ഫാറ്റി ലിവര്‍

ഡോ.യാസ്മിന്‍ എം.അബ്ബാസ്

2022 ഫെബ്രുവരി 19, 1442 റജബ്  18

ശരീരത്തിലെ രാസ പരീക്ഷ ണശാലയായി ആണ് കരള്‍ അറിയപ്പെടുന്നത്. അതാ യത് ദഹന ശേഷം  വിവിധ ഘടകങ്ങളായി വിഭജിക്കപ്പെടുന്ന ഭക്ഷണ പദാര്‍ഥങ്ങളെ സംസ്‌കരിച്ച് മാലിന്യങ്ങള്‍  പുറന്തള്ളുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ  സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നത് കര ളാണ്. കൂടാതെ പിത്തരസം, പ്രോട്ടീന്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുക തുടങ്ങി മറ്റനേകം പ്രധാന കര്‍മങ്ങള്‍  നിര്‍വഹിക്കുകയും ചെയ്യുന്ന, ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍.

എന്താണ് ഫാറ്റി ലിവര്‍?

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും രണ്ടു വിധം ഫാറ്റിലിവറാണ് ഉള്ളത്. ഒന്ന്, ആല്‍ക്കഹോളിക് ഫാറ്റിലിവര്‍. രണ്ട്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.

ധാരാളമായി  മദ്യപിക്കുന്നവരിലാണ്  ഒന്നാമത്തെ ഇനം കണ്ടുവരുന്നത്. എന്നാല്‍  മദ്യപിക്കാത്തവരിലും ജീവിതശൈലിയുടെയുടെ ഭാഗമായി  ഫാറ്റിലിവര്‍ കണ്ടുവരുന്നു. ഇതാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.

നോണ്‍ ആല്‍ക്കഹോളിക്  ഫാറ്റിലിവര്‍

ശരീരത്തിന്  ആവശ്യമായതിലും കൂടുതല്‍ കലോറി  ഭക്ഷണം  കഴിക്കുമ്പോള്‍ കരളിന്റെ സംഭരണ ശേഷിക്ക് താങ്ങാവുന്നതിലും കൂടുതല്‍ പോഷക ഘടകങ്ങള്‍ കരളില്‍ എത്തുകയും കരള്‍ കോശങ്ങള്‍ക്ക് അവയെ വേണ്ടവിധം  കൈകാര്യം ചെയ്യാന്‍ കഴിയാതെ വരികയും കരള്‍ കോശങ്ങളില്‍ കൊഴുപ്പ് രൂപപ്പെടുകയും ചെയ്യുന്നു. ഇതാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.

ഫാറ്റിലിവര്‍, ആശങ്ക വേണോ?

പ്രാരംഭ ഘട്ടത്തില്‍ മിക്ക ആളുകളിലും ലക്ഷണങ്ങളൊന്നും കാണിക്കാതെ ഫാറ്റി ലിവര്‍ കണ്ടുവരുന്നു. മറ്റെന്തെങ്കിലും ആവശ്യത്തിനായി സ്‌കാന്‍ ചെയ്യുമ്പോഴാണ് ഇവരില്‍ ഫാറ്റി ലിവര്‍ കണ്ടുപിടിക്കപ്പെടുന്നത്. എന്നാല്‍ സെക്കന്റ് ഡിഗ്രി സ്‌റ്റേജില്‍ എത്തുമ്പോള്‍ ചിലരില്‍  വയറുവേദന, ക്ഷീണം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

 ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് ഫാറ്റിലിവര്‍ ഉണ്ട് എന്നാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഫാറ്റി ലിവര്‍ കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞാല്‍ കരളിന്റെ പ്രവര്‍ത്തനക്ഷമത അറിയാനുള്ള രക്തപരിശോധന (LFT) കൂടി പരിശോ ധിച്ച് രോഗത്തിന്റെ തീവ്രത കണക്കാക്കാം. കൊഴുപ്പ് അടിഞ്ഞുകൂടി കരള്‍കോശങ്ങള്‍ പൂര്‍ണമായി നശിച്ചുപോകുന്ന അവസ്ഥയെയാണ് ‘ലിവര്‍ സിറോസിസ്' എന്ന് പറയുന്നത്. ഈ ഘട്ടത്തില്‍ എത്തുന്നതിന് മുന്‍പ് തന്നെ  ഫാറ്റിലിവര്‍ കണ്ടുപിടിക്കുകയും വേണ്ട പ്രതിവിധികള്‍ ചെയ്യുകയും ചെയ്താല്‍ ആശങ്കയൊഴിവാക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. ഭക്ഷണത്തില്‍ ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്ന  നാരുകള്‍ അടങ്ങിയവ  ആവശ്യത്തിന് ഉള്‍പ്പെടുത്തുക. മധുരം, കൊഴുപ്പ് മുതലായവ പരമാവധി ഒഴിവാക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക; ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍  ഇത് സഹായകമാകുന്നു. ദിവസേന ഒരു മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. ഇത്തരം ജീവിതക്രമങ്ങളിലൂടെ ഫാറ്റി ലിവറിനെ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നതാണ്.