നമ്മുടെ പ്രമേഹ വഴികള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ജനുവരി 27 1439 ജുമാദില്‍ ഊല 10

പ്രമേഹം ഒരേസമയം ജീവിത ശൈലീരോഗവും ജനിതകരോഗവുമാണ്. International diabetes federationന്റെ കണക്കുകള്‍ പ്രകാരം 6.9 കോടിയില്‍ പരം പ്രമേഹ രോഗികള്‍ ഇന്ത്യയില്‍ ഉണ്ട്. ഏറ്റവും അധികം പ്രമേഹരോഗികള്‍ ഉള്ള ലോകത്തെ രണ്ടാമത്തെ രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പെടുന്നു. നാട്ടിന്‍ പുറങ്ങളെക്കാള്‍ നഗരങ്ങളിലാണ് പ്രമേഹബാധിതര്‍ കൂടുതലായി കാണപ്പെടുന്നത്.  

സാക്ഷരതയില്‍ മുന്നിട്ട് നില്‍ക്കുന്ന മലയാളികള്‍ ആരോഗ്യകരമായ ജീവിത രീതിയില്‍ മുന്‍പന്തിയിലല്ല. പണ്ടുകാലത്തെ അപേക്ഷിച്ച് കേരളീയരുടെ ഭക്ഷണകാര്യങ്ങളും ജീവിതരീതികളും പാടെ മാറിക്കഴിഞ്ഞു. അരിയാഹാരമായിരുന്നു പണ്ടുമുതല്‍ക്കേ നമ്മുടെ ഇഷ്ട ഭക്ഷണമെങ്കിലും പാടത്തും പറമ്പിലും നന്നായി അധ്വാനിക്കുന്നവരായിരുന്നു മുന്‍ഗാമികള്‍.

ഇന്ന് ശാരീരികമായി അധ്വാനിക്കുന്ന കേരളീയരുടെ എണ്ണം വളരെ കുറവാണ്. നമ്മുടെ പറമ്പുകളിലും പാടത്തും കെട്ടിടനിര്‍മാണ രംഗത്തും കടകളിലുമൊക്കെ ജോലി എടുക്കുന്നതിന് ഉത്തരേന്ത്യക്കാരെ ആശ്രയിക്കുകയല്ലാതെ ഇന്ന് നിവൃത്തിയില്ലല്ലോ. നമ്മുടെ ഭക്ഷണ ക്രമവും പാടെ മാറി. ഓടിപ്പിച്ച് തളര്‍ത്തി പിടികൂടിയ നാടന്‍ കോഴിയുടെ 'കാല്‍ കുറകിന്റെ' അരകഷ്ണത്തിനും കാല്‍കഷ്ണത്തിനും പകരം ഒരു ബ്രോയിലര്‍ കോഴിയെ മുഴുവന്‍ തിന്നുന്ന സ്ഥിതിവിശേഷത്തില്‍ നമ്മളെത്തിയപ്പോള്‍ ജീവിതശൈലി രോഗങ്ങള്‍ വല്ലാതെ കൂടി. ധാരാളം അന്നജവും (Carbohydrate) കൊഴുപ്പും (Trans fat) നാം ഇഷ്ടപ്പെടുന്നു. തമിഴ്‌നാട്ടില്‍ നിന്നും വരുന്ന മധുരമൂറും പഴങ്ങള്‍ ഇതിന് പുറമെ 'മേപ്പടി'യായി തിന്നുക കൂടി ചെയ്തപ്പോള്‍ നാം കുടവയറന്മാരായി മാറി! വയറ് കുറച്ചാല്‍ പ്രമേഹം രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ മുതലായവ നിയന്ത്രിച്ച് ഗുളികകള്‍ ഒരു പരിധി വരെ ഒഴിവാക്കാം.

മൈദകൊണ്ടുണ്ടാക്കുന്ന ആഹാരമാണ് നമുക്കിഷ്ടം (പൊറോട്ട, കേക്ക്, ബിസ്‌കറ്റ് പോലുള്ളവ). പ്രാതല്‍ കഴിക്കാതിരിക്കുക, ഉച്ചഭക്ഷണം മൂന്നു മണിക്ക് ശേഷം കഴിക്കുക, രാത്രിഭക്ഷണം വയറ് നിറച്ച് വൈകി കഴിക്കുകയും ഉടനെ ഉറങ്ങുകയും ചെയ്യുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹക്കാരെ കൊണ്ട് മലയാളനാട് സമ്പന്നമായി.

കാല്‍നടയായി മാത്രം യാത്ര ചെയ്തിരുന്ന നാം നടക്കാന്‍ മടിയുള്ളവരായി. നടത്തവും സൈക്കിള്‍ യാത്രയും നാം 'മോശം' ഏര്‍പ്പാടായി കാണുവാന്‍ തുടങ്ങി. ഞാന്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ചിരുന്ന കാലം സ്വന്തമായി വണ്ടികള്‍ ഇല്ലാത്ത സാറന്മാരുണ്ടായിരുന്നു. വിരലിലെണ്ണാവുന്ന കുട്ടികള്‍ക്കേ സ്വന്തമായി വാഹനം ഉണ്ടായിരുന്നുള്ളു. ഇന്ന് വാഹനമില്ലാത്ത മെഡിക്കല്‍ വിദ്യാര്‍ഥികളുണ്ടോയെന്ന് സംശയമാണ്.