എന്താണ് കൗൺസലിംഗ് ?

അബൂ റാഷിദ 

2022 ജനുവരി 29, 1442 ജുമാദൽ ആഖിർ 26

മനശ്ശാസ്ത്ര ചികിത്സാപരമായ ആശയവിനിമയം (തെറാപ്യൂട്ടിക് കമ്യൂണിക്കേഷന്‍) എന്ന് കൗണ്‍സലിങ്ങിനെ നിര്‍വചിക്കാം. മനശ്ശാസ്ത്രപരമായ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് മാനസികപ്രശ്‌നവുമായി എത്തുന്നയാളുടെ മാനസികാരോഗ്യം ഉയര്‍ത്തുകയോ പിരിമുറുക്കം കുറയ്ക്കുകയോ ചെയ്യുവാന്‍ സഹായകമായ ആശയവിനിമയമാണ് കൗണ്‍സലിങ്.

സൈക്കോളജിസ്റ്റു നല്‍കുന്ന മനശ്ശാസ്ത്ര ചികിത്സകളെ പൊതുെവ വിളിക്കുന്ന പേരാണ് സൈക്കോതെറാപ്പി. ഇന്‍സൈറ്റ് ഓറിയന്റ് സൈക്കോതെറാപ്പി, റീ എജ്യുക്കേറ്റീവ് സൈക്കോതെറാപ്പി, റീ കൺസ്‌ട്രക്ടീവ് സൈക്കോ തെറാപ്പി, സപ്പോര്‍ട്ടീവ് സൈക്കോ തെറാപ്പി എന്നിങ്ങനെ പലതരം സൈക്കോതെറാപ്പിയുണ്ട്. ചികിത്സക്കെത്തുന്നയാളുടെ മാനസികനില ആശ്രയിച്ചാണ് ചികിത്സകന്‍ ഏതു രീതി സ്വീകരിക്കണമെന്നു തീരുമാനിക്കുന്നത്. പ്രത്യേകിച്ച് മനോരോഗങ്ങളോ ഗുരുതരമായ മാനസിക പ്രശ്‌നങ്ങേളാ ഇല്ലാത്ത പൂര്‍ണമായും നോര്‍മല്‍ എന്നു വളിക്കാവുന്നവര്‍ക്ക് ഫലപ്രദമായ മാര്‍ഗമാണ് സപ്പോര്‍ട്ടീവ് തെറാപ്പി. അതിന്റെ പ്രചാരമേറിയ പേരാണ് കൗണ്‍സലിങ്. അത് ഇന്ന് സ്വതന്ത്ര ശാഖയായി വ്യാപിച്ചിട്ടുണ്ട്.

ഒരാളുടെ ഉള്ളില്‍ രൂപപ്പെട്ടിരിക്കുന്ന മാനസിക പ്രശ്‌നത്തിനു സാധാരണ നിലയില്‍ അയാള്‍തന്നെയാണ് ഉത്തരം കണ്ടെത്തുക. സ്വന്തം നിലയിലോ ചുറ്റുപാടിന്റെ സാഹചര്യങ്ങളില്‍നിന്നോ ഉത്തരം കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴാണ് കൗണ്‍സലറുടെ സഹായം വേണ്ടിവരുന്നത്. പ്രത്യേകിച്ചും വിഷയത്തിനു രഹസ്യാത്മക സ്വഭാവം കൂടിയുണ്ടായിരിക്കുകയും സ്വയം കൈകാര്യം ചെയ്യാന്‍ പല തവണ  ശ്രമിച്ചിട്ടും സാധിക്കാതെ വരുകയും ചെയ്യുമ്പോള്‍ പ്രഫഷനലായ കൗണ്‍സലറുടെ സഹായം വേണ്ടിവരും.

