എന്താണ് ഹൃദയാഘാതം?

ഡോ.യൂസുഫലി

2018 ഡിസംബര്‍ 01 1440 റബീഉല്‍ അവ്വല്‍ 23

ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി രക്തധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നത് മൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃദയപേശികള്‍ക്ക് രക്തംകിട്ടുന്ന അളവ് കുറയുകയും ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞ് രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാല്‍ ഏതു നിമിഷവും പൂര്‍ണമായി അടഞ്ഞ് രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കുന്നു. അങ്ങനെ ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ?  

ഹൃദയരക്തധമനികളില്‍ ബ്ലോക്ക് ഉണ്ടായി ഹൃദയപേശികള്‍ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചുപോകുന്നു. അതിനാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവര്‍ക്ക് വേഗം വൈദ്യസഹായം കിട്ടിയാല്‍ സ്തംഭനം വരാതെ രക്ഷപ്പെടാം. ഹൃദയാഘാതം ഉണ്ടാകുന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രിയിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്. 

അന്‍ജൈന

ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേദനയാണ് അന്‍ജൈന. ഹൃദയധമനികളില്‍ ഉണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയം വേദനയുടെ രൂപത്തില്‍ നമുക്ക് സൂചന നല്‍കുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയം നേരിടുന്നത്. 

പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചില്‍ ചെറിയൊരു ഭാരം കയറ്റിവെച്ചതുപോലെ തോന്നുക, നെഞ്ചെരിച്ചില്‍ ഉണ്ടാവുക, നെഞ്ചു വലിഞ്ഞു മുറുകുന്നത് പോലെ തോന്നുക, നെഞ്ചില്‍നിന്ന് വേദനകള്‍ കഴുത്ത,് കൈകള്‍, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. നെഞ്ചിലും കയ്യിലുമായി വേദന വരുന്ന 70 ശതമാനം പേരിലും അതിനുകാരണം ഹൃദ്രോഗം ആയിരിക്കും. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോള്‍ ഓക്കാനം, ഛര്‍ദി, ശ്വാസംമുട്ടല്‍, തലകറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്

ഹൃദ്രോഗം വേദനയില്ലാതെ വരുമോ?

നെഞ്ചുവേദന ഇല്ലാതെയും ഹൃദ്രോഗം ഉണ്ടാവാം. നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് ഇവരില്‍ പലരും ഹൃദ്രോഗ വിവരം അറിയില്ല. പിന്നീടെപ്പോഴെങ്കിലും ഇ.സി.ജി. എടുക്കുമ്പോഴാണ് രോഗവിവരം അറിയുക. ചിലര്‍ക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഉണ്ടായി കുറച്ചു കഴിഞ്ഞ് അത് മാറിയെന്നു വരാം. ഈ ലക്ഷണങ്ങള്‍ ഹൃദ്രോഗത്തിന്റെതാണെന്ന് പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് വേദനയില്ലാതെ ഹൃദ്രോഗം കൂടുതലായി കണ്ടുവരുന്നത്. 

സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത 

സ്ത്രീകള്‍ക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന ഒരു ധാരണ പൊതുവെയുണ്ട്. എന്നാല്‍ സ്ത്രീകളില്‍ രോഗനിരക്ക് കൂടിവരികയാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആര്‍ത്തവവിരാമമാകുന്നതോടെ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ.് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ് ഇതിന് കാരണം. അമിത മാനസികസമ്മര്‍ദം, അമിതഭക്ഷണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം തുടങ്ങിയ കാരണങ്ങളാലും സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകും.

നബിചര്യയുടെ പ്രാധാന്യം പഠിപ്പിക്കുന്ന ഹദീഥ് സെമിനാറുകള്‍