മാനസിക വിമന്ദനം

ഡോ. മുനവ്വർ

2022 സെപ്തംബർ 24, 1444 സ്വഫർ 27

മാനസിക വിമന്ദനത്തിനു കാരണമായിട്ടുള്ള പ്രധാനപ്പെട്ട ഘടകങ്ങൾ താഴെ വിവരിക്കുന്നു:

1) ഗർഭസ്ഥ ജീവിതഘട്ടത്തിലെ പ്രശ്‌നങ്ങൾ (Problems During Prenatal Period)

ഗർഭത്തിൽ കഴിയുമ്പോൾ മാതാവിന് വേണ്ടത്ര പോഷകാഹാരം ലഭിക്കാതിരിക്കുക, മഞ്ഞപ്പിത്തം പോലുള്ള രോഗം, കടുത്ത മാനസികസമ്മർദം, ഉൽക്കണ്ഠ എന്നിവയ്ക്ക് വിധേയമാകുക തുടങ്ങിയവ ശിശുവിന്റെ വളർച്ചയെയും വികാസത്തെയും പ്രതികൂലമായി ബാധിക്കും. ഗർഭകാലത്ത് മാതാവ് സിഗരറ്റ്, മദ്യം, ചില കടുത്ത മരുന്നുകൾ എന്നിവ ഉപയോഗിക്കുന്നതും ശിശുക്കളിൽ മാനസിക വിമന്ദനത്തിനു കാരണമാകാവുന്നതാണ്.

2) പ്രസവസമയത്തുണ്ടാകുന്ന തകരാറുകൾ (Complications During Child Birth)

പ്രസവസമയത്തു മാതാവിനു പലതരം വിപത്തുകൾ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. ചിലപ്പോൾ ഓപ്പറേഷൻതന്നെ വേണ്ടിവന്നേക്കാം. പ്രസവസമയത്ത് ശിശുവിനെ പുറത്തെടുക്കുന്നതിനു പലപ്പോഴും കൊടിൽ (Forceps) ഉപയോഗിക്കേണ്ടിവരും. കൊടിൽ ഉപയോഗിക്കുമ്പോൾ ശിശുക്കളുടെ തലയ്ക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട്. പ്രസവസമയത്ത് കൊടിൽ ഉപയോഗിക്കുകമൂലം തലയ്ക്ക് ഉണ്ടാകുന്ന പരിക്ക് മാനസിക വിമന്ദനത്തിനു കാരണമാകാവുന്നതാണ്.

3) ശൈശവത്തിലും ബാല്യത്തിലും ഉണ്ടാകുന്ന അപകടങ്ങൾ (Accidents During Infancy and Childhood)

ശൈശവത്തിലും ബാല്യത്തിലും ശിശുസംരക്ഷണത്തിൽ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നാൽ കട്ടിലിൽ നിന്നും കോണിപ്പടികളിൽനിന്നും വീണ് കുട്ടികൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ട്. ചിലപ്പോൾ മറ്റു കുട്ടികളുടെ കൈയിൽനിന്നോ അമ്മയുടെയോ ശിശുസംരക്ഷകയുടെയോ ഒക്കത്തുനിന്നോ ശിശുക്കൾക്ക് വീഴ്ച സംഭവിക്കാറുണ്ട്. സർവസാധാരണമായിട്ടുള്ള ഇത്തരം സംഭവങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പടാതെ പോകുകയാണു പതിവ്. പരിക്കുകൾ ഉണ്ടാകാതെ സൂക്ഷിക്കുന്നതിനും അങ്ങനെ സംഭവിച്ചാൽ അതിനെ ഗൗരവപൂർവം കണ്ട് ആവശ്യമായ ചികിത്സ നൽകുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

4) ജനിതക തകരാറുകൾ (Genetic Defects)

