തൈറോയ്ഡിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 മെയ് 05 1439 ശഅബാന്‍ 17

മറ്റേതൊരു ശാരീരിക പ്രവര്‍ത്തനത്തിനും എന്നപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലും അവയെ തടസ്സപ്പെടുത്തുന്നതിലും ഭക്ഷണക്രമം ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് സഹായകമായ പ്രധാന പോഷകങ്ങള്‍ ഇനി പറയുന്നവയാണ്.

 

അയഡിന്‍

മനുഷ്യരില്‍ അയഡിന്‍ ആഗിരണം ചെയ്യപ്പെടുന്ന കോശങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥിയില്‍ മാത്രമാണുള്ളത്. നമ്മുടെ ശരീരത്തിലെ ആകെ അയഡിന്റെ മൂന്നില്‍ രണ്ടുഭാഗവും തൈറോയ്ഡ് ഗ്രന്ഥി ഉപയോഗിക്കുന്നു. അയഡിന്റെ അഭാവവും അമിത ഉപയോഗവും ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഈ മൂലകത്തിന്റെ അളവ് ശ്രദ്ധാപൂര്‍വം ക്രമീകരിക്കണം. 

ഇവയുടെ പ്രധാന സ്രോതസ്സുകള്‍ കടല്‍ വിഭവങ്ങളും ഇലക്കറികളും പച്ചക്കറികളും ധാന്യങ്ങും മറ്റുമാണ്. കടല്‍ വെള്ളമാണ് പ്രധാന സ്രോതസ്സെങ്കിലും അത് വറ്റിച്ചുണ്ടാക്കുന്ന ഉപ്പ് അത്ര നല്ല സ്രോതസ്സല്ല. അയഡൈസ്ഡ് ഉപ്പ് കൃത്യമായ അളവ് അയഡിന്‍ ഭക്ഷണത്തില്‍ ഉറപ്പ് വരുത്തുന്നു. 

 

സെലനിയം

ശരീരത്തിലെ സെലനിയത്തിന്റെ ഭൂരിഭാഗവും തൈറോയ്ഡ് ഗ്രന്ഥിയിലാണ് കാണപ്പെടുന്നത്. ടി3 ഹോര്‍മോണിന്റെ ഉല്‍പാദനത്തിനും നിയന്ത്രണത്തിനും ഈ മൂലകം അത്യാവശ്യമാണ്. അതിനുപുറമെ മറ്റു ശരീരാവയവങ്ങളിലും രക്തത്തിലും ടി3 ഹോര്‍മോണ്‍ അളവ് ക്രമീകരിച്ച് നിര്‍ത്താനും ഈ മൂലകം ആവശ്യമാണ്. സെലനിയം പ്രധാന നിരോക്‌സീകാരക എന്‍സൈമുകളുടെ ഘടകം എന്നതു പോലെ തന്നെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ എന്‍സൈമുകളുടെയും പ്രധാന ഘടകമാണ്. ഇതിന് നിരോക്‌സീകാരകം എന്ന നിലയില്‍ കാന്‍സര്‍ തടയാനും പ്രതിരോധ ശേഷി, കാര്യഗ്രഹണശേഷി, പ്രത്യുല്‍പാദനശേഷി എന്നിവ വര്‍ധിപ്പിക്കാനുള്ള കഴിവുമുണ്ട്. കടല്‍ വിഭവങ്ങളായ ഞണ്ട്, ട്യൂണ, കൂണ്‍വര്‍ഗങ്ങള്‍, ലിവര്‍ എന്നിവയിലെല്ലാം സെലനിയം ഉണ്ട്.  

 

ഇരുമ്പ്, സിങ്ക്, കോപ്പര്‍

സൂക്ഷ്മമൂലകങ്ങളില്‍ തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായ മറ്റു മൂന്ന് പ്രധാനഘടകങ്ങളാണിവ. സിങ്കിന്റെ അഭാവം ടി.സി.എച്ച് അളവ് കുറയ്ക്കുന്നതായും അയേണ്‍ അഭാവം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനശേഷി കുറയ്ക്കുന്നതായും കോപ്പര്‍ തൈറോയ്ഡ് ഉല്‍പാദനത്തെ ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.

ലിവര്‍, ഇലക്കറികള്‍, കൂണ്‍വര്‍ഗങ്ങള്‍, നട്‌സ്, ബീന്‍സ്, കടല്‍വിഭവങ്ങള്‍ തുടങ്ങിയവ ശരിയായ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

 

വൈറ്റമിനുകള്‍

ജീവകങ്ങളെല്ലാം തന്നെ തൈറോയ്ഡിന്റെ ആരോഗ്യത്തിന് ആവശ്യമാണെങ്കിലും വൈറ്റമിന്‍ ഡി, വൈറ്റമിന്‍-ബി12, ആന്റി ഒാക്‌സിഡന്റ് വൈറ്റമിനുകളായ ബീറ്റാ കരോട്ടിന്‍, സി.ഇ എന്നിവ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. 

വൈറ്റമിന്‍ -ഡി: ഹൈപ്പര്‍ തൈറോയ്ഡിസത്തിലുണ്ടാകുന്ന അസ്ഥിക്ഷയത്തിന് ആക്കം കൂട്ടുന്നതിന് വിറ്റാമിന്‍ ഡിയുടെ അഭാവം കാരണമാകുന്നു. നെയ്യുള്ള മത്സ്യം, പാല്‍, മുട്ട, കൂണ്‍വര്‍ഗങ്ങള്‍ എന്നിവയ്ക്കു പുറമെ സൂര്യപ്രകാശത്തിലൂടയും ഇത് ലഭിക്കും. വൈറ്റമിന്‍ സി.ഇ, ബീറ്റാ കരോട്ടിന്‍, മുതലായ ആന്റി ഓക്‌സിഡന്റ് വൈറ്റമിനുകളും തൈറോയ്ഡ് ആരോഗ്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നതായി കാണപ്പെടുന്നു. ഇലക്കറികള്‍, നിറമുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, സസ്യ എണ്ണകള്‍ മുതലായവ ഇവയുടെ മികച്ച സ്രോതസ്സുകളാണ്.

 

ഒമേഗ-3 ഫാറ്റി ആസിഡുകള്‍

കൊഴുപ്പുകളുടെ കൂട്ടത്തില്‍ തൈറോയ്ഡ് ആരോഗ്യത്തിന് ഏറ്റവും ആവശ്യമായതാണിവ. മത്സ്യങ്ങളിലും മീനെണ്ണയിലും ചണവിത്തിലും വെളിച്ചെണ്ണയിലും ഇത് ധാരാളം അടങ്ങിയിരിക്കുന്നു.