റമദാനിലെ ഭക്ഷണം

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 മെയ് 19 1439 റമദാന്‍ 03
രോഗികളും അല്ലാത്തവരും നോമ്പ് കാലത്ത് ശ്രദ്ധിക്കേണ്ട ഭക്ഷണരീതികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളില്‍ ചിലതാണ് ഈ ലക്കത്തില്‍ വിവരിക്കുന്നത്.

നോമ്പ് തുറക്കുമ്പോള്‍

പെട്ടെന്ന് ദഹിക്കുന്നതും അന്നജ സമൃദ്ധവുമായ അരിപ്പൊടി, ഗോതമ്പ് പൊടി എന്നിവകൊണ്ടുണ്ടാക്കിയ നൂലപ്പം, പത്തിരി, അപ്പം, പുട്ട്, ചപ്പാത്തി എന്നിത്യാദി വിഭവങ്ങള്‍ പെട്ടെന്ന് ഊര്‍ജം നല്‍ക്കുന്നു.

എണ്ണയില്‍ പൊരിച്ച പലഹാരങ്ങളും എരിവുള്ള വിഭവങ്ങളും കഴിയുന്നതും ഒഴിവാക്കുക. കാരണം അത് പുളിച്ച്തികട്ടല്‍, ഗ്യാസ്ട്രബിള്‍, ചര്‍ദി, വയറ് വേദന, ഏമ്പക്കം, ആമാശയ വീക്കം എന്നിവക്ക് കാരണമാകും. മൈദ കൊണ്ടുള്ള പൊറോട്ടയും ഖുബൂസും ഒഴിവാക്കുക.

 

വെള്ളം തന്നെ പ്രധാനം

ശരീരത്തിലെ എല്ലാ അവയവ പ്രവര്‍ത്തനങ്ങള്‍ക്കും അത്യന്താപേക്ഷിതമായ ജലം രക്ത സമ്മര്‍ദത്തെയും രക്ത ചംക്രമണത്തെയും ഒരളവോളം സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ധാരാളമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. നോമ്പിന്റെ തുടക്കം വേനലിലായത് കൊണ്ട് പകലില്‍ നിര്‍ജലീകരണ'സാധ്യത കൂടുതലായതിനാല്‍ മൂത്രച്ചൂട് ഒഴിവാക്കാന്‍  രാത്രി കൂടുതല്‍ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ധാതുലവണങ്ങളും ജലാംശവുമുള്ള വത്തക്ക, പപ്പായ, പൈനാപ്പിള്‍, വെള്ളരിക്ക, സപ്പോട്ട, നേന്ത്രപ്പഴം, ചെറുപഴം, ഈത്തപ്പഴം, മാങ്ങ എന്നീ  പഴവര്‍ഗങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. നല്ല മധുരമുള്ള പെട്ടെന്ന് ഷുഗര്‍ കൂടുന്ന ഭക്ഷണം പ്രമേഹ രോഗികള്‍ ഒഴിവാക്കണം.

 

ഗ്യാസ്ട്രബിളും മലബന്ധവും

എരിവും പുളിയുമുള്ള ഭക്ഷണങ്ങളും എണ്ണക്കടിയുമൊക്കെ കാലിയായ വയറ്റില്‍ കഴിക്കുന്നത് കൊണ്ടാണ് ഗ്യാസ്ട്രബില്‍ കൂടുതലാകുന്നത്. ജലാംശവും നാരുമുള്ള ഭക്ഷണങ്ങള്‍ (പച്ചക്കറി) കുറയുന്നുത് കൊണ്ട് മലബന്ധം ഉണ്ടാകുന്നത് പതിവാണ്.

 

അല്‍പാല്‍പം ഇടവിട്ട് കഴിക്കുക 

നോമ്പുതുറയോടെ തന്നെ വയറ് നിറയെ തിന്നാല്‍ വയറ് വീര്‍ക്കല്‍, ഗ്യാസ്ട്രബിള്‍, വയറ്‌വേദന തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാകുമെന്ന് മാത്രമല്ല; രാത്രിയിലെ ആരാധനകളുടെ ചൈതന്യം നഷ്ടപ്പെടുമാറ് മനസ്സ് നിര്‍ജീവമാവുകയും ചെയ്യും.

