സാമൂഹിക വിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം

ഡോ. മുനവ്വർ

2022 ഒക്ടോബർ 8, 1444 റബീഉൽ അവ്വൽ 11

കാരണഘടകങ്ങൾ

സാമൂഹികവിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം ബാല്യത്തിലോ കൗമാരത്തിലോ ആരംഭിച്ചു പ്രൗഢദശയിൽ തുടരുന്നതാണ്. മനുഷ്യചരിത്രം പരിശോധിച്ചാൽ അതിന്റെ തുടക്കംമുതൽതന്നെ സാമൂഹിക വിരുദ്ധ വ്യക്തിത്വം പുലർത്തിയിരുന്നവർ ലോകത്തിന്റെ എല്ലാഭാഗത്തും ഉണ്ടായിരുന്നതായി കാണാം. ഇപ്പോഴും എല്ലാ സമൂഹത്തിലും ഇത്തരക്കാർ ധാരാളം ഉണ്ടുതാനും. സാമൂഹികവിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം ഉണ്ടാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇതുവരെ ലഭ്യമായിട്ടുള്ള അറിവുകൾ പരസ്പരവിരുദ്ധങ്ങളാണ്. അതിനാൽ ഇത് ഉടലെടുക്കുന്നതിന്റെ ശരിയായ കാരണങ്ങളെക്കുറിച്ച വ്യക്തമായിട്ടുള്ള അറിവ് ഇപ്പോഴും ഇല്ല എന്നു പറയുന്നതാകും ശരി. ഇതിനുള്ള കാരണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തങ്ങളാണ്. ഓരോ പ്രത്യേക സാമൂഹിക-സാമ്പത്തിക സംവിധാനത്തിലും സാമൂഹികവിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ ഭിന്നമായിരിക്കും.

മനശ്ശാസ്ത്രജ്ഞർ, കുറ്റാന്വേഷണ വിദഗ്ധർ, സാമൂഹിക ശാസ്ത്രജ്ഞർ, നരവംശശാസ്ത്രജ്ഞർ തുടങ്ങിയവർ ഈ രംഗത്തു നടത്തിയിട്ടുള്ള ആധുനിക ഗവേഷണഫലങ്ങൾ സാമൂഹിക വിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വം ഉണ്ടാകുന്നതിനു മൂന്നു പ്രധാനപ്പെട്ട കാരണങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്:

1. കുടുംബവും സാമൂഹിക പശ്ചാത്തലവും.

2. പഠനത്തിലെ ന്യൂനതകൾ.

3. കേന്ദ്ര നാഡീവ്യൂഹത്തിന്റെ അസാധാരണത്വം.

1. കുടുംബവും സാമൂഹിക പശ്ചാത്തലവും

ജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ കുടുംബത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ സാമൂഹിക വിരുദ്ധ വ്യക്തിത്വം ഉടലെടുക്കുന്നതിനു കാരണമാകാറുണ്ടെന്നു ചില ഗവേഷണപഠനങ്ങൾ സൂചിപ്പിക്കുന്നു. വിവാഹമോചനം, ഉപേക്ഷിക്കൽ, വേർപിരിഞ്ഞു താമസിക്കൽ എന്നീ കാരണങ്ങളാൽ രക്ഷാകർത്താക്കൾ നഷ്ടപ്പെടുന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അധികം ഗവേഷകരും അഭിപ്രായപ്പെടുന്നത് രക്ഷാകർത്താക്കളുടെ അഭാവമല്ല, മറിച്ച് കുടുംബത്തിലെ മോശമായ പശ്ചാത്തലവും അവഗണിക്കുന്ന രക്ഷാകർത്താക്കളുമാണ് സാമൂഹികവിരുദ്ധ ക്രമരാഹിത്യ വ്യക്തിത്വത്തിനു കാരണം എന്നാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമാണ് മറ്റൊരു പ്രധാന ഘടകം. രക്ഷാകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന രണ്ടുതരം വ്യവഹാരരീതി കുട്ടികളിൽ സാമൂഹികവിരുദ്ധ വ്യക്തിത്വം ഉണ്ടാകുന്നതിനു കാരണമാകാറുണ്ട്. കുട്ടികളോടുള്ള രക്ഷാകർത്താക്കളുടെ തണുപ്പൻ സമീപനവും അകൽച്ചയുമാണ് ഇവയിൽ ആദ്യത്തേത്. കുട്ടികളിൽ അച്ചടക്കം വളർത്തിയെടുക്കുന്നതിനായി രക്ഷാകർത്താക്കൾ കാണിക്കുന്ന സ്ഥിരതയില്ലാത്ത പെരുമാറ്റമാണ് രണ്ടാമത്തെ കാരണം.

