കഷ്ടം, നോമ്പുകാരന്‍!

സുലൈമാന്‍ പെരുമുക്ക്

2022 ഏപ്രിൽ 16, 1442 റമദാൻ 14

അയാള്‍
അമിതപ്രതീക്ഷയോടെയാണ്
അവിടെ എത്തിയത്.
ഊഴം പോലെ
കണക്കെടുപ്പ് വന്നപ്പോള്‍
ഫലം, വട്ടപ്പൂജ്യമായിരുന്നു!
അയാള്‍
നേരത്തിനു തന്നെയാണ്
നോമ്പെടുത്തതും
നോമ്പുതുറന്നതും.
മറന്നിട്ടു പോലും
അന്നപാനീയങ്ങള്‍
അകത്താക്കിയിട്ടില്ല,
അധരങ്ങളും
ആമാശയവും
സാക്ഷിയാണ്.
പകലന്തിയിലൊക്കെ
പള്ളിയിലുണ്ടായിരുന്നു,
പലവട്ടം ക്വുര്‍ആന്‍
പാരായണം ചെയ്തു.
എന്നിട്ടും
അയാളുടെ
നോമ്പിന്റെ പട്ടികയില്‍
പട്ടിണികിടന്ന
അടയാളം
മാത്രമാണ് കണ്ടത്!
കാരണം,
അയാളുടെ
കണ്ണിനും കാതിനും
മനസ്സിനും
കൈകാലുകള്‍ക്കും
നോമ്പുണ്ടായിരുന്നില്ല.
നോമ്പിന്റെ
ആത്മാവ് എവിടെയാണ്
കുടിയിരിക്കുന്നതെന്ന്
അറിയാതെ പോയാല്‍
ഇങ്ങനെ ശൂന്യതയിലാണ്
ചെന്നെത്തുക!