കള്ളം പറയൽ നിയന്ത്രണം

ഡോ. മുനവ്വർ

2022 നവംബർ 26, 1444 ജുമാദുൽ ഊല 01

കുട്ടിക്കാലത്തുള്ള കള്ളം പറയൽ ശീലം പരിഹരിക്കാവുന്നതാണ്. എന്നാൽ പ്രായപൂർത്തിയായ ഒരു നുണയനെ കള്ളം പറയലിൽനിന്നു വിമുക്തനാക്കുക അത്ര എളുപ്പമല്ല. ചെയ്യേണ്ടതിനെക്കുറിച്ചും ചെയ്തുകൂടാത്തതിനെക്കുറിച്ചും എത്രയൊക്കെ പറഞ്ഞാലും ഇവരിൽ പറയത്തക്ക പ്രയോജനം ഒന്നും ഉണ്ടാകുകയില്ല. എന്നാൽ കുട്ടികളിൽ കാണുന്ന കള്ളം പറയുന്ന ശീലം മാറ്റിയെടുക്കാവുന്നതാണ്. കുട്ടികൾ കള്ളം പറഞ്ഞാൽ അതേക്കുറിച്ച് വളച്ചുകെട്ടി ചോദ്യങ്ങൾ ചോദിക്കുന്നതിനെക്കാൾ നല്ലത് നേരിട്ടുള്ള ചോദ്യം ചോദിക്കലാണ്. കള്ളം പറയുന്ന സ്വഭാവം മാറ്റിയെടുക്കാൻ നേരിട്ടുള്ള സമീപനം ഫലപ്രദമായിട്ടാണ് കണ്ടുവരുന്നത്. ഉദാഹരണത്തിന്, ഒരു കുട്ടി കള്ളം പറഞ്ഞതായി നിങ്ങൾക്ക് ബോധ്യപ്പെട്ടു എന്നിരിക്കട്ടെ; ഇത്തരം സന്ദർഭത്തിൽ കള്ളം പറയുകയാണോ എന്നു ചോദിക്കുന്നതിനുപകരം എന്തിനു കള്ളം പറഞ്ഞു എന്നു ചോദിക്കുന്നതാണ് നല്ലത്. നേരിട്ടുള്ള ഇത്തരം ചോദ്യം, ചെയ്ത കള്ളം മൂടിവയ്ക്കാൻ പുതിയ കള്ളങ്ങൾ മെനഞ്ഞെടുക്കുന്നതിൽനിന്നും കുട്ടിയെ പിന്തിരിപ്പിക്കും. ഇതു കൂടാതെ കള്ളം പറഞ്ഞതിന്റെ അടിസ്ഥാനകാരണം കൂടി കണ്ടുപിടിക്കേണ്ടതുണ്ട്. അതുവഴി കള്ളം പറയൽ ശീലം ദൂരീകരിക്കുന്നതിനുള്ള ശരിയായ മാർഗങ്ങളും കണ്ടുപിടിച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. കള്ളം പറയൽ സ്വഭാവത്തെ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ താഴെ വിശദീകരിക്കുന്നു.

1. കള്ളംപറയൽ സ്വഭാവത്തിന്റെ അടിസ്ഥാന കാരണത്തെക്കുറിച്ചുള്ള അന്വേഷണം

കള്ളം പറയുന്ന സ്വഭാവം ഒരു പ്രകടലക്ഷണമായി കണ്ടാൽ അതിെൻറ കാരണം അല്ലെങ്കിൽ കാരണങ്ങളെക്കുറിച്ച് ശരിയായ വിധത്തിൽ അന്വേഷണം നടത്തേണ്ടതാണ്. ഇത്തരത്തിലുള്ള അന്വേഷണം അഥവാ ആഴത്തിലുള്ള സൂക്ഷ്മപരിശോധന വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ടതാണ്. കള്ളം പറയൽ ശീലത്തിന്റെ അടിസ്ഥാനകാരണം കണ്ടുപിടിച്ചുകഴിഞ്ഞാൽ അധ്യാപകനോ രക്ഷാകർത്താവിനോ മനശ്ശാസ്ത്രജ്ഞനോ അതിൽനിന്നും പിന്തിരിയാൻ ആവശ്യമായ ർഗനിർദേശങ്ങൾ കുട്ടിക്ക് നൽകാവുന്നതാണ്.

