അടിമയുടെ സാക്ഷ്യം

ഷാനവാസ് കുലുക്കല്ലൂര്‍

2022 ഫെബ്രുവരി 19, 1442 റജബ്  18

മുഖത്ത് അടിമത്തത്തിന്റെ അടയാളവും
പുറത്ത് ചാട്ടവാറടിയുടെ ചിഹ്നങ്ങളും...
പാഴ്‌ച്ചേറില്‍നിന്ന്
മഹത്ത്വത്തിന്റെ ഉന്നതിയിലേക്ക്
വിരിഞ്ഞുയര്‍ന്ന ആമ്പല്‍പൂവ്,
ചരിത്രത്തില്‍ അദ്ദേഹമൊരു അടിമ.
യജമാനന്റെ മര്‍ദനങ്ങള്‍
ആ കറുത്തമേനിക്കുള്ളിലെ
വെളുത്ത ഹൃയത്തിലെ
സഹനത്തിന്റെ മാറ്റുരച്ചുനോക്കുന്നു.
ചീറ്റിത്തെറിച്ച രക്തത്തുള്ളികള്‍
മണല്‍ത്തരികളിലിറ്റുവീണ്
അവന്റെമേല്‍ സാക്ഷ്യം വഹിച്ചു.
ഔന്നിത്യത്തിന്റെ കല്‍പടവില്‍
കയറിനിന്നുരുവിട്ട വാക്യങ്ങള്‍
താഴ്‌വരകളില്‍ സഞ്ചരിച്ച്
മലമടക്കുകളില്‍ പ്രതിദ്ധ്വനിച്ചു,
തെരുവുകളതേറ്റുപാടി.


മിണ്ടരുത് !

സുലൈമാൻ പെരുമുക്ക്

ഈ പുതിയ കാലത്ത്
എല്ലാം കണ്ടില്ലെന്നും
കേട്ടില്ലെന്നും നടിച്ച്
മിണ്ടാതിരിക്കണം!
അതെ,ഇനിയുള്ള കാലം
ഇവിടെ ഇതൊക്കെയാണ്
പുതിയ ശരികളെന്ന്
നേർക്കാഴ്ചകൾ
വിളിച്ചോതുന്നു!
അധികാരത്തെ
അന്ധമായി
അനുസരിക്കുന്ന
പുതിയ ശീലം
പഠിക്കാത്തവർ
ഇനി കുറ്റവാളികളാണ്.
ആരും ഏതു നിമിഷവും
ശിക്ഷിക്കപ്പെടാം!
നേരിയനേരുപോലും
ഉരിയാടരുത് സർ,
ഞാൻ ചെയ്ത
തെറ്റെന്താണെന്നു ചോദിച്ചാൽ
അതു തന്നെ
ഇരട്ടി ശിക്ഷയ്ക്ക്
കാരണമായി മതി...!
ഇനി
കണ്ണും കാതും
വായും മൂടിയിരുന്ന്
വിശ്രമിക്കാം,
അല്ലെങ്കിൽ ഉറങ്ങാം.
തീരെ
സഹിക്കുന്നില്ലെങ്കിൽ
രഹസ്യമായിരുന്നു കരയാം,
അതാണിനി
ഈ പുതിയ കാലത്തെ
വലിയ സ്വാതന്ത്ര്യം!