ഓട്ടിസം; ലക്ഷണങ്ങളും കാരണങ്ങളും

ഡോ. മുനവ്വർ

2022 സെപ്തംബർ 10, 1444 സ്വഫർ 13

ബുദ്ധിക്കുറവ് (Intellectual Deficit)

ഓട്ടിസം ബാധിച്ചിട്ടുള്ള ഏതാണ്ട് 75 ശതമാനം പേരിലും ബുദ്ധിശക്തി കുറവായിട്ടാണ് കണ്ടുവരുന്നത്. എന്നാൽ ബുദ്ധിശക്തിക്കുറവും ഓട്ടിസവും ഒന്നാണെന്നു പറയാവുന്നതുമല്ല. ഓട്ടിസത്തിലെ അസാ മാന്യതയും ബുദ്ധിപരമായ കുറവും തമ്മിൽ പ്രത്യേകബന്ധം ഉണ്ട് എന്നു പറയുന്നതാകും ശരി. ചിന്താശക്തിയിൽ പൊതുവിൽ കാണുന്ന കുറവ് ഭാഷാപരമായ കഴിവിനെയും മറ്റു പഠന വൈദഗ്ധ്യങ്ങളെയും പ്രതികൂലമായി ബാധിക്കും.

ഓട്ടിസത്തിന്റെ നിയന്ത്രണം

താഴെ പറയുന്ന മാർഗങ്ങൾ അവലംബിച്ച് ഓട്ടിസത്തെ ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കാവുന്നതാണ്.

(എ) വിദ്യാഭ്യാസം (Education): പ്രത്യേക പരിശീലനം നേടിയിട്ടുള്ള അധ്യാപകർക്കോ അല്ലെങ്കിൽ മനോരോഗ ചികിൽസാവിദഗ്ധന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അധ്യാപകർക്കോ ഓട്ടിസത്തെ ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കാവുന്നതാണ്. സംസാര ശേഷി വർധിപ്പിക്കുന്നതിനുള്ള വൈദഗ്ധ്യം ആർജിക്കുന്നതിനും അതുവഴി സാമൂഹിക ഇടപെടലുകൾക്കുള്ള മാർഗം സൃഷ്ടിക്കുന്നതിനുമാണ് ഇത്തരം അധ്യാപകർ ഊന്നൽ നൽകാറുള്ളത്.

(ബി) വ്യവഹാര പരിഷ്‌കരണം (Behavioural Modification): പല വ്യവഹാര ന്യൂനതകളും പരിഹരിക്കുന്നതിന് ഈ സമ്പ്രദായം വളരെ ഫലപ്രദമായിട്ടാണ് കാണുന്നത്. പ്രവൃത്തികൾക്ക് പ്രതിഫലവും ശിക്ഷയും നൽകുന്ന തത്ത്വം അനുസരിച്ചാണ് വ്യവഹാരത്തിൽ പരിഷ്‌കരണം അഥവാ മാറ്റം ഉളവാക്കുന്നത്. ഐ.പി.പവ്‌ലോവ്, ജെ.ബി വാട്ട്‌സൺ, ബി.എഫ് സ്‌കിന്നർ എന്നിവരാണ് ഈ സിദ്ധാന്തത്തിന്റെ പ്രമുഖ വക്താക്കൾ. ഓട്ടിസം മൂലമുള്ള അപസാമാന്യത പുലർത്തുന്ന കുട്ടികളുടെ ആശയവിനിമയത്തിനുള്ള കഴിവും സാമൂഹികവൽക്കരണത്തിനുള്ള കഴിവും വർധിപ്പിക്കുന്നതിന് ഈ മാർഗം ഉപയോഗപ്പെടുത്തിവരുന്നു.

രക്ഷാകർത്താക്കളെ ഉപദേശിക്കൽ (Parental Counselling)

ഓട്ടിസം ബാധിച്ച കുട്ടികളെ; വിശേഷിച്ചും അവർ കോപിഷ്ഠരാകുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ സംബന്ധിച്ച് രക്ഷാകർത്താക്കൾക്ക് പ്രായോഗികപരിജ്ഞാനം നൽകുകയാണ് ഈ അപസാമാന്യത പരിഹരിക്കുന്നതിനുള്ള മറ്റൊരു മാർഗം. തങ്ങളുടെ കുട്ടികളിൽ അടിസ്ഥാനപരമായിട്ടുള്ള സാമൂഹിക വൈദഗ്ധ്യം വികസിപ്പിച്ചെടുക്കേണ്ട മാർഗങ്ങൾ ഇവരെ പഠിപ്പിക്കാവുന്നതാണ്. ഓട്ടിസം ബാധിച്ചവരെ പ്രത്യേക സ്ഥാപനങ്ങളിൽ പരിചരിക്കുന്ന പതിവ് മനശ്ശാസ്ത്രജ്ഞന്മാർ ഇപ്പോൾ നിരുത്സാഹപ്പെടുത്തിവരികയാണ്. അതിന് ചില ദോഷവശങ്ങൾ ഉള്ളതായിട്ട് അവർ കണ്ടുപിടിച്ചതാണ് കാരണം. അതിനാൽ പ്രത്യേക കേന്ദ്രങ്ങളിൽവച്ച് രക്ഷാകർത്താക്കൾക്ക് തങ്ങളുടെ കുട്ടികളെ നിയന്ത്രിക്കേണ്ട വിധത്തെക്കുറിച്ച് പരിശീലനം നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. ഇതിനായി പ്രത്യേക പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തികളുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു.

(അവലംബം)