വേനല്‍കാല രോഗങ്ങള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ഏപ്രില്‍ 21 1439 ശഅബാന്‍ 03

ചൂടുകാലത്ത് തല വിയര്‍ത്ത് ജലദോഷം, തൊണ്ടവേദന, മുക്കൊലിപ്പ്, ചുമ എന്നിവ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത് കൂടാതെ ത്വക്‌രോഗങ്ങളും ചൊറിച്ചില്‍, ഫംഗസ് ഇന്‍ഫക്ഷന്‍ എന്നിവയും സാധാരണ കണ്ടുവരുന്നു. വേനല്‍ക്കാലം വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കും വഴിവയ്ക്കുന്നു. മറ്റൊന്ന് മൂത്രച്ചൂടാണ്. മൂത്രമാഴിക്കുമ്പോള്‍ വേദന തോന്നുന്ന ഈ അസുഖം ആണ്‍കുട്ടികളിലെക്കാള്‍ പെണ്‍കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ചിക്കന്‍പോക്‌സ്, അഞ്ചാംപനി തുടങ്ങിയ വൈറസ് പകര്‍ച്ചവ്യാധികള്‍ക്കും ചൂടുകാലം കാരണമാകുന്നു.

അന്തരീക്ഷത്തിലെ വര്‍ധിച്ച ഇര്‍പ്പം മൂലം വിയര്‍പ്പ് ആവിയായി പോകാന്‍ കഴിയാത്തതുകൊണ്ടാണ് വിയര്‍ത്തൊലിക്കുന്നത്. ഇങ്ങനെ വിയര്‍ക്കുന്നതുമൂലം ശരീരത്തില്‍ ഉപ്പിന്റെ അംശം കുറയുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. അതിനാല്‍ ശരീരത്തിലെ ജലാംശം സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ രണ്ടര ലിറ്ററും മുതിര്‍ന്നവര്‍ മൂന്നു ലിറ്ററും പാനീയമായി കുടിച്ചിരിക്കണം. ഒരുലിറ്റര്‍ വെള്ളമെങ്കിലും മൂത്രമായി പുറത്തുപോകേണ്ടതുണ്ട്. അതിനാണ് ഇത്രയും പാനീയം കുടിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്. ഇതുമൂലം മൂത്രച്ചൂടും കുറഞ്ഞുകിട്ടും.

 

തൊണ്ടവേദന വന്നാല്‍

അലര്‍ജികൊണ്ടും അണുബാധകൊണ്ടും തൊണ്ടവേദനയുണ്ടാകാം. ചൂടുകാലത്ത് ഇതിന്റെ ബാക്ടീരിയ പെറ്റുപെരുകാന്‍ കാരണമാകും. തൊണ്ടവേദന വന്നാല്‍ ഗാര്‍ഗിള്‍ (ചെറിയചൂടുവെളത്തില്‍ ഉപ്പിട്ട്) ചെയ്യണം. തൊണ്ടവേദനക്ക് ആശ്വാസം ലഭിക്കുന്ന ഗുളികകള്‍ (സ്‌ട്രെപ്‌സില്‍സ്, വിക്‌സ്) കഴിച്ചുനോക്കി രണ്ടുദിവസം കഴിഞ്ഞിട്ടും മാറിയില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. അണുബാധകൊണ്ടുള്ള തൊണ്ടവേദനയാണെങ്കില്‍ ഡോക്ടറുടെ ചികിത്സ അത്യാവശ്യമാണ്. തൊണ്ടവേദന വന്നു ശബ്ദം മാറിയാല്‍ തിരിച്ചുകിട്ടാന്‍ രണ്ടാഴ്ചവരെ എടുക്കും.