2. പ്രകോപനപരമായ സന്ദർഭം ഒഴിവാക്കൽ

കുട്ടികൾ കള്ളം പറയാൻ പ്രേരിതരാകുന്ന സന്ദർഭങ്ങൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരും രക്ഷാകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കേതുണ്ട്. കള്ളം ചെയ്യുമോ എന്നു പരീക്ഷിച്ചുനോക്കാൻ മനപ്പൂർവം സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കുട്ടികളെ സംബന്ധിച്ചിടത്തോളം നല്ലശീലങ്ങൾ പഠിക്കുതിനെക്കാൾ എളുപ്പം ചീത്തശീലങ്ങൾ പഠിക്കുന്നതിലാണ്. അതിനാൽ മക്കൾ കള്ളം ചെയ്യാൻ സാധ്യതയുള്ള സന്ദർഭങ്ങൾ കഴിവതും ഒഴിവാക്കുകയാണ് അഭികാമ്യം.

3. കള്ളം പറയുന്നവന്റെ കുറ്റസമ്മതം

ഒരു കുട്ടി ആദ്യമായി കള്ളം പറയുമ്പോൾ ആ കുട്ടിയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയാണ് നല്ലത്. കുറ്റസമ്മതം വഴി പശ്ചാത്താപം, നാണക്കേട്, പരിഭ്രമം തുടങ്ങിയ വികാരങ്ങൾ കുട്ടികളിൽ ഉണ്ടാകും. ഇത്തരം വികാരങ്ങൾ വീണ്ടും കള്ളം പറയുന്നതിനു തടസ്സമായി വർത്തിക്കും. അതിനാൽ ഭാവിയിൽ കള്ളം പറയാനുള്ള സാധ്യത കുറയും. കള്ളം പറഞ്ഞതിന്റെ ഫലമായി ഉണ്ടായിട്ടുള്ള ഹിതകരമല്ലാത്ത സാഹചര്യം കുട്ടികൾ ഓർക്കുകയും അതുവഴി കള്ളം പറയുന്നതിൽനിന്നും അവർ പിന്മാറുകയും ചെയ്യും. ആദ്യ‌െത്ത കുറ്റസമ്മത സമയത്ത് നടത്തിയിട്ടുള്ള പ്രതിജ്ഞകൾ നിലനിർത്തുന്നതിനും കുട്ടികൾ ശ്രമിക്കുമെന്നതിനാൽ വീണ്ടും കള്ളം പറയാനോ കള്ളം ചെയ്യാനോ അവർക്ക് അറപ്പ് ഉണ്ടാകുന്നതാണ്.

3. അനുഗുണ നിർദേശങ്ങൾ

കുട്ടികൾ കള്ളം പറയുന്നത് നിയന്ത്രിക്കുന്നതിന് ചെയ്യരുതെന്ന വിലക്കുകൾ നൽകുന്നതിനെക്കാൾ ചെയ്യാനുള്ള നിർദേശങ്ങൾ നൽകുകയാണ് നല്ലതെന്നു തെളിഞ്ഞിട്ടുണ്ട്. കള്ളം പറയരുതെന്ന് ഉപദേശിക്കുന്നതിനെക്കാൾ നല്ലത് സത്യം പറയണം എന്നു പഠിപ്പിക്കുന്നതാണ്. ശിശുമനശ്ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തിൽ ഓരോ കുട്ടിയും നിഷേധത്തിന്റെതായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുക സ്വാഭാവികമാണ്. അതായത്, വളർച്ചയുടെയും വികാസത്തിന്റെയും ഒരു പ്രത്യേക ഘട്ടത്തിൽ എന്താണോ ചെയ്യാൻ പറയുന്നത് അതിെൻറ വിപരീതം പ്രവർത്തിക്കാനുള്ള ഒരു സ്വാഭാവിക പ്രവണത കുട്ടികളിൽ ഉണ്ടാകും. മുതിർന്നവരുടെ നിർദേശങ്ങൾ അവഗണിക്കുന്നതിലൂടെയോ നിഷേധിക്കുന്നതിലൂടെയോ അവർക്ക് സംതൃപ്തി ലഭിക്കുന്നതാണ് ഇതിനു കാരണം. അതിനാൽ ചെയ്യരുതെന്നു പറയുന്ന നിർദേശങ്ങളെക്കാൾ അവർക്ക് സ്വീകാര്യം ചെയ്യാൻ പറയുന്ന നിർദേശങ്ങളോടായിരിക്കും.