രക്ഷാകർത്താക്കളുടെ മനോഭാവവും വ്യവഹാരവും കുട്ടികളുടെ വ്യക്തിത്വരൂപീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. കുട്ടികളോട് രക്ഷാകർത്താക്കൾ തണുപ്പൻമട്ടിൽ പെരുമാറുകയും അവരുമായി അടുത്തിടപഴകാതിരിക്കുകയും ചെയ്താൽ അവരുമായി അടുത്ത സ്‌നേഹബന്ധം പുലർത്താൻ കഴിയാതെവരും. രക്ഷാകർത്താക്കളെ കുട്ടികൾ അനുകരിക്കുമെന്നതും നമുക്കറിയാവുന്ന വസ്തുതയാണ്. അതിനാൽ ഇത്തരം രക്ഷാകർത്താക്കളാൽ വളർത്തപ്പെടുന്ന കുട്ടികൾ വളർന്നു വലുതാകുമ്പോൾ അവരും അവരുടെ കുട്ടികളോട് ഇത്തരം തണുപ്പൻ സമീപനവും അകൽച്ചയും പ്രകടിപ്പിക്കാനുള്ള സാധ്യതയുണ്ട്. രക്ഷാകർത്താക്കളുടെ വ്യവഹാരത്തിൽ കാണുന്ന സ്ഥിരതയില്ലായ്മ അഥവാ പരസ്പരവൈരുധ്യം കുട്ടികളുടെ ആരോഗ്യകരമായ വ്യക്തിത്വവികാസത്തെ പ്രതികൂലമായി ബാധിക്കും. ചില രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ ചില പ്രവൃത്തികൾക്ക് ചിലസമയത്ത് അംഗീകാരം നൽകും, മറ്റു ചില സന്ദർഭങ്ങളിൽ അത്തരം പ്രവൃത്തികളെ ചുറ്റപ്പെടുത്തുകയും ചെയ്യും. മറ്റുചില രക്ഷാകർത്താക്കൾ കുട്ടികൾ രഹസ്യമായി ചെയ്യുന്ന സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാറുണ്ട്. ഇത്തരം രക്ഷാകർത്താക്കൾ കുട്ടികളിൽ സാമൂഹിക വിരുദ്ധ വ്യക്തിത്വ രൂപീകരണത്തെ പരോക്ഷമായി സഹായിക്കുകയാണ് ചെയ്യുന്നത്. രക്ഷാകർത്താക്കൾ മാതൃകാപരമായ പെരുമാറ്റം കാഴ്ചവയ്ക്കാതിരുന്നാൽ കുട്ടികൾക്ക് അനുകരിക്കാൻ നല്ല മാതൃകകൾ ഇല്ലാതെവരും. അങ്ങനെവരുമ്പോൾ അവർക്ക് സ്വന്തം വ്യക്തിത്വം മാതൃകാപരമായ രീതിയിൽ ആവിഷ്‌കരിക്കാൻ കഴിയാതെവരും.

2. പഠനത്തിലെ ന്യൂനതകൾ

ബുദ്ധിയുള്ളവരാണെങ്കിലും സാമൂഹികവിരുദ്ധ വ്യക്തിത്വം പുലർത്തുന്നവർ ശിക്ഷകളിൽ നിന്നു പാഠം പഠിക്കണമെന്നില്ല. ഈ വസ്തുത മനോരോഗ ചികിത്സാരംഗത്തു പ്രവർത്തിക്കുന്നവരെ കുഴയ്ക്കുന്ന ഒരു പ്രശ്‌നമായി ഇപ്പോഴും അവശേഷിക്കുന്നു. സാമൂഹികവിരുദ്ധ വ്യക്തിത്വം പുലർത്തുന്നവർക്ക് വേണ്ടെന്നു വയ്ക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള കഴിവ് മറ്റുള്ളവരെ അപേക്ഷിച്ച് കുറവാണ്. കാര്യങ്ങൾ മുൻകൂട്ടി കണ്ട് ശിക്ഷകിട്ടുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്നു മാറിനിൽക്കാനുള്ള പ്രവണത പൊതുവായിട്ടുള്ളതാണ്. എന്നാൽ ഇതിൽ സാമൂഹിക വിരുദ്ധ വ്യക്തിത്വത്തിന്റെ ഉടമകൾ പരാജയപ്പെടുക യാണ് പതിവ്. സാധാരണക്കാർക്ക് ഞെട്ടൽ ഉളവാക്കുന്ന കാര്യങ്ങൾ സാമൂഹിക വിരുദ്ധരിൽ ഞെട്ടൽ ഉളവാക്കാറില്ല. അതിനാൽ അത്തരം കാര്യങ്ങളിൽനിന്നും അവർ പിന്മാറുകയില്ല. മറ്റുള്ളവരിൽ ഭീതി ജനിപ്പിക്കുന്ന സംഭവങ്ങൾ ഇവരെ എളുപ്പത്തിൽ ബാധിക്കാറില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സാമൂഹികവിരുദ്ധർ അവരിൽ പരമാവധി ഇളക്കം സൃഷ്ടിക്കാൻ കഴിയുന്ന സംഭവങ്ങൾ അന്വേഷിച്ചു നടക്കുകയാണ് പതിവ്. അനന്തരഫലത്തെപ്പറ്റി ചിന്തിക്കാതെ വികാരോജ്വല സാഹചര്യങ്ങൾ സൃഷ്ടിച്ച് ഒരു നിമിഷനേരത്തേക്കെങ്കിലും സന്തോഷം അനുഭവിക്കാനുള്ള അഭിനിവേശം ഇവരിൽ അടങ്ങിയിട്ടുണ്ട്. സാധാരണഗതിയിലുള്ള ജീവിതക്രമം ഇവരിൽ വിരസതയുളവാക്കും. ഇക്കാരണത്താലാണ് സ്‌നേഹികവിരുദ്ധ വ്യക്തിത്വം ഉള്ളവർ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിതരാകുന്നത്. കുറ്റകൃത്യങ്ങളിൽനിന്നും ഇവർ ആഹ്ലാദം അനുഭവിക്കും. ശിക്ഷ കുറെ കഴിഞ്ഞല്ലേ ഉണ്ടാകുകയുള്ളൂ എന്ന് അവർ ആശ്വസിക്കുകയും ചെയ്യും.

