ഓട്ടിസം; ലക്ഷണങ്ങളും കാരണങ്ങളും - 02

ഡോ. മുനവ്വർ

2022 സെപ്തംബർ 03, 1444 സ്വഫർ 06

ഡി. അചേത വസ്തുക്കളോടുള്ള അമിത താൽപര്യം (Dominant Interest in Non-living Object).

ടെലിഫോൺ, മേശ, കളിപ്പാട്ടങ്ങൾ തുടങ്ങിയ അചേതന വസ്തുക്കളോട് മറ്റുള്ളവരോടു കാണിക്കുന്നതിനെക്കാൾ താൽപര്യം ഓട്ടിസം ബാധിച്ചവർ കാട്ടാറുണ്ട്. സാമൂഹികബന്ധങ്ങൾ ഉണ്ടാക്കുന്നതിലുള്ള പരാജയമാണ് ഇതിന് ഇവരെ പ്രേരിപ്പിക്കുന്നത്. ഇങ്ങനെ മറ്റുള്ളവരുടെ സാമീപ്യവും കണ്ണുകൊണ്ടുള്ള ബന്ധപ്പെടലും ഒഴിവാക്കുന്ന ഇവർ പൂർണമായ ഒറ്റപ്പെടൽ സ്വായത്തമാക്കും.

ഇ. സംസാരശേഷി വികാസ വിമന്ദനം (Retardation of Speech Development)

ഓട്ടിസം ബാധിച്ച കുട്ടികളിൽ കാണുന്ന മറ്റൊരു വൈകല്യം സംസാരശേഷിയുടെ വിമന്ദനമാണ്. ചിലപ്പോൾ സംസാരശേഷി ഒരിക്കലും ഉണ്ടായില്ലെന്നുവരാം. സംസാരശേഷിയുടെ വികാസത്തിലുണ്ടായ പരാജയത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. സർവനാമം (pronoun) െതറ്റിച്ച് ഉപയോഗിക്കുക എന്നതും ഇവരിൽ കാണുന്ന ഒരു പ്രത്യേക സവിശേഷതയാണ്. ഉദാ: സ്വയസൂചകത്തിനു ‘നിങ്ങൾ’ എന്നും മറ്റുള്ളവരെ സൂചിപ്പിക്കുന്നതിന് ‘ഞാൻ,’ ‘എന്റെ’ എന്നീ പദങ്ങളും ഇവർ പ്രയോഗിക്കാറുണ്ട്.

എഫ്. താളാത്മക ചലന പ്രകടനം (Exhibition of Rhythmical Movements)

ശരീരം ആട്ടിക്കൊണ്ടിരിക്കുക, ഉരുണ്ടുകൊണ്ടിരിക്കുക, ചാടിക്കൊണ്ടിരിക്കുക അല്ലെങ്കിൽ തലയാട്ടിക്കൊണ്ടിരിക്കുക തുടങ്ങിയ സ്വഭാവങ്ങകൾ ഓട്ടിസം ബാധിച്ചിട്ടുള്ളവരിൽ കാണാവുന്നതാണ്. ഫാൻ പോലുള്ള കറങ്ങിക്കൊണ്ടിരിക്കുന്ന വസ്തുക്കൾ ഇവരെ പ്രലോഭിപ്പിക്കാറുണ്ട്.

ജി. വലിയ ശബ്ദത്തോടുള്ള പേടി (Afraid of Loud Noise)

മൈക്കിന്റെ ശബ്ദം, വാഹനങ്ങളുടെ ശബ്ദം പോലുള്ളവ തുടങ്ങിയവ ഓട്ടിസം ബാധിച്ചവരിൽ പേടി ഉളവാക്കാറുണ്ട്.

ഓട്ടിസത്തിന്റെ കാരണങ്ങൾ

ഓട്ടിസത്തിന്റെ മാനസികവും ശാരീരികവുമായിട്ടുള്ള നിരവധി കാരണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്.

1. കുടുംബ ബന്ധങ്ങളിലെ പരസ്പര പ്രവർത്തനത്തിന്റെ അഭാവം (Lack of family Interaction)

മാതാപിതാക്കളിൽ നിന്നും കുട്ടികൾക്കുണ്ടാകുന്ന അകൽച്ചയാണ് ഓട്ടിസത്തിലേക്ക് അവരെ തള്ളി വിടുന്നതെന്നാണ് പല മനശ്ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നത്. ഇത്തരം കുട്ടികളുടെ രക്ഷാകർത്താകൾ സാമൂഹികബന്ധങ്ങളോട് പൊതുവിൽ നിസ്സംഗത പുലർത്തുന്നവരാണ്. ശൈശവത്തിൽ മാതാവുമായി അടുത്തബന്ധം പുലർത്താൻ കഴിയാതെ വന്നാൽ ഭാഷാപരമായ കഴിവിന്റെ വികാസം ഉണ്ടാകുന്നതല്ല. ഇതു സാമൂഹികവൽക്കരണത്തെ പ്രതികൂലമായി ബാധിക്കും.

2. സിരാസംബന്ധമായ അസാമാന്യത (Neurological Abnormalities)

തലച്ചോറിന്റെ തകരാറുമൂലം ഉണ്ടാകുന്ന സിരാസംബന്ധമായ സാമാന്യതയും ഓട്ടിസവും തമ്മിൽ ഏറെ ബന്ധമുണ്ട്. ഓട്ടിസം ബാധിച്ചവരുടെ വിദ്യുദ് മസ്തിഷ്‌കലേഖ (Electro Encephalogram-EEG) ത്തിൽ അപസാമാന്യത ഉള്ളതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. പൊതുവിൽ ഇവരുടെ വിദ്യുത് മസ്തിഷ്‌കലേഖം സൂചിപ്പിക്കുന്നത് മസ്തിഷ്‌കം ശരിക്കും വളർച്ച പ്രാപിച്ചിട്ടില്ല എന്നാണ്. സിരാസംബ ന്ധമായ ഇത്തരം അപസാമാന്യതയ്ക്ക് പല കാരണങ്ങളുണ്ട്. ചില കുട്ടികളിൽ ഇതു പാരമ്പര്യസിദ്ധിയായിരിക്കും; മാതാപിതാക്കൾക്കുണ്ടാകുന്ന പരിക്കുകൾ മൂലമോ അല്ലെങ്കിൽ ജനനശേഷം ഉണ്ടാകുന്ന സമ്മർദം മൂലമോ ആകാം മറ്റു ചിലരിൽ സിരാസംബന്ധമായ അസാമാന്യത ഉണ്ടാകുന്നത്.

(അവസാനിച്ചില്ല)