മാനസിക വിമന്ദനത്തിനു ജനിതക ഘടകങ്ങളും കാരണമാകാറുണ്ട്. ക്രോമസോമുകളിൽ കാണുന്ന പലതരം അപസാമാന്യതകളും മാനസിക വിമന്ദനത്തിനു വഴിതെളിക്കാറുണ്ട്. ക്രോമസോമുകളിൽ ഇത്തരം അപസാമാന്യത എങ്ങനെ കടന്നുകൂടുന്നു എന്നതിനെ സംബന്ധിച്ചു ശരിയായ അറിവ് ഇപ്പോഴും ലഭ്യമല്ല. സാധാരണഗതിയിൽ ജീനുകൾ ശരീരത്തിലെ എൻസൈം സംവിധാനങ്ങളെയും രാസപ്രവർത്തന ങ്ങളെയും നിയന്ത്രിച്ചാണ് അതിന്റെ പ്രവർത്തനഫലം ഉളവാക്കുന്നത്. ഗർഭധാരണ സമയത്തുള്ള മാതാവിന്റെ ഉയർന്ന പ്രായവും ക്രോമസോമുകളിലെ അപസാമാന്യതയും തമ്മിൽ ബന്ധമുള്ളതായി ചില ജനിതക പഠനങ്ങൾ സൂചിപ്പിക്കുന്നു. തലച്ചോറിന്റെയും ഹൃദയത്തിന്റെയും മറ്റുപല ശാരീരികഭാഗങ്ങളുടെയും വികാസത്തിലുണ്ടാകുന്ന പല അപാകതകൾക്കും കാരണം ജനിതക അപസാമാന്യതയാണ്. മാനസിക വിമന്ദനം ബാധിച്ചിട്ടുള്ളവരിൽ ഏറിയപങ്കും നേരത്തെ മരണപ്പെടുകയാണു പതിവ്. സ്വാഭാവികമായിട്ടുള്ള പ്രതിരോധശേഷിയുടെ കുറവാണ് ഇതിനുള്ള ഒരു പ്രധാന കാരണം. രണ്ടു മുതൽ നാലു ശതമാനംവരെയുള്ള കടുത്ത മാനസിക വിമന്ദനത്തിനു കാരണം ജൈവഘടകങ്ങളുടെ തകരാറുകളാണെന്നും കണക്കാക്കിയിട്ടുണ്ട്.

5) സാമൂഹിക-സാംസ്‌കാരിക ഘടകങ്ങൾ (Socio-Cultural Factors)

മോശമായ ചുറ്റുപാടുകളിൽ വളർന്നുവരുന്ന കുട്ടികൾ ബുദ്ധിപരമായി വളരെ പിന്നാക്കം നിൽക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. ഇവർക്ക് ലഭ്യമാകുന്ന സാഹചര്യങ്ങൾ മാറ്റമില്ലാത്തതും വിരസത അനുഭവപ്പെടുന്നതുമായിരിക്കും. സ്‌നേഹപൂർവം ഇവരെ പരിചരിക്കാൻ ആരുംതന്നെ ഉണ്ടായിരിക്കുകയുമില്ല. താൽപര്യം ജനിപ്പിക്കുന്നതും ബുദ്ധിവികാസത്തിനുതകുന്നതുമായ പ്രചോദനങ്ങളും ഇവർക്ക് കുറവായിരിക്കും. ആഹ്ലാദകരമായ അനുഭവങ്ങൾ ഉണ്ടാകാറില്ല. ഇത്തരത്തിലുള്ള അവഗണനകളും പോഷകാഹാരക്കുറവും മാനസിക വികാസത്തെ പ്രതികൂലമായി ബാധിക്കുകയോ അല്ലെങ്കിൽ മാനസിക വിമന്ദനം ബാധിച്ചിട്ടുള്ള കുട്ടിയുടെ വിമന്ദനം വീണ്ടും വർധിപ്പിക്കുകയോ ചെയ്യും. സാമ്പത്തിക ശോചനീയാവസ്ഥ, സാമൂഹിക പ്രശ്‌നങ്ങൾ. വൈകാരിക പ്രശ്‌നങ്ങൾ എന്നിവയെയും ഇവർക്കു നേരിടേണ്ടതായിട്ടുണ്ട്. അതായത്, കുടുംബചുറ്റുപാടുകളും സാംസ്‌കാരിക ചുറ്റുപാടുകളും ഇവരുടെ വികാസപരമായ പ്രക്രിയകളെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. കുടുംബത്തിലെ ഐക്യമില്ലായ്മ, കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തിലെ തകരാറുകൾ, സംസാരിക്കുന്നതിനും കാര്യങ്ങൾ കണ്ടു ഗ്രഹിക്കുന്നതിനുമുള്ള അവസരങ്ങളുടെ അഭാവം, കുടുംബത്തിന്റെ പൊതുവായിട്ടുള്ള ദാരിദ്ര്യം എന്നിവയും മാനസിക വിമന്ദനത്തിനു കാരണമാകാറുണ്ട്. ഈ രംഗത്തു നടത്തിയിട്ടുള്ള ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ആവിർഭവിച്ച ഒരു സങ്കൽപനമാണ് ‘സാംസ്‌കാരിക-കുടുംബ-മാനസിക വിമന്ദനം’ എന്നത്. ജീവശാസ്ത്രപരമായ തകരാറുകൾ കൊണ്ടല്ലാതെ ഉണ്ടാകുന്ന മാനസിക വിമന്ദനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം കുട്ടികളുടെ രക്ഷാകർത്താക്കളിൽ ആരെങ്കിലും ഒരാളോ അല്ലെങ്കിൽ സഹോദരങ്ങളിൽ ആരെങ്കിലുമോ ഇങ്ങനെ മാനസിക വിമന്ദനം ബാധിച്ചവരായി ഉണ്ടാകുന്നതാണ്.

