നാളേക്കു വേണ്ടി

ഹുസ്‌ന മലോറം

2022 നവംബർ 12, 1444 റബീഉൽ ആഖിർ 17

നാളേക്കു വേണ്ടി നാമെന്തു ചെയ്തു;
നാളെ വിജയിക്കാനെന്തു ചെയ്തു?
മണ്ണിലെ വാസം കഴിഞ്ഞുവെന്നാൽ
മണ്ണിനടിയിലെ വാസമുണ്ട്!
ആർക്കും നിഷേധിക്കാനായിടാത്ത
സത്യമാണിക്കാര്യമോർത്തിടേണം.
ആറടി മണ്ണിൽ കൂട്ടാരുമില്ല,
അക്കൂരിരുട്ടിൽ നാമേകരാണ്.
നാം ചെയ്ത നന്മകൾ മാത്രമാണ്
നമ്മൾക്കു കൂട്ടായ് അന്നുള്ള കാര്യം.
ഇഹലോകം കർമങ്ങൾ ചെയ്തിടാനാ,
പരലോകം കർമഫലത്തിൻ വേദി.
ചോദ്യങ്ങൾ നമ്മോടു നേരിലാണ്,
ഉത്തരമേകേണ്ടോർ നമ്മളാണ്.
താങ്ങും തണലുമായ് ആരുമില്ല,
സ്വന്തക്കാർ, ബന്ധുക്കളില്ല കൂടെ.
അവിടെ വിജയം വരിച്ചിടുവാൻ
ദീനിന്റെ മാർഗത്തിൽ നീങ്ങിടേണം.
നന്മകളെല്ലാം നാം ചെയ്തിടേണം,
തിന്മകൾ പാടെ വെടിഞ്ഞിടേണം.