നമ്മുടെ കുട്ടികള്‍ നമ്മുടേതല്ലാതാകുന്നുവോ?

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ഫെബ്രുവരി 24 1439 ജുമാദില്‍ ആഖിറ 09

ഈയിടെയായി ലഹരിയുടെ ഉപയോഗം വിദ്യാര്‍ഥികളില്‍ വളരെയധികം വര്‍ധിച്ചതായി കാണുന്നു. റോഡപകടങ്ങളും അതുപോലെയുള്ള അത്യാഹിതങ്ങളും സംഭവിച്ച് എമര്‍ജന്‍സികളില്‍ കൊണ്ടു വരുന്ന യുവാക്കളില്‍ പലരും ലഹരി ഉപയോഗിച്ചതായി കാണാറുണ്ട്. ഇവരില്‍ പലരുടെയും മാതാപിതാക്കളെ കാണുമ്പോള്‍ മതബോധത്തിലോ മതനിഷ്ഠയിലോ അവര്‍ ഒട്ടും പിന്നിലല്ല എന്ന് വ്യക്തമാകും. പിന്നെ എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? മക്കളുടെ ലഹരി ഉപയോഗത്തെപ്പറ്റി മാതാപിതാക്കള്‍ അറിഞ്ഞിട്ടു പോലുമുണ്ടാവില്ല. 

ആക്‌സിഡന്റായി വന്ന ഒരു വിദ്യാര്‍ഥിയുടെ രക്ഷിതാവ് പറഞ്ഞത്: അയാളുടെ മകന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം വളരെ അടുത്താണ് അവര്‍ മനസ്സിലാക്കിയത്. കുറേ കാലമായി അവന്റെ സ്വഭാവത്തില്‍ കണ്ടു വരുന്ന മാറ്റങ്ങളൊന്നും ആദ്യകാലത്ത് അവര്‍ ഗൗരവമായി എടുത്തില്ല. ദീര്‍ഘനേരം അവന്‍ മുറിയടച്ചിരിക്കുന്നതും നിസ്സാര കാര്യങ്ങള്‍ക്ക് ക്ഷോഭിക്കുന്നതും പല ദിവസങ്ങളിലും രാത്രി വളരെ വൈകി വരുന്നതും അപൂര്‍വമായി വരാതിരിക്കുന്നതുമൊന്നും അവര്‍ ഗൗനിച്ചില്ല. ഒടുവില്‍ ഒരു ദിവസം ദേഷ്യം വന്ന് വീട്ടിലെ ടെലിവിഷന്‍ സെറ്റ് തല്ലിപ്പൊളിക്കുകയും സഹോദരിയെ മര്‍ദിക്കുകയും ചെയ്തപ്പോഴാണ് സംഗതി പ്രശ്‌നമാണ് എന്നത് വീട്ടുകാര്‍ക്ക് മനസ്സിലായത്. അവര്‍ അവന്റെ മുറി പരിശോധിച്ചപ്പോള്‍ കഞ്ചാവിന്റെ വിപുലമായ ഒരു ശേഖരമാണ് കണ്ടെത്താന്‍ കഴിഞ്ഞത്!

കേരളത്തിലെ കുട്ടികളില്‍ പലരും ശരാശരി 12 വയസ്സ് പ്രായമുള്ളപ്പോള്‍ മദ്യപാനം ആരംഭിക്കുന്നതായിട്ടാണ് ചില സമീപകാല പഠനങ്ങള്‍ വ്യക്തമാക്കുന്നത്. സിഗരറ്റ്, ബീഡി, പാന്‍മസാല എന്നിവ കൊടുക്കുന്ന സംഘങ്ങള്‍ നമ്മുടെ സ്‌കൂളുകള്‍ക്ക് ചുറ്റും തന്നെയുണ്ട്. പെട്രോള്‍, പശ തുടങ്ങിയ വസ്തുക്കള്‍ മണപ്പിച്ച് അതില്‍ ലഹരി കണ്ടെത്തുന്ന ശീലങ്ങളും കുട്ടികളില്‍ വ്യാപകമാകുന്നുണ്ട്. ഇഞ്ചക്ഷന്‍ മാര്‍ഗത്തിലൂടെ ഉപയോഗിക്കുന്ന ബ്രൗണ്‍ ഷുഗറും അപകടകാരിയായ കൊക്കൈനും വരെ നമ്മുടെ അങ്ങാടികളില്‍ ലഭ്യമാണെന്ന നടുക്കുന്ന യാഥാര്‍ഥ്യം നമ്മുടെ രക്ഷിതാക്കള്‍ അറിയുന്നില്ല.