പനിയോടൊപ്പവും അല്ലാതെയും കഫത്തിന്റെ അസുഖം വരാം. കഫം എന്നാല്‍ ശ്വാസനാളങ്ങളിലെ കോശങ്ങള്‍ എല്ലാസമയത്തും ഉല്‍പാദിപ്പിക്കുന്ന ദ്രാവകമാണ്. ഇത് പശപോലെ ഇരിക്കുന്നതുകൊണ്ട് ശ്വാസവായുവിലുള്ള പൊടിയും മറ്റും ഇതില്‍ പറ്റിപ്പിടിച്ച് വായു പൊടിമുക്തമാവുകയും ഇന്‍ഫക്ഷനില്‍നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ഈ കഫത്തിന്റെ അളവ് കൂടുമ്പോഴാണ് അസുഖമാകുന്നത്. ഇത് അണുബാധമൂലമാണെങ്കില്‍ കഫത്തിനുമഞ്ഞനിറവും അല്ലെങ്കില്‍ മുട്ടയുടെ വെള്ളനിറവുമായിരിക്കും. കഫത്തിനു കാരണമാകുന്നത് അലര്‍ജിയും ഇന്‍ഫക്ഷനുമാണ്. അലര്‍ജിയാണെങ്കില്‍ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോള്‍ ഇന്‍ഫക്ഷന്‍ ആയി മാറി കഫത്തിന്റെ നിറം മഞ്ഞയാകും. ഈ അവസരത്തില്‍ ഡോക്ടറെ കാണല്‍ നിര്‍ബന്ധമാണ്. 

 

കുട്ടികള്‍ക്ക് മരുന്ന്

കഫം വളരെ കൂടിയാല്‍ ശ്വാസക്കുഴലുകളെ അടയ്ക്കുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്യും. ആവി പിടിക്കുന്നത് കഫം ഇളകിപ്പോകാന്‍ സഹായിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കുന്ന മരുന്നിന്റെ അളവില്‍ വ്യത്യാസമുണ്ടെന്ന് ഓര്‍ക്കണം. ശരീരഭാരം അനുസരിച്ചാണ് മരുന്നിന്റെ അളവ് ഡോക്ടര്‍ തീരുമാനിക്കുന്നത്. കഫം പോലെ ശ്വാസതടസ്സമുണ്ടാക്കുന്നതാണ് മൂക്കടപ്പ്. ഇതിന് തുള്ളിമരുന്ന് ഉപയോഗിക്കാം. ഇതും ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് മാത്രം. തീരെ ചെറിയ കുഞ്ഞുങ്ങളാണെങ്കില്‍ ചെവി വൃത്തിയാക്കുന്നതിനുള്ള വൃത്തിയുള്ള ബഡ് ഉപ്പുലായനിയില്‍ മുക്കി അതുകൊണ്ട് മൂക്കിനകം തുടച്ചെടുക്കാം. വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണിത്. 

ചൂടുകാലത്ത് പലര്‍ക്കും മൂക്കില്‍നിന്ന് രക്തം വരാറുണ്ട്. ജലദോഷം, ബ്ലഡ്പ്രഷര്‍, സൈനസൈറ്റിസ്, മൂക്കില്‍ കാന്‍സര്‍, ഫംഗസ് ഇന്‍ഫക്ഷന്‍ എന്നിങ്ങനെ നിസ്സാരവും ഗുരുതരവുമായ പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍നിന്ന് രക്തംവരാം. ഇത് ഇടയ്ക്കിടെ ഉണ്ടായാല്‍ ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്. മൂക്കില്‍ അന്യപദാര്‍ഥങ്ങള്‍ കടക്കുന്നത് മൂലവും ഇങ്ങനെ സംഭവിക്കാം. ഉടന്‍തന്ന ഡോക്ടറുടെ സഹായത്തോടെ അന്യപദാര്‍ഥം പുറത്തെടുക്കേണ്ടതാണ്. 

(വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. കെ.വി കൃഷ്ണദാസ്, മുന്‍ ഡയറക്ടര്‍ ഒാഫ് മെഡിസിന്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം)