എന്തു ചെയ്യാൻ !

സുലൈമാൻ പെരുമുക്ക്

2022 ആഗസ്റ്റ് 06, 1442 മുഹർറം 07

കരയുന്ന കുഞ്ഞിനേ
പാലുള്ളൂവെന്ന്
പറയുന്നതു കേട്ടാണ്
കരയാൻ തുടങ്ങിയത്.
പക്ഷേ, ഈ കരച്ചിൽ
കള്ളക്കരച്ചിലാണെന്നു
പറഞ്ഞപ്പോൾ സങ്കടമായി!
കുട്ടികളായാൽ
കളിയും ചിരിയും
അലങ്കാരമാണെന്നു
പറയുന്നതു കേട്ടാണ്
കളിയും ചിരിയും
പതിവാക്കിയത്.
പക്ഷേ, ഇതൊരു
‘കുരുത്തംകെട്ട കുട്ടി’യെന്നു
പറഞ്ഞു ശപിച്ചപ്പോൾ
ഹൃദയം നുറുങ്ങി.
എല്ലുമുറിയെ
പണിയെടുത്താൽ
പല്ലുമുറിയെ തിന്നാമെന്നത്
തിരക്കിനിടയിൽ
ഒന്നു തലതിരിച്ചു
വായിച്ചതിനാണ്
തീറ്റപ്പണ്ടാരമെന്നു വിളിച്ചത്!
ജീവിതപങ്കാളി
തുല്യതയെക്കാൾ
പരിഗണനയർഹിക്കുന്നുവെന്ന്
ഉരിയാടിയപ്പോഴാണ്
പെൺകോന്തനെന്നു
പെൺപിറപ്പുകൾ പോലും
പറഞ്ഞു ചിരിച്ചത്!
ജന്മം നൽകിയോരെ
ജീവനെക്കാൾ
സ്‌നേഹിക്കണമെന്ന പാഠം
ജീവിതംകൊണ്ട്
എഴുതുമ്പോൾ
എന്നോട് സ്‌നേഹം
കുറഞ്ഞെന്ന
അവളുടെ വാക്കുകൾ
നെഞ്ചിൽ
വലിയ തേങ്ങലായി
ഓളം വെട്ടി.