വൃദ്ധസദനം

തെസ്‌ന വീരാൻ

2022 നവംബർ 05, 1444 റബീഉൽ ആഖിർ 10

അന്നു നിൻ കുഞ്ഞുവിരലുകൾ തഴുകി,
ഇന്നു ചുക്കിച്ചുളിഞ്ഞ ഈ കൈകളാൽ.
നിന്നെ ചുമന്നു ഞാനെത്ര നടന്നതാ-
ണിക്കൈകളിലിട്ടതൊക്കെ മറന്നുവോ?
നിൻ ബാല്യക്കുസൃതികൾ ഓർമയിലെത്തുന്നു,
നിൻ സ്‌നേഹവിളികളെൻ കാതിൽ അലയ്‌ക്കുന്നു.
ആനയായ് നീയെന്നെ സങ്കൽപിച്ചതും പിന്നെ
ആനപ്പുറത്തേറി സവാരി നീ ചെയ്തതും,
എന്തിനുമേതിനും എന്നെത്തിരഞ്ഞതും
എൻ നെഞ്ചിലൊട്ടിക്കിടന്നെന്റെ താരാട്ടു
പാട്ടു കേട്ടങ്ങനെ നീയുറങ്ങിയതും,
ഒക്കെയും മറന്നെങ്കിലും മോനേ, ഞാൻ
ഒന്നും മറന്നില്ല, കഴിയില്ലതിനൊട്ടും!
ഇന്നെന്നെ തൊടുന്നതുപോലും അറപ്പുള്ള
കാര്യമായ് മാറി നിനക്കെന്നറിവൂ ഞാൻ!
നിൻ ബാല്യവികൃതിക‌േളറെ സഹിച്ച എൻ
വാർധക്യ ചാപല്യം നിനക്കിന്നു ശല്യമോ?
വിറകൊള്ളുമീ കൈകളൊന്നു പിടിക്കുവാൻ
പോലും അറയ്‌ക്കുവാനെന്താണ് ഹേതു?
വണ്ടിയിൽ കേറ്റി നീ എന്നെയെങ്ങോട്ടാണ്
കൊണ്ടുപോകുന്നതെന്നു പറയാമോ?
രൂക്ഷമാം നോട്ടം മാത്രമോ ഉത്തരം,
അക്ഷരമൊന്നും ഉരിയാടുകില്ലേ?
ഏതോ ഒരു കെട്ടിടത്തിന്റെ മുന്നിലായ്
വണ്ടി നിറുത്തവെ ഉള്ളൊന്നു കാളിയോ?
മകനെയാദ്യാക്ഷരം ചൊല്ലിപ്പടിപ്പിച്ച
ചുണ്ടുകൾ വിറയാർന്ന സ്വരമാലെ വായിച്ചു:
‘വൃദ്ധ സദനം,’ പിന്നെയാ കണ്ണുകൾ
കണ്ണുനീർ പെയ്‌ത്തിനാൽ മൂടുകയായ്!