ഈത്തപ്പഴം കൊണ്ട് നോമ്പ് തുറന്നതിന് ശേഷം വെള്ളമോ ജ്യൂസോ കുടിക്കുക. പഴവര്‍ഗങ്ങള്‍ ആവാം. മഗ്‌രിബ് നമസ്‌കാരാനന്തരം അരിപ്പൊടി ഭക്ഷണം കുറച്ച് കഴിച്ചതിന് ശേഷം ഇശാഅ് നമസ്‌കാരത്തിന് പോകുന്നതിന്ന് മുമ്പ് അല്‍പം ഫ്രൂട്‌സ് വേണമെങ്കില്‍ ആവാം. ഇശാഉും തറാവീഹും കഴിഞ്ഞ ശേഷം പച്ചക്കറി കൂട്ടാന്‍ കൂട്ടി അല്‍പം കഞ്ഞി കുടിക്കല്‍ നല്ലതാണ്. 

 

ഭക്ഷണം സമീകൃതമാക്കാന്‍ ശ്രമിക്കുക

അരിപ്പൊടി വിഭവങ്ങള്‍ക്കൊപ്പം ഇറച്ചി/മീന്‍/കടല കഴിച്ചാല്‍ ആവശ്യമുള്ള പ്രോട്ടീന്‍ ലഭിക്കും. പച്ചക്കറി സലാഡുകളും ഉപ്പേരികളും ഉള്‍പ്പെടുത്തിയാല്‍ നാരുകളുള്ളത് കൊണ്ട് മലബന്ധം ഒഴിവാക്കാന്‍ കഴിയും.

 

അത്താഴം

അത്താഴം അരിഭക്ഷണത്തില്‍ മാത്രം ഒതുക്കരുത്. പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പാലും പഴവും കഴിച്ചാല്‍ (ഇവ കുട്ടികള്‍ക്ക് വളരെ നല്ലതാണ്) പ്രോട്ടീനും ജലാംശവും അന്നജവും കിട്ടും. അവില്‍മില്‍ക് വളരെ അഭികാമ്യമാണ്. വെള്ളം ധാരാളം കുടിക്കണം. നല്ല എരിവുള്ളതും പുളിയുള്ളതുമായവ കഴിയുന്നതും ഒഴിവാക്കുക. പഴവര്‍ഗങ്ങള്‍ ഉള്‍പെടുത്തി സമീകൃതമാക്കാന്‍ ശ്രമിക്കുക.

വെള്ളം ധാരാളം കുടിക്കുക. കുടുതല്‍ ഒന്നിച്ച് കഴിക്കുന്നതിന്ന് പകരം കുറേശ്ശെയായി ഇടവിട്ട് കഴിക്കുക. എണ്ണയില്‍ പൊരിക്കുന്നതിന് പകരം ആവിയില്‍ വേവിക്കുക; അല്ലെങ്കില്‍ ഡ്രില്‍ ചെയ്യുക. ചുവന്ന മുളക് ഉപയോഗിക്കുന്നതിന്ന് പകരം കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ഉപയോഗിക്കുന്നത് ദഹനത്തിന് സഹായിക്കും, ഗ്യാസ്ട്രബിള്‍ കുറക്കും. അത്താഴം ഒരിക്കലും ഒഴിവാക്കരുത്. റമദാനില്‍ ഭക്ഷണം ഹോട്ടലുകളില്‍നിന്ന് കഴിക്കരുത്. ബിരിയാണി, നെയ്‌ചോര്‍ ഉണ്ടാക്കുന്നുവെങ്കില്‍ ധരാളം പച്ചക്കറികള്‍ ചേര്‍ക്കുക. പച്ചക്കറി സലാഡ് ധാരാളമായി കൂടെ കഴിക്കുക.