മസ്തിഷ്‌കം എന്ന വിസ്മയം

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ഫെബ്രുവരി 10 1439 ജുമാദില്‍ ഊല 24

വിവിധയിനം ഘടനകളും ധര്‍മങ്ങളുമുള്ള നിരവധി ശരീരകലകളും അവയവങ്ങളും ഉള്‍പ്പെട്ട ഒരു കൂട്ടായ്മയാണ് മനുഷ്യശരീരം. ശരീത്തിന്റെ പൊതുവായ ക്ഷേമത്തിന് വേണ്ടി ഇവയെല്ലാം ഒരുമിച്ച് സുഗമമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. ഇതിന് വേണ്ട സകല മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണവും നല്‍കുന്നത് നാഡീവ്യൂഹമാണ്. കേന്ദ്ര നാഡീവ്യൂഹത്തിലെ പ്രധാന അംഗമാണ് മസ്തിഷ്‌കം അഥവാ തലച്ചോര്‍. കട്ടിയുള്ള തയലോട്ടിക്കകത്ത് വളരെ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഏതാണ്ട് ഒന്നര കിലോഗ്രാം തൂക്കം വരുന്ന വളരെ ലോലവും മൃദുലവുമായ അവയവമാണ് മസ്തിഷ്‌കം. ശരീരത്തിന്റെ ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, കണ്‍ട്രോള്‍ റൂം, കോ ഓര്‍ഡിനേഷന്‍ കേന്ദ്രം, ഡാറ്റാ സെന്റര്‍, ആജ്ഞാ കേന്ദ്രം... ഇതെല്ലാമാണ് തലച്ചോര്‍! സദാ സജ്ജവും സന്നദ്ധവും ജാഗരൂഗവുമായി പ്രവര്‍ത്തിക്കുന്ന ബൃഹത്ത് കേന്ദ്രം; ഒരു സൂപ്പര്‍ കമ്പ്യൂട്ടര്‍!

തലയോട്ടിക്കകത്ത് മസ്തിഷ്‌കത്തെ പൊതിഞ്ഞ് മറ്റൊരു സുതാര്യമായ ആവരണം കൂടിയുണ്ട്. മെനിഞ്ചസ്. ഇതിനെ ബാധിക്കുന്ന അണുബാധയെയാണ് മെനിഞ്ചൈറ്റിസ് എന്ന് പറയുന്നത്. തലച്ചോറിന് ഇടതും വലതും എന്നു രണ്ടു ഭാഗങ്ങളുണ്ട്. ഇടതുഭാഗം ശരീരത്തിന്റെ വലതുഭാഗത്തെയും വലതുഭാഗം ശരീരത്തിന്റെ ഇടതു ഭാഗത്തെയുമാണ് നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ്, പക്ഷാഘാതം സംഭവിച്ച രോഗിയുടെ വലതുവശം തളരുമ്പോള്‍ ഇടതു തലച്ചോറിന് ക്ഷതം സംഭവിച്ചിരിക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. സാധാരണ ഗതിയില്‍ വലത്തെ കയ്യന്‍മാരുടെ സംസാരം നിയന്ത്രിക്കുന്ന കേന്ദ്രം ഇടതുതലച്ചോറിലാണ് സ്ഥിതി ചെയ്യുന്നത്. അതുമൂലം ഇത്തരം രോഗികളുടെ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു എന്നോര്‍ക്കണം. തലച്ചോറിന്റെ ഇടതുഭാഗം വിശകലനം, അപഗ്രഥനം, കാര്യകാരണ വ്യവഛേദം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകുമ്പോള്‍ വലതുഭാഗമാകട്ടെ യുക്തിക്കതീതമായ ചിന്തകള്‍, സൗന്ദര്യ സങ്കല്‍പങ്ങള്‍, കലാപരമായ മേന്‍മകള്‍ ഇവയുടെയെല്ലാം ഇരിപ്പിടമാകുന്നു. ഈ രണ്ടു ഭാഗങ്ങളെയും (ഇടതിനെയും വലതിനെയും) തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയുണ്ട്; 'കോര്‍പസ് കലോസം.' തലച്ചോറിന്റെ ഉപരിതല ഭാഗങ്ങള്‍ക്ക് ഇളംചുവപ്പ് കലര്‍ന്ന ചാരനിറവും അന്തര്‍ഭാഗങ്ങള്‍ക്ക് വെളുപ്പ് നിറവുമാണ്. ഇവയെ ഗ്രേമേറ്റര്‍, വൈറ്റ്‌മേറ്റര്‍ എന്നിങ്ങനെ യഥാക്രമം വിളിക്കുന്നു. മാത്രമല്ല, തലച്ചോറിന്റെ ഉപരിതലം ഏറെ മടക്കുകളും ചുളിവുകളുമുള്ള രീതിയിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഉപരിതല വിസ്തീര്‍ണം കൂടുന്നതിനുള്ള ഒരു ഉപാധിയായി നമുക്കിതിനെ കാണാം. കുറഞ്ഞ സ്ഥലത്തിനകത്ത് കൂടുതല്‍ ഇന്‍ഫര്‍മേഷന്‍ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ.    

തലച്ചോറിനെ കുറച്ച്കൂടി സുരക്ഷിതമാക്കുവാനും അതിന്റെ ഭാരം ലഘൂകരിക്കുവാനുമായി മറ്റൊരു സംവിധാനം കൂടിയുണ്ട്. അതാണ് സലിബ്രോസ് സ്‌പൈനല്‍ ഫഌയിഡ് എന്ന നേര്‍ത്ത ദ്രാവകം. അതില്‍പൊങ്ങിക്കിടക്കുന്ന രീതിയിലാണ് തലച്ചോറിനെ സംവിധാനിച്ചിരിക്കുന്നത്.

നോക്കണേ, എന്തെല്ലാം മുന്‍കരുതലുകളാണ് നമ്മുടെ രക്ഷിതാവ് ഇതിന്റെ സുരക്ഷക്ക് വേണ്ടി സ്വകരിച്ചിരിക്കുന്നത്! എന്നിട്ടു പോലും നമ്മുടെ അശ്രദ്ധ കൊണ്ട് എന്തെല്ലാം അപകടങ്ങളാണ് നാം വരുത്തിവെക്കുന്നത്. (ഹെല്‍മെറ്റ് ഇടാതെ അപകടങ്ങള്‍ സംഭവിച്ച് തലച്ചോറിന് ക്ഷതം സംഭവിക്കുന്നത് ഉദാഹരണം). (അവസാനിച്ചിട്ടില്ല)