നോര്‍മല്‍ എന്നു പറഞ്ഞാല്‍ സമയം, സ്ഥലം, വ്യക്തി എന്നിവയ്ക്കനുസരിച്ച് വേണ്ടവിധം പ്രതികരിക്കുന്നയൊരാളാണ്. മാനസികപ്രശ്‌നവുമായി വരുന്നയാളുടെ ഉള്ളിലാണ് പ്രശ്‌നം. അതിനുത്തരവും അയാളുടെ ഉള്ളിലുണ്ടാകും. ആ ഉത്തരം കണ്ടെത്താന്‍ സഹായിക്കുക എന്നതാണ് കൗണ്‍സലറുടെ ചുമതല. ഉത്തരവും കൗസലര്‍ നല്‍കിയാല്‍ അത് കൗണ്‍സലറുടെ ഉത്തരവാദിത്തമായി മാറും. വരുന്നയാള്‍ക്കുതന്നെ ഉത്തരവാദിത്തമുണ്ടാകണം. ആ ഉത്തരവാദിത്തം ഏല്‍പിച്ചുകൊടുക്കാന്‍ കൗണ്‍സലര്‍ക്ക് കഴിയണം.

വേണ്ടത്ര യോഗ്യതയും ശേഷിയുമില്ലാത്തവര്‍ കൗണ്‍സലിങ് രംഗത്ത് ഏറെയുണ്ട്. വേണ്ടത്ര പരിശീലനം കൗണ്‍സലര്‍ക്കില്ലെങ്കില്‍ ക്ലൈന്റ് മാത്രമല്ല കൗണ്‍സലറും അപകടത്തില്‍പെടും. അതിനു നല്ല ഉദാഹരണമാണ് ട്രാൻസ്‌ഫറന്‍സ് പ്രശ്‌നങ്ങള്‍.

വാഹനാപകടത്തില്‍ ഭാര്യ മരിച്ച ദുഃഖം അതിജീവിക്കാനാണ് ഒരാള്‍ ഒരു വനിതാ സൈക്കോളജിസ്റ്റിനെ സമീപിച്ചത്. രണ്ടു സെഷനുകള്‍ക്കുള്ളില്‍ കൗണ്‍സലറും ക്ലൈന്റും തമ്മില്‍ പ്രണയത്തിലായി. ഒടുവില്‍ അവര്‍ക്ക് വിവാഹം കഴിച്ചു ജീവിക്കേണ്ടിവന്നു!

ക്ലൈന്റിനെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ, എന്തും തുറന്നുപറയാവുന്ന ഇടമാണ് കൗണ്‍സലിങ് റൂം. കൗണ്‍സലിങ്ങിന്റെ വിവിധ ഘട്ടങ്ങളില്‍ ക്ലൈന്റ് പലതരത്തിലുള്ള അടുപ്പം കൗണ്‍സലറോട് കാണിച്ചെന്നിരിക്കും. ഇതിനെയാണ് ട്രാൻസ്‌ഫറന്‍സ് എന്നു പറയുന്നത്. വേണ്ടത്ര പരിശീലനം കിട്ടിയിട്ടില്ലാത്ത കൗണ്‍സലറാകട്ടെ ഈ  ട്രാൻസ്‌ഫറന്‍സിനോട് ചികിത്സാപരമായി പ്രതികരിക്കാനാവാതെ ക്ലൈന്റിന്റെ ആഗ്രഹമനുസരിച്ചു പ്രതികരിക്കാന്‍ തുടങ്ങും. ഇതാണ് കൗണ്ടര്‍  ട്രാൻസ്‌ഫറന്‍സ്. ഇത്തരം സാഹചര്യങ്ങളെ വളരെ ബോധപൂര്‍വം മുതലെടുക്കുന്ന കൗണ്‍സലര്‍മാരും ഇല്ലാതില്ല. ശരിയായ പരിശീലനം നേടിയ കൗണ്‍സലര്‍ പാലിക്കേണ്ട തൊഴില്‍ ധാര്‍മികതയുടെ പ്രാധാന്യം ഇവിടെയാണ്.