4. ശിക്ഷ

തെറ്റിനു തക്കതായ സമയത്തുതന്നെ ശിക്ഷ നൽകി തെറ്റു തിരുത്തിക്കുക എന്നത് വളരെ പഴക്കം ചെന്ന ഒരു സമ്പ്രദായമാണ്. എന്നാൽ കള്ളത്തിനുള്ള ശിക്ഷ പ്രവൃത്തിയുടെ വ്യാപ്തിയെ ആശ്രയിച്ചു മാത്രമെ ആകാവൂ. കള്ളം പറയുന്നവരോട് മിണ്ടാതിരിക്കുക, അവഗണിക്കുക, കൂടുതൽ ശ്രദ്ധിക്കാതിരിക്കുക തുടങ്ങിയ പരോക്ഷ ശിക്ഷകൾ കള്ളം പറയൽ സ്വഭാവത്തെ ചികിത്സിക്കാൻ കൊള്ളാവുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ശിക്ഷകളുടെ ദൈർഘ്യം കൂടാതെ സൂക്ഷിക്കേണ്ടതുണ്ട്; അപ്രകാരം സംഭവിച്ചാൽ ഫലം വിപരീതമായിരിക്കും. കുട്ടികൾക്ക് തങ്ങളെ തഴഞ്ഞതായിട്ടുള്ള തോന്നൽ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കടുത്ത രീതിയിലുള്ള അവഗണന കുട്ടികളിൽ ആക്രമണ സ്വഭാവം ഉണ്ടാകുന്നതിനും വലിയ കുറ്റങ്ങൾ ചെയ്യുന്നതിനും കാരണമാകും. കള്ളം പറയുന്നതും കള്ളം പ്രവർത്തിക്കുന്നതും തെറ്റാണെന്നു ബോധ്യപ്പെടത്തക്ക വിധത്തിലുള്ള ശിക്ഷകൾ എന്തെങ്കിലും നൽകിയാൽ മതിയാകുന്നതാണ്.

5. കുട്ടികളുടെ ആവശ്യങ്ങളുടെ പൂർത്തീകരണം

കുട്ടികളിൽ ഭാവനാശക്തി വളരെ കൂടുതലായിട്ടുണ്ട് എന്നാണ് ശിശുമനശ്ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. പലവിധത്തിലുള്ള ജീവിത സാഹചര്യങ്ങളെയും മറ്റനേകം കാര്യങ്ങളും ഭാവനയിൽ കാണാൻ കുട്ടികൾക്ക് കഴിയും. ഭാവനയുടെ ലോകത്ത് വഴുതിവീഴുമ്പോൾ വിചിത്രമായ കഥകൾ സൃഷ്ടിക്കുന്നതിനും വിചിത്രഭാവനകൾ പ്രകടിപ്പിക്കുന്നതിനും കുട്ടികൾക്കു കഴിയും. അവിശ്വസനീയമായിട്ടുള്ള ഇത്തരം കഥകൾ മറ്റുള്ളവരെക്കൊണ്ടു വിശ്വസിപ്പിക്കാനും അവർ ശ്രമിക്കും. കുട്ടികളെ പുതിയ സ്ഥലങ്ങൾ കാണിക്കുന്നതിനും പുതിയ കാഴ്ചകൾ കാണിക്കുന്നതിനും അധ്യാപകരും രക്ഷാകർത്താക്കളും ശ്രദ്ധിച്ചാൽ ഏറെ നന്നായിരിക്കും. ഇതു കുട്ടികൾക്ക് പുതിയ അവസരങ്ങൾ പ്രദാനം ചെയ്യും. അറിവു വർധിപ്പിക്കുന്നതിനും ഭാവനകളുടെ പുതിയ ലോകങ്ങളിലേക്ക് വ്യാപരിക്കുന്നതിനും ഇതുമൂലം അവർക്ക് കഴിയുന്നതാണ്.

ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറൽ

സ്‌കൂളിൽ പോകാതിരിക്കുക, അനുവാദം കൂടാതെ ക്ലാസ്സിൽനിന്നു പുറത്തുപോയി ചുറ്റിക്കറങ്ങുക എന്നീ സ്വഭാവക്കാരാണ് ഇക്കൂട്ടർ. സ്‌കൂളിൽ അധ്യാപകരും വീട്ടിൽ രക്ഷാകർത്താക്കളും കൗമാര പ്രായക്കാരോട് മോശമായ രീതിയിൽ പെരുമാറുന്നതുമൂലമാണ് ഇത്തരം വ്യവഹാരം കുട്ടികളിൽ ഉണ്ടാകുന്നത്. പഠിത്തത്തിൽ താൽപര്യം കാട്ടാതിരിക്കുക, സ്‌കൂൾ പ്രവർത്തനങ്ങളിൽ താൽപര്യം പ്രകടിപ്പിക്കാതിരിക്കുക, സ്‌കൂൾ ഉപലബ്ധി മോശമായിരിക്കുക തുടങ്ങിയ കാരണങ്ങൾക്ക് ക്ലാസ്സിൽ അധ്യാപകർ കഠിനമായ ശിക്ഷ നൽകുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്താൽ കൗമാരക്കാർ ഇത്തരം പ്രവൃത്തികളിലേക്ക് വഴതിപ്പോകാവുന്നതാണ്. ക്ലാസ്സുവിട്ടു പുറത്തുപോകുന്ന കൗമാരക്കാർ അടുത്തുള്ള പാർക്കിലോ കവലകളിലോ സിനിമാതിയേറ്ററുകളിലോ പോയി തങ്ങളുടെ സമയം പാഴാക്കുകയാണ് പതിവ്. കൗമാരക്കാർക്ക് അവരുടെ പാഠ്യപദ്ധതിയിൽ താൽപര്യം കണ്ടെത്താൻ കഴിയാത്തതാണ് ഉത്തരവാദിത്തത്തിൽനിന്നും ഒഴിഞ്ഞുമാറാനുള്ള ഒരു പ്രധാന കാരണം. സ്‌കൂളിനു പുറത്തുള്ള ലോകം അവർക്ക് പ്രചോദനം നൽകാൻ പര്യാപ്തമായിട്ടുള്ള വസ്തുതകൾകൊണ്ടു നിറഞ്ഞതാണ്, അത് അവരെ പ്രലോഭിപ്പിക്കും.

മോഷണം

ഒരാളുടെ അറിവോ അനുവാദമോ കൂടാതെ അയാളുടെ എന്തെങ്കിലും വസ്തു എടുത്തുകൊണ്ടു പോകുന്നതിനെയാണ് മോഷണം എന്നു പറയുന്നത്. മോഷണം ഒരു ദുർഗുണവും നിയമവിരുദ്ധ നടപടിയുമാണ്. മോഷ്ടിച്ച വസ്തുവിന്റെ നിസ്സാരതയോ വലിപ്പമോ ഇതിൽ പരിഗണിക്കാറില്ല. അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ മറ്റാരുടെയെങ്കിലും വസ്തുക്കൾ അനധികൃതമായി എടുത്താൽ അതിനെ മോഷണം എന്നുപറയാറില്ല. 4-5 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് മോഷണം എന്താണെന്നു തിരിച്ചറിയാനുള്ള വിവേകം ഉണ്ടായിരിക്കില്ല എന്നതാണ് ഇതിനുള്ള കാരണം. ഈ പ്രായത്തിൽ കുട്ടികളെ അവരുടെ വസ്തുക്കളും മറ്റുള്ളവരുടെ വസ്തുക്കളും എന്ന വസ്തുത പഠിപ്പിക്കേണ്ടതായിട്ടുണ്ട്. എന്റെതെന്നും അവന്റെതെന്നും ഉള്ള കാര്യം മനസ്സിലാക്കാൻ ചില കുട്ടികൾക്ക് കൂടുതൽ സമയം ആവശ്യമായിവരും.