3. കേന്ദ്രനാഡീവ്യൂഹത്തിന്റെ അസാധാരണത്വം

സാമൂഹികവിരുദ്ധ വ്യക്തിത്വം ഉള്ളവരും സാമാന്യ വ്യക്തിത്വം ഉള്ളവരും തമ്മിൽ ശരീരഘടനയിൽ പല വ്യത്യാസങ്ങളും ഉള്ളതായി ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക വിരുദ്ധരുടെ വിദ്യുത് മസ്തിഷ്‌കലേഖ(EEG)ത്തിൽ അസാമാന്യതയുള്ളതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു; കോപിഷ്ഠരും ആക്രമണകാരികളുമായിട്ടുള്ളവരുടെ കാര്യത്തിൽ ഇതു കൂടുതൽ ശരിയെന്നും തെളിഞ്ഞിട്ടുണ്ട്. EEG യിലെ അപസാമാന്യത രണ്ടുതരത്തിൽ കാണപ്പെടുന്നു. ആദ്യത്തേതിൽ മസ്തിഷ്‌ക തരംഗങ്ങൾ വേഗത കുറഞ്ഞതാണ്. ഇതു കുട്ടികളുടെ മസ്തിഷ്‌ക തരംഗത്തിനു സമാനമാണ്. മസ്തിഷ്‌കവികാസത്തിന്റെ അപര്യാപ്തതയെയാണ് ഇതു സൂചിപ്പിക്കുന്നത്. വളർന്നുവരുംതോറും ഇവരുടെ മസ്തിഷ്‌കാവരണം പൂർണവളർച്ച പ്രാപിച്ചു തുടങ്ങും. ഏതാണ്ട് 30-40 വയസ്സ് പ്രായമാകുമ്പോഴേക്കും ഇവരുടെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാന്ദ്യം സംഭവിച്ചു തുടങ്ങും.

വിദ്യുത്മസ്തിഷ്‌കലേഖത്തിൽ കാണുന്ന ആണിപോലുള്ള ഉയർച്ച (positive spiking)യാണ് സാമൂഹികവിരുദ്ധ വ്യക്തിത്വമുള്ളവരിൽ കാണുന്ന രണ്ടാമത്തെ അപസാമാന്യത. മസ്തിഷ്‌കതരംഗങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ഗതിവേഗതയെയാണ് ഇതു സൂചിപ്പിക്കുന്നത്. എന്നാൽ, അൽപസമയം മാത്രമെ ഇതു നീണ്ടുനിൽക്കാറുള്ളൂ. മസ്തിഷ്‌ക തരംഗങ്ങളിൽ കാണുന്ന ആണിപോലുള്ള ഈ ഉയർച്ച പെട്ടെന്നുണ്ടാകുന്ന ആവേശത്തിന്റെയും ആക്രമണാസക്തിയുടെയും സൂചനയാണ്. ഇത്തരം വ്യക്തികൾക്ക് അവരുടെ പ്രവൃത്തികളിൽ ഉൽക്കണ്ഠയോ കുറ്റബോധമോ ഉണ്ടാകാറില്ല. കേന്ദ്ര നാഡീവ്യൂഹത്തിന്റെ, വിശേഷിച്ചും വികാരത്തെയും അഭിപ്രേരണയെയും നിയന്ത്രിക്കുന്ന ഭാഗത്തിന്റെ തകരാറുകൊണ്ടാണ് മസ്തിഷ്‌കതരംഗങ്ങളിൽ ഈ അപസാമാന്യത ഉണ്ടാകുന്നത്.