലോകത്തെ ഏറ്റവും വലിയ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ നബി ﷺ എണ്ണിയതായി നമുക്ക് കാണാം. ആരോഗ്യത്തിനുവേണ്ടി വേണ്ടി പ്രാര്‍ഥിക്കുവാനും ആരോഗ്യപരമായ ജീവിതശൈലി കൊണ്ടുനടക്കുവാനും നബി ﷺ നിര്‍ദേശിച്ചിട്ടുണ്ട്. നബി ﷺ യുടെ ഉറക്കവും ഭക്ഷണവും അധ്വാനവുമെല്ലാം നമുക്ക് അക്കാര്യത്തില്‍ മാതൃകാപരമാണ്. നബി ﷺ നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്തിരുന്നു. ഉറങ്ങുമ്പോള്‍ വലതുവശത്തേക്ക് ചെരിഞ്ഞുകിടക്കുകയും ചെയ്തിരുന്നു. ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാംതന്നെ ആരോഗ്യത്തിന് വളരെയധികം നല്ലതാണെന്ന് ആധുനിക ശാസ്ത്രം പറയുന്നു.

ഭക്ഷണം ഏറ്റവും വലിയ വില്ലന്‍!

നബി ﷺ പറഞ്ഞിട്ടുള്ളത് ഒരാള്‍ക്ക് നടുനിവര്‍ത്താന്‍ രണ്ടോമൂന്നോ ഉരുള ഭക്ഷണം മതി എന്നാണ്. മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് വായുവിനും...! നമ്മുടെ ആമാശയത്തെ മൂന്നായി തിരിച്ചാല്‍ അതിന്റെ ഒരു ഭാഗം നിറയ്ക്കാന്‍ എത്ര കുറച്ചുമാത്രം മതിയെന്ന് നമുക്കറിയാം. എന്നാല്‍ നമ്മള്‍ കഴിക്കുന്നതോ? ’

ഒരു കാര്യത്തിലും അമിതത്വം പാടില്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. എന്നാല്‍ ഭക്ഷണകാര്യത്തില്‍ അമിതത്വം കാണിക്കുന്നതില്‍ ആര്‍ക്കും മടിയില്ല. ആരാധന കര്‍മങ്ങള്‍ എത്രത്തോളം പ്രാധാന്യത്തോടെ നിറവേറ്റുന്നുവോ അതുപോലെ നബി ﷺ പഠിപ്പിച്ച ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങളും പാലിക്കേണ്ടതുണ്ട്. കൂടെ പ്രാര്‍ഥനയും അനിവാര്യമാണ്. അല്ലാഹു പറയുന്നു: ‘‘നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (ക്വുര്‍ആന്‍ 7:31).’