മസ്തിഷ്‌കം എന്ന വിസ്മയം

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ഫെബ്രുവരി 17 1439 ജുമാദില്‍ ആഖിറ 02
  • 490 കിലോമീറ്റര്‍ നീളമുള്ള രക്തക്കുഴലുകള്‍....!  
  • ഒരു മസ്തിഷ്‌ക സെല്ലില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ 5 ഇരട്ടി വിവരങ്ങള്‍ ശേഖരിക്കുന്ന നാഡീകോശങ്ങളിലൂടെ കുതിക്കുന്നു...!  
  • എക്‌സ്പ്രസ് ഹൈവേയിലെ വാഹന സഞ്ചാരത്തെക്കാള്‍ അതിവേഗം...!  
  • ഒരു സെക്കന്റില്‍ 1 ലക്ഷം സന്ദേശങ്ങള്‍...!  
  • ശ്വാസം, രക്ത പ്രവാഹം, വിശപ്പ്, ദാഹം, അംഗചലനങ്ങള്‍ മുതല്‍ കണ്‍പോളകളുടെ അനക്കം പോലും തലച്ചോര്‍ നിയന്ത്രിക്കുന്നു...!  
  • സ്തിഷ്‌കം 25 വാട്‌സ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു...!  
  • ഒരു ബള്‍ബിന് പ്രകാശിപ്പിക്കാനുള്ള പവര്‍.  
  • ഭാരം: 1.5 കിലോഗ്രാം...!  
  • വ്യാപ്തി: 14 CM x 16 CM മാത്രം!  

പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തലച്ചോറിനെ പല ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്; മുന്‍ഭാഗത്തുള്ള ഫ്രോണ്ടല്‍, പിന്‍ഭാഗത്തുള്ള ഓക്‌സിപ്പിറ്റല്‍, വശങ്ങളില്‍ മുകളിലുള്ള പറൈറ്റില്‍, താഴെയുള്ള ടെമ്പാറല്‍ എന്നിങ്ങനെ. ഇടതും വലതും അര്‍ധഗോളങ്ങള്‍ ചേര്‍ന്ന സെറിബ്രത്തിന്റെ ഘടനയാണിത്. അതിന് താഴെ മിഡ്‌ബ്രൈന്‍, ബോണ്‍സ്, മിഡുല്ല എന്നിവ ചേര്‍ന്ന ഭാഗത്തിനാണ് ബ്രൈന്‍സ്റ്റം എന്ന് പറയുന്നത്. ശരീരത്തിന്റെ സന്തുലിതാവസ്ഥ അഥവാ, ബാലന്‍സ് കാക്കുന്ന സെറിബല്ലം ഇതിനോട് ചേര്‍ന്ന് പിറകിലാണ് കിടക്കുന്നത്. ബ്രൈന്‍ സ്റ്റമ്മിനകത്ത് ശ്വസന നിയന്ത്രണ കേന്ദ്രം ഉള്‍പ്പെടെ പ്രധാന ശരീര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന വിവിധ കേന്ദ്രങ്ങള്‍ ഉണ്ട്. ബ്രൈന്‍ സ്റ്റമ്മിന്റെ താഴോട്ടുള്ള തുടര്‍ച്ചയാണ് സുഷുംന കാണ്ഡം.

ഏതാണ്ട് പതിനാല് ബില്യണ്‍ വിശേഷ ധര്‍മികളായ ന്യൂറല്‍ കോശങ്ങളും അവയ്ക്ക് തുണയേകുന്ന മറ്റു ശരീര കലകളും അസംഖ്യം ന്യൂറല്‍ ചാനലുകളും ചേര്‍ന്നതാണ് തലച്ചോറിന്റെ ഘടന. ഈ കോശങ്ങളുടെ വളര്‍ച്ചയും വികാസവും നടക്കുന്നത് നാം ജനിച്ചതിന് ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷത്തിലാണ്. ആ കാലഘട്ടത്തില്‍ കിട്ടുന്ന ക്രിയാത്മകമായ ചോദനകളാണ് കുഞ്ഞിന്റെ മാനസിക വളര്‍ച്ചയെയും വ്യക്തിത്വ വികസനത്തെയും വികാസത്തെയും സ്വാധീനിക്കുന്നത്. കൂട്ടുകുടുംബത്തില്‍ വളരുന്ന കുട്ടികള്‍ക്ക് വളരെ പെട്ടെന്ന് നിരവധി ആളുകളുമായുള്ള സമ്പര്‍ക്കം മൂലം സംസാര ശേഷി വര്‍ധിക്കുവാനും അതുമൂലം കൂടുതല്‍ വ്യക്തിവികാസം ഉണ്ടാകുവാനും സാധ്യതയുണ്ട്. കമ്പ്യൂട്ടറുകളെ പോലെ തന്നെ തലച്ചോറിന് അങ്ങോട്ട് എന്ത് കിട്ടുന്നവോ അതാണ് തിരിച്ച് വരുന്നത്. ബധിരതയുള്ള കുഞ്ഞുങ്ങള്‍ക്ക് കേള്‍വിയിലൂടെയുള്ള ചോദനകള്‍ ലഭ്യമല്ലാത്തതു കൊണ്ടാണ് അവര്‍ മൂകരായിത്തീരുന്നത്. ഇതൊരു ഉദാഹരണം മാത്രം. 

ഫ്രോണ്ടല്‍ ലോബി എന്ന സെറിബ്രത്തിന്റെ മുന്‍ഭാഗം വ്യക്തിത്വ വിശേഷങ്ങളുമായി ബന്ധപ്പെട്ടതാണ്. വശങ്ങളിലെ ടമ്പറല്‍ ലോബ് കേള്‍വിയുമായും പിറകിലെ ഓക്‌സിപിറ്റല്‍ ലോബ് കാഴ്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതിനു പുറമെ തലച്ചോറുമായി നേരിട്ട് ബന്ധമുള്ള പന്ത്രണ്ട് കേന്ദ്ര നാഡികളുണ്ട്. പഞ്ചേന്ദ്രിയങ്ങളിലൂടെ (കാഴ്ച, കേള്‍വി, രുചി, ഗന്ധം, സ്പര്‍ശം) ലഭിക്കുന്ന ചോദനകളെ  സ്വാംശീകരിച്ച് വേണ്ടപ്രതി പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുക എന്നത് തലച്ചോറിന്റെ പ്രധാന ധര്‍മമാണ്. ഉദാ: വലിയ ഒച്ച കേള്‍ക്കുമ്പോള്‍ ഞെട്ടുക, തീയില്‍ തൊടുമ്പോള്‍ കൈ വലിക്കുക, ഉജ്വലമായ വെളിച്ചത്തിനു മുന്നില്‍ കണ്ണ് അടഞ്ഞുപോകുക. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ ആജ്ഞയിലൂടെയാണ് നടക്കുന്നത്.