കൊളസ്‌ട്രോള്‍ കൊലയാളിയോ?

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 മാര്‍ച്ച് 03 1439 ജുമാദില്‍ ആഖിറ 16

ശരീരത്തില്‍ കൊളസ്‌ട്രോള്‍ എങ്ങനെ രൂപം പ്രാപിക്കുമെന്നും അത് രക്തക്കുഴലില്‍ അടിഞ്ഞുകൂടി കാലക്രമേണ രക്തയോട്ടത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുമുള്ള കണ്ടെത്തലുകള്‍ക്കാണ് 1985ല്‍ മിഷയേല്‍ ബ്രൗണിനും സാമുവല്‍ ഗോള്‍സ്റ്റിനിനും വൈദ്യശാസ്ത്ര നോബല്‍ സമ്മാനം ലഭിച്ചത്. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഈ കൊഴുപ്പുകൊണ്ടുണ്ടാകുന്ന വിപത്തുകള്‍ ഒഴിവാക്കാനാകുമെന്ന് കൂടി ഇവര്‍ തെളിയിച്ചു. ഇത് പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്തിയപ്പോള്‍ ഹൃദയാഘാതം കൊണ്ടുളള മരണനിരക്ക് 56 ശതമാനം കുറയ്ക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിഞ്ഞു. രക്തസമ്മര്‍ദവും പ്രമേഹവും നിയന്ത്രിച്ച്, ഭക്ഷണ ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറച്ച്, തൂക്കം നിയന്ത്രിച്ച്, പുകയില വര്‍ജിക്കുകയും ചെയ്തുകൊണ്ടാണ് അവര്‍ ഈ നേട്ടം കൈവരിച്ചത് എന്നത് കൂടി നാം ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 

ശരീരത്തിലെ കൊളസ്‌ട്രോള്‍ പ്രധാനമായും ഉണ്ടാകുന്നത് കരളിലാണ്. ആവശ്യത്തില്‍ കൂടുതല്‍നാം കഴിക്കുന്ന ആഹാര പദാര്‍ഥങ്ങളിലെ അന്നജവും കൊഴുപ്പിലുള്ള ഊര്‍ജവും കൊഴുപ്പായാണ് ശരീരത്തില്‍ സൂക്ഷിക്കുന്നത്. ഇതിന്റെ ഒരു വകഭേദമാണ് കൊളസ്‌ട്രോള്‍. ഇത് വെള്ളത്തില്‍ ലയിക്കാത്തതിനാല്‍ ലൈപ്രോട്ടീന്‍ എന്ന പ്രോട്ടീന്‍ കണികകളുമായി ചേര്‍ന്നാണ് രക്തത്തില്‍ ലയിക്കുന്നത്. നമ്മുടെ കുടലും കൊളസ്‌ട്രോള്‍ ഉദ്പാദിപ്പിക്കുന്നുണ്ട്. ഇതിനു പുറമെ ആഹാരത്തിലൂടെ നമ്മുടെ ഇഷ്ട ചേരുവകളായ എണ്ണയും വെണ്ണയും നെയ്യും മുട്ടയും തേങ്ങയും പിന്നെ അമിതാഹാരവും കൂടിയാകുമ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ!

ശരീരത്തിനാവശ്യമായ ഒരു കൊഴുപ്പാണ് കൊളസ്‌ട്രോള്‍. കോശഭിത്തി, പ്രത്യേകിച്ച് തലച്ചോറിലെ കോശങ്ങളുടെ കോശഭിത്തി ഈ കൊഴുപ്പുകൊണ്ടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ പല ഹോര്‍മോണുകളുടെയും നിര്‍മാണത്തില്‍ കൊളസ്‌ട്രോളിന് സുപ്രധാന പങ്കുണ്ട്. ഇതിനു വേണ്ടിയാണ് കരളലും കുടലിലും കൊളസ്‌ട്രോള്‍ ഉദ്പാദിപ്പിക്കപ്പെടുന്നത്. പക്ഷേ, ആവശ്യത്തില്‍ കൂടുതല്‍ ആഹാരത്തിലൂടെ തന്നെ ശരീരത്തിലെത്തുമ്പോള്‍ അത് രക്തക്കുഴലില്‍ അടിഞ്ഞുകൂടി ഹൃദ്രോഗവും പക്ഷാഘാതവുമടക്കമുള്ള ധമനീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. 

എന്ത് കഴിക്കുന്നു എന്നത് പോലെത്തന്നെ എത്ര കഴിക്കുന്നു എന്നതും പ്രധാനമാണ്. അല്ലാഹു പറയുന്നു: ''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല'' (ക്വുര്‍ആന്‍ 7:31).


നല്ലതും ചീത്തയും 

കൊളസ്‌ട്രോള്‍ കൂടുതലാകുമ്പോള്‍ കോശങ്ങളിലടിഞ്ഞ കൊളസ്‌ട്രോളിനെ ശരീരം തന്നെ പുറംതള്ളാന്‍ വേണ്ടി HDL എന്ന പ്രോട്ടീനുമായി യോജിപ്പിച്ച് കുടലിലെത്തിച്ച് പിത്തരസത്തിലൂടെ പുറത്ത് കളയുന്നു. ഇതിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൂടുതല്‍ കൊളസ്‌ട്രോള്‍ കുടല്‍ മാര്‍ഗം പുറന്തള്ളപ്പെടും. ഹൃദ്രോഗം വരുന്ന പലര്‍ക്കും ഇതിന്റെ അളവ് കുറവാണ്. ഇതിന്റെ അളവ് കൂടുന്നത് നല്ല ലക്ഷണമാണ്. സ്ത്രീകളില്‍ 45 mgലും പുരുഷന്മാരില്‍ 50 mgലും കൂടുന്നതാണ് അത്യുത്തമം. രക്തത്തിലുള്ള വെറും കൊഴുപ്പാണ് ട്രൈഗ്ലിസറൈഡ്‌സ്. ഇതിന്റെ അളവ് 150ല്‍ കൂടാന്‍ പാടില്ല.

കൊളസ്‌ട്രോളിന്റെ ആകെ അളവ് 160 mg മുതല്‍ 200 mg വരെ ആകുന്നതാണ് നല്ലത്. ഹൃദ്രോഗം വന്നുകഴിഞ്ഞാല്‍ ഇതിനെ 160 mgല്‍ താഴെ നിര്‍ത്തണം. ആഹാരത്തിലെ പഥ്യവും വ്യായാമവും കൊണ്ട് ഇത് സാധിക്കുന്നില്ലെങ്കില്‍ ഗുളികകളെ ആശ്രയിക്കേണ്ടിവരും. LDL കൊളസ്‌ട്രോള്‍ ആണ് ഏറ്റവും ഹാനികരം. ഇതിന്റെ അളവ് 100 mgനും 130 mgനും ഇടക്ക് നിര്‍ത്തണം. ഹൃദ്രോഗമുള്ളവര്‍ ഇതിന്റെ അളവും 70 mgല്‍ താഴെവരെ കുറക്കേണ്ടത് ആവശ്യമാണ്.