ഓരോരോ മോഹങ്ങൾ

സുലൈമാൻ പെരുമുക്ക്

2022 സെപ്തംബർ 03, 1444 സ്വഫർ 06

ഓരിഞ്ച്
മരമില്ലാതെയാണ്
ബാസിത്ത്
പടുകൂറ്റൻ
ബംഗ്ലാവു പണിതത്!
കൂടെപ്പിറപ്പുകളായ
റാബിത്തിന്റെയും
സാബിത്തിന്റെയും
ചിന്തകൾ പറക്കുന്നത്
കല്ലും മണ്ണുമില്ലാതെ
എങ്ങനെ കൊട്ടാരങ്ങൾ
പണിയാമെന്നു തേടിയാണ്!
കാട്ടിൽ
കൂരയില്ലാതലയുന്ന
ജന്തുക്കളൊന്നുമില്ല.
പക്ഷേ, നാട്ടിൽ
തൂണിലും തുരുമ്പിലും
എഴുതിവെച്ച
‘നന്മയുടെ ഉറവിടങ്ങൾ’
വാഴുമ്പോഴും
കൂരയില്ലാത്ത
ജനലക്ഷങ്ങളുണ്ട്!
അതിനിടയിലെത്ര
പാഴ്‌മരങ്ങളാണ്
വന്മരങ്ങളായി
വളർന്നു വലുതായി
കടപുഴകി വീണത്!
ഖാറൂന്റെ
ഖജനാവുകളുടെ
താക്കോലുകൾ
ചുമക്കാൻ
മരുക്കപ്പലുകളുടെ
നീണ്ട നിരയുണ്ടായിരുന്നെങ്കിലും
കാലമതിന് ചപ്പുചവറുകളുടെ
വിലയാണ് നൽകിയത്!
കോടീശ്വരന്നും
കൂലിപ്പണിക്കാരന്നും
തെരുവിലലയുന്ന
നായകൾക്കും
ദാഹജലമൊന്നാണ്,
വായുവും അതുപോലെ...
തലയുയർത്തി
മണ്ണിൽ നടക്കുന്ന
മനുഷ്യരുടെ
തലതിരിഞ്ഞ
ചിന്തകളെ
കണ്ടുരസിക്കാൻ
വവ്വാലുകളിന്നും
മണ്ണിലേക്ക്
നോക്കിക്കിടക്കുന്നു.
വിത്തക്കളത്തിൽ
തുള്ളിക്കളിക്കുമ്പോൾ
ഓടിയെത്തുന്ന
മോഹങ്ങളെ
പൂരിപ്പിച്ചു പൂരിപ്പിച്ചു
തളരുമ്പോൾ
ചെന്നെത്തുന്നത്
മണ്ണിലാണെന്ന സത്യം
മണ്ണിലെത്തുന്നതിനു മുമ്പ്
അറിയുന്നതാണ്
മനുഷ്യത്വമെന്നത്
ഇനി എന്ന്,
എങ്ങനെ പഠിക്കും?