കഞ്ചാവ്, മദ്യം തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ തലച്ചോറിലെ ഡൊപ്പമിന്‍ എന്ന രാസ വസ്തുവിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുകയും അതിനെ തുടര്‍ന്ന് മിഥ്യാവിശ്വാസങ്ങള്‍, മിഥ്യാനുഭവങ്ങള്‍, ഡെനൂഷ്യസ് തുടങ്ങിയ മനോവിഭ്രാന്തി ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യാം.ഈ അവസ്ഥയെയാണ് ലഹരി വസ്തു ഉപയോഗം കൊണ്ടുണ്ടാകുന്ന സബ്‌സ്റ്റന്‍സ് ഇന്‍ഡ്യൂസ്ഡ് സൈകോസിസ് എന്നു പറയുന്നത്. വിഷാദ രോഗം, അമിത ഉത്കണ്ഠ, ആത്മഹത്യാ പ്രവണത, അക്രമ വാസന തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ലഹരി ഉപയോഗിക്കുന്ന കൗമാരക്കാരില്‍ സാധാരണയാണ്

ലഹരി ഉപയോഗം എങ്ങിനെ തിരിച്ചറിയാം?

തങ്ങളുടെ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. കുട്ടികളുടെ സ്വഭാവത്തിലും സമീപനത്തിലും പ്രകടമായ ചില മാറ്റങ്ങള്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഉണ്ടാകും. ചില ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:

ദീര്‍ഘ നേരം മുറിയടച്ച് ഒറ്റക്കിരിക്കുക. വീട്ടിലുള്ളവരോട് സംസാരിക്കാന്‍ തീരെ താല്‍പര്യം കാണിക്കാതിരിക്കുക. കണ്ണുകള്‍ ചുവന്നിരിക്കുക. കണ്ണുകളില്‍നിന്ന് ദീര്‍ഘനേരം കണ്ണുനീര്‍ വരിക. നിസ്സാര കാര്യങ്ങള്‍ക്ക് മുമ്പില്ലാത്ത വിധം പൊട്ടിത്തെറിക്കുക. ഉറക്കക്കുറവ്, വിശപ്പിലായ്മ. ഒരിടത്ത് ഉറച്ചിരിക്കാനാകാതെ അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥനായി നടക്കുക. അകാരണമായ ഭയവും സംശയവും. ആരോ തന്നെ കൊല്ലാന്‍ വരുന്നുവെന്നും ആളുകള്‍ തന്നെ കുറിച്ച് മോശമായി സംസാരിക്കുന്നുവെന്നുമുള്ള മിഥ്യാ വിശ്വാസങ്ങള്‍. ചുറ്റില്‍ ആരുമില്ലാത്തപ്പോള്‍ ചെവിയില്‍ ആരോ സംസാരിക്കുന്നത് പോലെയുള്ള അശരീരി ശബ്ദങ്ങള്‍ മുഴങ്ങുക. ഉറത്തില്‍ പേടിപ്പെടുത്തുന്ന സ്വപ്‌നം കണ്ട് ഭയന്ന് ഞെട്ടിയുണരുക. ശരീരം ശോഷിച്ച് വരിക. പ്രകടമായ അക്രമ സ്വഭാവം കാണിക്കുക. രാത്രി വീട്ടില്‍ വരാതെ മറ്റു സ്ഥലങ്ങളില്‍ തങ്ങുക. ക്ലാസ് കട്ട് ചെയ്ത് കറങ്ങി നടക്കുക. വീട്ടില്‍ നിന്ന് പണവും മറ്റു വസ്തുക്കളും മോഷ്ടിക്കുകയും കളവ് പറയുകയും ചെയ്യുക.