കാവി തെളിയാത്ത കണ്ണട

സുലൈമാൻ പെരുമുക്ക്

2022 ജൂൺ 04, 1442 ദുൽഖഅദ 03

നിറങ്ങളെല്ലാം
തെളിഞ്ഞു കാണുന്ന
കണ്ണടയായിരുന്നു പണ്ട്
എല്ലാവരും വെച്ചിരുന്നത്.
ഇന്ന്
ഒരു പ്രത്യേകനിറം മാത്രം
കടുംനിറത്തിൽ
തെളിയുന്നതും
മറ്റൊരു പ്രത്യേകനിറം
മങ്ങിമായുന്നതുമായ
കണ്ണടയ്ക്കാണ്
പലർക്കും
ഏറെ പ്രിയം!
ചില നിറങ്ങൾ
മുന്നിൽ കണ്ടാൽ
മുക്രയിട്ടോടുന്ന
പോത്തിനെ പോലെയാണ്
ഇന്ന് ചില ഇരുകാലികൾ!
ചുക്കിച്ചുളിഞ്ഞ
മൗനങ്ങൾക്കുപോലും
കണ്ണഞ്ചിപ്പിക്കുന്ന
സമ്മാനങ്ങൾ
കാവിച്ചന്തയിൽ
വെച്ചിരിക്കുന്നതു കണ്ടാൽ
ആരും ഒന്നു നോക്കും...!
നിയമം
നിയമത്തിന്റെ വഴിയിൽ
ഒഴുകുന്നതാണിഷ്ടമെന്ന്
പറയുമ്പോഴും
ഒരേ തെറ്റിന്
നിറം നോക്കിയുള്ള
ഇടുങ്ങിയ ചിന്തകളുടെ
ഇരട്ടനീതിയാണ്
പലപ്പോഴും കാണുന്നത്.