ഭക്ഷണവും മൈഗ്രേനും

അബൂ ഫായിദ

2018 ശവ്വാല്‍ 23 1439 ജൂലായ് 07

മൈഗ്രേനും ഭക്ഷണവും തമ്മില്‍ വളരെ ബന്ധമുള്ളതായി പഠനങ്ങള്‍ കാണിക്കുന്നു. എന്നാല്‍ തീര്‍ത്തും വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ല. ഭക്ഷണത്തിലും പാനീയത്തിലും അടങ്ങിയിരിക്കുന്ന ചില രാസപദാര്‍ഥങ്ങള്‍ രക്തക്കുഴലുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് അവയെ വികസിപ്പിക്കുകയും അങ്ങനെ മൈഗ്രേന്‍ ഉണ്ടാകുകയും ചെയ്യുന്നു. പഴകിയ ചീസ്, ചൈനീസ് ഫുഡ്‌സ്, മദ്യം എന്നിവ ഇക്കൂട്ടത്തില്‍ പെടും. മദ്യം രക്തക്കുഴലുകളെ നേരിട്ട് വികസിപ്പിക്കുന്നു. ഭക്ഷണം ദിവസം മൂന്നോ അതിലധികമോ തവണ ആകാം; ചെറിയ അളവില്‍. കഴിയുന്നതും പട്ടിണികിടക്കാതിരിക്കുക. കൊഴുപ്പും അധികം പഞ്ചസാരയും നന്നല്ല.

ഉറക്കം

സാധാരണ തലവേദനമൂലം ഉറക്കത്തില്‍നിന്ന് ഉണരുന്നതു പോലെ മൈഗ്രേന്‍ െകാണ്ടും ഉറക്കത്തില്‍നിന്ന് ഉണരാറുണ്ട്. രാത്രിയിലെ മതിയായ ഉറക്കവും പകലുറക്കവും മൈഗ്രേന്‍ തടയാന്‍ സഹായിക്കും. കൂടുതല്‍ ഉറങ്ങുന്നതും തീരെ കുറച്ച് ഉറങ്ങുന്നതും തലവേദയ്ക്ക് കാരണമാകാറുണ്ട്. പുകവലിയും രുക്ഷഗന്ധങ്ങളും പുകയും മൈഗ്രേന്‍ വര്‍ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്.

ചികിത്സകൊണ്ട് പരിപൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഇതിന്റെ അറ്റാക്കുകളെ നിയന്ത്രിക്കാന്‍ മരുന്നുകൊണ്ട് കഴിയും. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് പറയുന്ന അളവില്‍ മാത്രം കഴിക്കുക. എത്ര പെട്ടെന്ന് മരുന്ന് കഴിക്കാന്‍ തുടങ്ങുന്നുവോ അത്രയും വേഗത്തില്‍ വേദനയില്‍നിന്നും മുക്തി ലഭിക്കും. മൈഗ്രേന്‍ ഉള്ളവര്‍ എപ്പോഴും മരുന്ന് കൂടെ കൊണ്ടുനടക്കാന്‍ ശീലിക്കുക.

വേദനവരുന്ന സമയത്ത് വെളിച്ചമില്ലാത്ത മുറിയില്‍ തല അല്‍പം പൊക്കിവെച്ച് സ്വസ്ഥമായി കിടക്കുന്നത് ആശ്വാസം നല്‍കും. 

ആര്‍ത്തവവിരാമവും മൈഗ്രേനും

മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തോടെ ഇതില്‍നിന്ന് മോചനം ലഭിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും കൃത്യമായ രീതിയിലുള്ള ഉല്‍പാദനം നിലയ്ക്കുന്നു. ഈ രണ്ട് ഹോര്‍മോണുകളും നാഡീനിയന്ത്രിത ഹോര്‍മോണുകള്‍ ആയതിനാല്‍ ഇവയുടെ ഉല്‍പാദനത്തില്‍ വരുന്ന മാറ്റം തലവേദനയുടെ കാഠിന്യം കുറയ്ക്കും. എന്നാല്‍ മൈഗ്രേന്‍ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ആര്‍ത്തവവിരാമം ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ താമസിക്കാനിടയുണ്ട്.

മൈഗ്രേന്‍ വരുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണ്. ഇതാകട്ടെ കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ് താനും. പല സ്ത്രീകളിലും ആര്‍ത്തവത്തിന് തൊട്ടു മുമ്പോ അതിനിടയ്‌ക്കോ അതിനുശേഷമോ മൈഗ്രേന്‍ കാണപ്പെടുന്നു. ഈ സമയത്ത് ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങള്‍ രക്തക്കുഴലുകള്‍ വികസിക്കുവാനും നീര്‍ക്കെട്ടുണ്ടാക്കുവാനും ഇടയാക്കുന്നു. ഹോര്‍മോണുകളടങ്ങിയ ഗര്‍ഭനിരോധന ഗുളികകളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് കഴിക്കുന്ന ചില മരുന്നുകളും മൈഗ്രേന് കാരണമാകാറുണ്ട്.

മൈഗ്രേന്‍ വരുന്ന സ്ത്രീകള്‍ ഗര്‍ഭിണികളായിക്കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഇതില്‍നിന്ന് പൂര്‍ണമായി മുക്തിനേടാറുണ്ട്. എന്നാല്‍ അപൂര്‍വം ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ആദ്യത്തെ മൈഗ്രേന്‍ അറ്റാക്ക് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ഈസ്ട്രജന്‍ വിതാനത്തില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.