നോമ്പടുക്കുമ്പോള്‍...

ബഹിയ

2022 ഏപ്രിൽ 09, 1442 റമദാൻ 07

നോമ്പടുത്താല്‍
ആമിന്‍ത്താക്കെന്നും
തെരക്കോടു തെരക്കാത്രെ!
നിത്യേന ഓരോ പെരേലായി
നോമ്പിന്റെ വൃത്ത്യാക്കല്‍,
തൊടിയും മുറ്റവും
തൂത്തുവെടിപ്പാക്കല്‍,
അരീം മൊളകും
മല്ലീം പൊടിപ്പിക്കല്‍,
തേങ്ങവറുത്ത്
ഇടിച്ചു കുപ്പീലാക്കല്‍...
പള്ളികളും
കഴുകീം തൊടച്ചും
പെയിന്റടിച്ചും
ടൈലിട്ടും
സുന്ദരമാക്കി.
തറാവീഹിന്
ട്രെയിനേറിയ
സാഹോദര്യം
പരിഹസിക്കപ്പെടാതെ
നേതാക്കളായി...
നോമ്പുതുറ കാത്ത്
വത്തക്കകള്‍
വെയിലേറ്റു കിടന്നു.
പക്ഷേ,
അലമാരയിലിപ്പോഴും
ചില മുസ്ഹഫുകള്‍
പൊടിപിടിച്ച്....
മറക്കരുത്!
അലക്കി വെളുപ്പിച്ച്
കഞ്ഞിമുക്കേണ്ടത്
നിറം മങ്ങിയ
നമസ്‌കാരങ്ങളെ...
പെയിന്റടിച്ച്
വെടിപ്പാക്കേണ്ടത്
തുരുമ്പെടുത്ത്
വക്കു ദ്രവിച്ച
ബന്ധങ്ങളെ...
തൂത്തുകളയേണ്ടത്
വെറുപ്പിന്റെയും
വിദ്വേഷത്തിന്റെയും
മാറാലകളെ...
പിന്നെ,
സ്‌നേഹം തളിച്ച്
തൗബകൊണ്ട് കഴുകിയ
ഹൃദയത്തിലേക്കാണ്
നോമ്പിനെ
വരവേല്‍ക്കാന്‍
കരുണയാല്‍
ഒരുങ്ങേണ്ടത്....
ഒടുവില്‍
പെറ്റുവീണ
കുഞ്ഞുപോല്‍
കളങ്കമറ്റ
മനസ്സാലാണ്
പെരുന്നാളൊരുക്കേണ്ടത്...