മാനസിക വിമന്ദന നിയന്ത്രണം

(1) കുടുംബ ഉത്തരവാദിത്തം (Family Responsibiltiy)

മാനസിക വിമന്ദനം ബാധിച്ച കുട്ടികൾക്ക് കുടുംബാംഗങ്ങളുടെ സ്‌നേഹം, അവരുമായി പരസ്പരപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനുള്ള അവസരം, സമപ്രായക്കാരുമായി ഒത്തുചേർന്നു പ്രവർത്തിക്കുന്നതിനുള്ള അവസരം എന്നിവ അത്യാവശ്യമാണ്. എന്നാൽ, മറ്റുള്ളവരിൽനിന്നു വ്യത്യസ്തമായതിനാൽ ഇവർക്ക് ഈ പ്രവർത്തനങ്ങൾക്കുള്ള അവസരങ്ങൾ പലപ്പോഴും നിഷേധിക്കപ്പെടുകയാണുണ്ടാകുന്നത്. മാനസിക വിമന്ദനം ബാധിച്ച കുട്ടികൾ കുടുംബാംഗങ്ങളിൽ കുറ്റബോധം ജനിപ്പിക്കാറുണ്ട്. അവരുടെ അമിതമായ സംരക്ഷണം, സ്‌നേഹം, വാത്സല്യം എന്നിവമൂലമാണ് കുട്ടിയിൽ സ്വയംസംരക്ഷണത്തിന് ആവശ്യമായ കഴിവുകൾ വികസിക്കാതെപോയത് എന്ന ചിന്തയാണ് ഇതിനു കാരണം. ചില കുടുംബങ്ങളിൽ രക്ഷാകർത്താക്കൾ കുട്ടിയുടെ മാനസിക വിമന്ദനം പരിഗണിക്കാതെ സ്‌കൂൾ പഠനത്തിൽ മറ്റുകുട്ടികളെ പോലെയുള്ള സാമാന്യത പ്രതീക്ഷിക്കാറുണ്ട്. ഇതു കുട്ടിക്ക് കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് ഇടയാക്കും; മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തതിലുള്ള വിഷമമാണ് ഇതിനു കാരണം.

2) രോഗനിർണയം അംഗീകരിക്കൽ (Acting the Diagnosis)

കുട്ടികൾക്ക് മാനസിക വിമന്ദനം സംഭവിച്ചിട്ടുണ്ടെന്നുള്ള ചികിത്സാവിദഗ്ധരുടെ വിധിനിർണയം രക്ഷാകർത്താക്കളിൽ ഉളവാക്കുന്ന പ്രതികരണങ്ങൾ വ്യത്യസ്തങ്ങളാണ്. ഇത്തരത്തിൽ രോഗനിർണയം നടത്തുമ്പോൾ നാലു വ്യത്യസ്ത രീതികളിൽ രക്ഷാകർത്താക്കൾ പ്രതികരിക്കാറുണ്ട്; കുറ്റബോധം, കോപം, നിരാശ, നിഷേധം എന്നിവയാണിവ. കുട്ടികളെ സംബന്ധിച്ചു രക്ഷാകർത്താക്കളിൽനിന്നും ഉണ്ടാകുന്ന പ്രതീകരണങ്ങൾ പലപ്പോഴും അവ്യക്തമായിരിക്കും. ഒരുതരത്തിൽ കുട്ടികളെ സംരക്ഷിക്കുകയും സ്‌നേഹിക്കുകയും സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുമ്പോൾ മറ്റൊരുവിധത്തിൽ അവർ കോപം, നാണക്കേട്, കുറ്റബോധം എന്നിവയും വച്ചുപുലർത്താറുണ്ട്. ചില രക്ഷാകർത്താക്കൾക്ക് രോഗനിർണയം അംഗീകരിക്കാൻ വലിയ വിഷമംതോന്നും. തങ്ങളുടെ കുട്ടി സാമാന്യനാണെന്നു വിധിയെഴുതുമെന്നു കരുതി പല വിദഗ്ധരെയും അവർ മാറിമാറി കാണിക്കുകയും ചെയ്യും. ഇത്തരം പ്രവർത്തനം സമയനഷ്ടവും ധനനഷ്ടവും വരുത്തുന്നതിനു പുറമെ തക്കതായ സമയത്ത് വേണ്ടതായ പ്രതിവിധികൾ ചെയ്യുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യും.