മരണം

അബ്ദുറസാഖ് മറ്റത്തൂർ

2022 ആഗസ്റ്റ് 13, 1442 മുഹർറം 14

മർത്യാ നിനക്കെന്നുമോർമ വേണം

മരണമാം അതിഥിയെ കാണുമെന്ന്

മരണം പിടികൂടുമെന്ന കാര്യം

മറക്കാതിരുന്നാൽ നിനക്കു നേട്ടം

 

മണ്ണിൽനിന്നാണല്ലോ നിന്നുൽഭവം

മണ്ണിലൂടെയാണല്ലോ നിൻ പ്രയാണം

മണ്ണിലേക്കാണൊരു നാൾ നിൻ മടക്കം

മണ്ണായിത്തീരും നിൻ മൃദുല ദേഹം

 

ഉറ്റവർ പലരുമാദ്യം യാത്രയായി

ഉലകത്തിൽനിന്നും മറഞ്ഞുപോയി

ഉടയവൻ കൽപനയൊന്നു വന്നാൽ

ഉടനെ നമുക്കും പോകേണമല്ലോ

 

ഒറ്റക്കാണല്ലോ പിറന്നു നമ്മൾ

ഒറ്റക്കു തന്നെ തിരിച്ചുപോകും

ഒക്കെയും വിട്ടേച്ചുകൊണ്ട് നമ്മൾ

ഒന്നുമില്ലാതന്ന് യാത്രയാകും

 

ഇണയില്ല, മക്കളും കൂടെയില്ല

ഇഷ്ടജനങ്ങളിലാരുമില്ല.

ഇഷ്ടമില്ലെങ്കിലും പോയിടേണം

ഇവിടില്ലയാർക്കുമെ ശാശ്വതത്വം

 

പട്ടിണിപ്പാവത്തിൽ കുടിലതിലും

പണമുള്ളവന്റെ ബംഗ്ലാവതിലും

പറന്നെത്തുമൊരുനാൾ മരണമെന്ന

പരമമാം സത്യം തിരിച്ചറിയാം.