ഓട്ടിസം; ലക്ഷണങ്ങളും കാരണങ്ങളും

ഡോ. മുനവ്വർ

2022 ആഗസ്റ്റ് 27, 1442 മുഹർറം 28

കുട്ടികളിൽ കണ്ടുവരുന്ന വികാസപരമായ ഒരു തകരാറാണിത്. സ്വയം തന്നിലേക്കുതന്നെ പിൻവാങ്ങുകയാണ് ഇവിടെ സംഭവിക്കുന്നത്. യാഥാർഥ്യവുമായി സർവ ബന്ധങ്ങളും വിച്ഛേദിച്ചു മനോനിഷ്ഠമായി സാങ്കൽപിക പ്രവർത്തനങ്ങളിൽ കുട്ടി ഏർപ്പെടും. സാമൂഹിക യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതുമൂലമുണ്ടാകുന്ന ഗുരുതരമായിട്ടുള്ള ഒരു വ്യാവഹാരിക ക്രമരാഹിത്യമാണ് ഓട്ടിസം. ‘സ്വയം’ എന്നർഥമുള്ള ‘ആട്ടോസ്’ (Autos) എന്ന ഗ്രീക്ക് പദത്തിൽനിന്നുമാണ് ഓട്ടിസം (Autism) എന്ന ഇംഗ്ലീഷ്പദം നിഷ്പന്നമായിട്ടുള്ളത്. ലിയോ കാനർ (Leo kanner) എന്ന മനോരോഗ ചികിത്സാവിദഗ്ധനാണ് 1943ൽ ഈ പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ടുവന്നത്. മലയാളത്തിൽ ‘മനോരാജ്യം,’ ‘സ്വപ്നജീവിതം’ എന്നീ അർഥങ്ങളാണ് ഈ പദത്തിനു നൽകിക്കാണുന്നത്. എന്നാൽ, ഈ പദത്തിന്റെ അർഥവ്യാപ്തി ഈ പ്രയോഗങ്ങളിൽ ഒതുങ്ങുന്നതല്ല. അതിനാൽ ഇവിടെ ഓട്ടിസം എന്ന ഇംഗ്ലീഷ് പദം തന്നെ ഉപയോഗിക്കുന്നു.

ഓട്ടിസം ബാധിച്ച കുട്ടികളുടെ സ്വഭാവ സവിശേഷതകൾ

എ. ഓട്ടിസ ഏകാന്തത (Autistic Aloneness)

കാനറുടെ അഭിപ്രായത്തിൽ ഓട്ടിസം ബാധിച്ച കുട്ടികളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം തനിച്ചിരിക്കാനുള്ള അഭിവാഞ്ഛയാണ്. രക്ഷകർത്താക്കളോട് ഇത്തരക്കാർക്ക് സാധാരണഗതിയിൽ പ്രതികരിക്കാൻ കഴിയില്ല. മാതാപിതാക്കൾ സ്‌നേഹപൂർവം എടുത്തു ലാളിക്കാൻ ശ്രമിച്ചാൽ ഇവർ വഴുതിമാറും. ഇത്തരം കുട്ടികൾ മിക്കപ്പോഴും പരിസരബോധമില്ലാത്തവരായിരിക്കും; സ്വപ്നലോകത്തിൽ പൂർണമായും ഇവർ നിമഗ്‌നമായിരിക്കും.

ബി. ആശയവിനിയ പ്രശ്‌നങ്ങൾ (Communication Problems)

ആശയവിനിയ വൈദഗ്ധ്യം ആർജിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടാണ് ഓട്ടിസം ബാധിച്ച കുട്ടിയുടെ മറ്റൊരു ലക്ഷണം. ഭാഷാപരമായ പ്രശ്‌നങ്ങളാണ് ഇതിനുള്ള കാരണം. ഓട്ടിസം ബാധിച്ച് ഏതാണ്ട് 50 ശതമാനം കുട്ടികളും സംസാരിക്കാറില്ല. മറ്റുള്ളവർ അപൂർവമായി എന്തെങ്കിലും സംസാരിക്കും. ഓട്ടിസം ബാധിച്ച ശിശു പുഞ്ചിരിക്കുകയോ മറ്റുള്ളവർ പുഞ്ചിരിച്ചാൽ തിരിച്ചു പ്രതികരിക്കുകയോ ചെയ്യില്ല. മറ്റുള്ളവർ അവരോട് പ്രകടിപ്പിക്കുന്ന സ്‌നേഹത്തിനും പ്രതികരണമൊന്നും ഉണ്ടാകുകയില്ല; മാതാവിനോടുപോലും!

(സി) അനുഷ്ഠാനപരവും നിർബന്ധപരവുമായ പ്രതിഭാസം (itualistic and Compulsive phenomena)

മാറ്റങ്ങൾക്കു വിധേയമാകാൻ അനുവദിക്കാതെ എല്ലാം ഒരുപോലെ നിലനിർത്താനുള്ള ഒരു പ്രവണത ഓട്ടിസം ബാധിച്ചവരിൽ കണ്ടുവരാറുണ്ട്. ചുറ്റുപാടുകൾക്ക് എന്തെങ്കിലും മാറ്റം സംഭവിച്ചാൽ ഇത്തരക്കാർ ആകപ്പാടെ കുഴപ്പത്തിലാകും. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വസ്ത്രങ്ങളും പാദരക്ഷകളും മാറ്റുന്നത് ഇവർ ഇഷ്ടപ്പെടാറില്ല.

സാധാരണയിൽനിന്നു ഭിന്നമായി എന്തെങ്കിലും സംഭവിച്ചാൽ ഇവർ കോപിഷ്ഠരാകും. കൈ കണ്ണിനു മുമ്പിൽ പിടിച്ച് വിരലുകൾ സദാ മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ടിരിക്കുക ഇത്തരക്കാരിൽ സാധാരണ കാണപ്പെടുന്ന ഒരു ശരീരചലന പ്രക്രിയയാണ്. കാൽവിരലുകൾ ഉപയോഗിച്ച് അധികദൂരം നടക്കുക, ഏതെങ്കിലും വസ്തുക്കൾ എടുത്തു സദാ പിരിച്ചുകൊണ്ടിരിക്കുക, അല്ലെങ്കിൽ ഏതെങ്കിലും ശബ്ദം സ്ഥിരമായി പുറപ്പെടുവിച്ചുകൊണ്ടിരിക്കുക തുടങ്ങിയ സ്വഭാവങ്ങളും ഓട്ടിസം ബാധിച്ച കുട്ടികളിൽ കാണാവുന്നതാണ്.

(അവസാനിച്ചില്ല)