ഒരു പ്രത്യേകതരം വസ്തു മാത്രം മോഷ്ടിക്കുന്നവരുണ്ട്. ഇത് ഒരുതരം മാനസികരോഗമാണ്. ഇങ്ങനെ മോഷ്ടിക്കുന്ന വസ്തു വളരെ നിസ്സാരമോ വളരെ വിലകൂടിയതോ ആകാം. മോഷ്ടാവിൽ കുടികൊള്ളുന്ന ഒരു പ്രത്യേക പ്രേരണയാണിത്; ആ പ്രത്യേക വസ്തു കണ്ടുകഴിഞ്ഞാൽ അത് മോഷ്ടിക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും അവർക്കു കഴിയുകയില്ല. ഇവർ പ്രേരണയുടെ ഇരയായി മാറും. തടഞ്ഞുനിർത്താൻ കഴിയാത്ത ഒരു പ്രേരണയുടെ ഫലമായി ഒരു പ്രത്യേക വസ്തു മോഷ്ടിക്കുന്ന മാനസികരോഗം ക്ലെപ്‌റ്റോമേനിയ (Kleptomania) എന്ന പേരിലാണ് അറിയപ്പെടുന്നത്. കോളേജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിൽ താമസിച്ചിരുന്ന ഒരു കുട്ടിക്ക് ക്ലെപ്‌റ്റോമേനിയ എന്ന രോഗം ഉണ്ടായിരുന്നു. കുളിക്കാൻ ഉപയോഗിക്കുന്ന സോപ്പുകൾ മോഷ്ടിക്കുകയായിരുന്നു അയാളുടെ ശീലം. ഒരിക്കൽ അയാളെ കൈയോടെ പിടികൂടി പരിശോധിച്ചപ്പോൾ ഹോസ്റ്റൽ മുറിയിൽനിന്ന് ഒരു പെട്ടി നിറയെ മോഷ്ടിച്ച സോപ്പുകൾ കണ്ടെടുത്തു.

കൗമാര കുറ്റവാസന

കൗമാരത്തിൽ ചെയ്യുന്ന കുറ്റങ്ങളാണ് കൗമാരക്കുറ്റം എന്ന പേരിൽ അറിയപ്പെടുന്നത്. അതായത് 10 മുതൽ 18 വയസ്സുവരെയുള്ള കാലഘട്ടത്തിൽ ചെയ്യുന്ന നിയമലംഘന വ്യവഹാരങ്ങളാണ് കൗമാരക്കുറ്റങ്ങൾ. 18 വയസ്സിൽ താഴെ പ്രായമുള്ള വ്യക്തികൾ ചെയ്യുന്ന മോഷണം, ഒളിച്ചോട്ടം എന്നിവയൊക്കെ കൗമാരകുറ്റങ്ങളിൽ ഉൾപ്പെടും. ഇത്തരം കുറ്റങ്ങൾ സാധാരണമാണെങ്കിലും അവയ്ക്ക് സാമൂഹികാംഗീകാരം ലഭിക്കുന്നതല്ല. ഇത്തരം കുറ്റങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള താക്കീത്. പിഴ, ശിക്ഷ എന്നിവ നൽകി അവ വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള മാർഗമാണ് സ്വീകരിക്കുക. വിദ്യാലയത്തിൽ നിന്നുള്ള ഒളിച്ചോട്ടം, മോഷണം, കള്ളവണ്ടികയറിയുള്ള യാത്ര, നിയമവിരുദ്ധ ലഹരിപദാർഥങ്ങളുടെ ഉപയോഗം, വിശേഷ ദിവസങ്ങളിലെ അതിക്രമങ്ങൾ, കൊലപാതകം, ബലാൽസംഗം തുടങ്ങിയ നിരവധി ക്രിമിനൽ വ്യവഹാരങ്ങൾ കൗമാര പ്രായത്തിലെ കുറ്റങ്ങളിൽ അടങ്ങിയിട്ടുണ്ട്.