കൊലയാളി ന്യായങ്ങള്‍

സുലൈമാന്‍ പെരുമുക്ക്

2021 ജനുവരി 15, 1442 ജുമാദൽ ആഖിർ 12

തല്ലാനും
കൊല്ലാനുമുള്ള
ന്യായങ്ങളാണ്
എല്ലാവരും
തിരയുന്നതെങ്കില്‍
എല്ലാവര്‍ക്കും
വടിയും കത്തിയും
എടുക്കാനുള്ള
ന്യായങ്ങള്‍ കാണും!
അങ്ങനെ
തല്ലിയും കുത്തിയും
കഥതീരുമ്പോള്‍
ഈ മണ്ണിന് എന്നും
സമാധാനമായിരിക്കും!
അപ്പോള്‍ പിശാച്
പൊട്ടിച്ചിരിച്ചുകൊണ്ട്
പറയും;
ഈ വിഡ്ഢികള്‍
സ്വപ്നംകണ്ട
സമാധാനം ഇതാണെന്ന്!
കഷ്ടം,
ഈ പ്രബുദ്ധത
എത്ര നാണംകെട്ടതാണ്!
അയല്‍വാസിയെ
പേടിപ്പിച്ചുകൊണ്ട്
ആരും
ചരിത്രത്തില്‍
സുഖമായി
ഉറങ്ങിയിട്ടില്ലെന്നതാണ്
സത്യം.
അനാഥകളും
വിധവകളും
നിരാലംബരും നിറഞ്ഞ
ലോകത്തിനാണ്
'ആരെടാ'യെന്ന
ചോദ്യവും
'ഞാനെടാ'യെന്ന
മറുപടിയും
പാടുപെടുന്നത്!
അധികാരികള്‍
നോക്കുകുത്തികളായാല്‍
രക്തപ്പുഴ തിരയടിച്ചു
പരന്നൊഴുകുന്നതു
കാണാം.
സ്വന്തക്കാരന്‍
കൊല്ലപ്പെട്ടതിലെ
വേദനയെക്കാള്‍
ശത്രുവിനെ
വകരുത്തിയതിലെ
സന്തോഷപ്രകടനം
സമൂഹത്തെ
പരിഹസിക്കലാണ്!
അവരാണ്
ഞങ്ങള്‍ക്കുനേരെ
ആദ്യം വാളെടുത്തതെന്ന
ഓരോ കൊലയാളി
സംഘത്തിന്റെയും
കാലങ്ങളായുള്ള
അവകാശവാദത്തിനു
മുന്നില്‍
കണ്ണും കാതും
അടച്ചുകൊണ്ട്
അധികാരം
വീണവായിച്ചു
പഠിക്കുകയാണ്.