മുലപ്പാല്‍ സ്രഷ്ടാവിന്റെ മഹത്തായ കാരുണ്യം

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ഫെബ്രുവരി 03 1439 ജുമാദില്‍ ഊല 17

മാതാവിന് തന്റെ കുഞ്ഞിന് പകര്‍ന്ന് നല്‍കാനാകുന്ന അമൃതമാണ് മുലപ്പാല്‍. പലപ്പോഴും മുന്‍കൂട്ടി തയ്യാറെടുക്കാത്തതിനാല്‍ മുലയൂട്ടല്‍ സുഗമമായി നടത്താന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന മാതാക്കളെയും മുലപ്പാല്‍ കിട്ടാത്തതിനാല്‍ കഷ്ടപ്പെടേണ്ടിവരുന്ന കുഞ്ഞുങ്ങളെയും ധാരാളമായി കണ്ടുവരുന്നു. വളരെ സ്വാഭാവികമായ  'മുലയൂട്ടല്‍' ഇന്നത്തെ പല ന്യൂജനറേഷന്‍ അമ്മമാര്‍ക്കും സങ്കീര്‍ണമായിത്തീര്‍ന്ന പോലെ തോന്നുന്നു. ഇക്കാര്യത്തില്‍ മുലയൂട്ടി പരിചയമുള്ള മാതാക്കളുടെ അനുഭവ പങ്ക് വയ്പിന്റെ അഭാവം ശരിക്കും നിഴലിച്ചു കാണുന്നുണ്ട്.

ജനിച്ച ഉടനെ കുഞ്ഞിന് നല്‍കാന്‍ മുലപ്പാലോളം പോഷക സമൃദ്ധമായ മറ്റൊരു പ്രകൃതിദത്ത ഭക്ഷണം ലോകത്തെവിടെയും ലഭ്യമില്ല. നവജാത ശിശുവിന് ഇതിലേറെ സുരക്ഷിതവും സമ്പൂര്‍ണവുമായ മറ്റൊരാഹാരവുമില്ല. ഇളം മഞ്ഞനിറമുള്ള ആദ്യത്തെ ദിവസങ്ങളില്‍ ചുരത്തുന്ന 'മഞ്ഞപ്പാല്‍' (Colostrum) പോഷകസമ്പുഷ്ടമാണ്. സ്വയം രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ സമയമായിട്ടില്ലാത്തത് കൊണ്ട് കുഞ്ഞിന്റെ രോഗപ്രതിരോധ ശക്തിക്കാവശ്യമായ എല്ലാതരം പ്രോട്ടീനുകളും എന്‍സൈമുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ജനിച്ച ആദ്യമാസങ്ങളിലെ വയറിളക്കം, ശ്വാസകോശത്തിലെ അണുബാധകള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം നല്‍കാന്‍ അല്ലാഹു ഒരുക്കിയ മഹത്തായ ഈ സംവിധാനം വലിയൊരു അത്ഭുതം തന്നെയാണ്. കുഞ്ഞിന് ജനിച്ചയുടനെ കിട്ടുന്ന ആദ്യ വാക്‌സിനാണിതെന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ പ്രസവത്തിന് ശേഷം എത്രയും വേഗം മുലയൂട്ടണം. സിസേറിയനാണെങ്കില്‍ പോലും അമ്മയുടെ മയക്കം വിട്ടുണര്‍ന്നയുടനെ മുലയൂട്ടാന്‍ ശ്രദ്ധിക്കണം.

കുഞ്ഞിന്റെ ദഹന വ്യവസ്ഥക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന മുലപ്പാല്‍ കാല്‍സ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കുറവ് നികത്തുന്നു. അമ്മ കഴിക്കുന്ന പോഷകാഹാരമാണ് ആകെയുള്ള ചെലവ്.

ജനിച്ച് ആറുമാസം വരെ മുലപ്പാല്‍ മാത്രമെ നല്‍കാവൂ. പിന്നീട് അതിന്റെ ഗുണഗണങ്ങള്‍ ക്രമേണ കുറഞ്ഞ് വരുവെങ്കിലും 2 വര്‍ഷം വരെ മുലയൂട്ടണമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോള്‍ പറയുന്നത്. ഇത് തന്നെയാണ് 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ക്വുര്‍ആന്‍ പഠിപ്പിച്ചത്. ''മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്. എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.'' (ക്വുര്‍ആന്‍ 31:14).

മുലപ്പാലിന് രണ്ട് ഭാഗങ്ങളുണ്ട്, കുടിച്ച്തുടങ്ങുമ്പോള്‍ ആദ്യം വരുന്ന 'മുന്‍പാല്‍' (Fore milk), പിന്നീട് വരുന്ന 'പിന്‍പാല്‍' (Hind milk).

മുന്‍പാലില്‍ പ്രധാനമായും വെള്ളം, ലാക്ടോസ്, കുറച്ച് പ്രോട്ടീനുകള്‍ വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ എന്നിവയും പിന്‍പാലില്‍ ബാക്കി പ്രോട്ടീനുകളും മുഴുവന്‍ കൊഴുപ്പുകളും കൊഴുപ്പില്‍ ലയിക്കുന്ന ധാതുക്കളും വിറ്റാമിനുകളുമാണുള്ളത്.

മുന്‍പാല്‍ കൂടുതല്‍ (തുടര്‍ച്ചയായി ഒന്നില്‍നിന്ന് തന്നെകുടിക്കാതെ മാറ്റി മാറ്റി) കുടിപ്പിക്കുമ്പോള്‍ ലാക്‌ടോസ് നിമിത്തം ഗ്യാസ് കെട്ടുകയും കുഞ്ഞിന് അസ്വസ്ഥതയുണ്ടായി കരയുകയും ചിലപ്പോള്‍ ഛര്‍ദിക്കുകയും ചെയ്‌തെന്ന് വരും. ഇത് വിശപ്പിന്റെ കരച്ചിലാണെന്ന് വിചാരിച്ച് വീണ്ടും വീണ്ടും മുലയൂട്ടുമ്പോള്‍ പിന്‍പാല്‍ ലഭിക്കാതെ പോകുന്നതിനാല്‍ കുഞ്ഞ് തൂക്കം വെക്കാതെ പോകുന്നു. ഓരോ തവണ മുലയൂട്ടുമ്പോയും ഓരോ വശത്ത് നിന്നും കൊടുക്കാനും ഒരുവശത്ത് 1015 മിനുട്ടെങ്കിലും തുടര്‍ച്ചയായി കൊടുക്കാനും ശ്രമിച്ചാല്‍ ആവശ്യത്തിന് പിന്‍പാല്‍ കിട്ടുകയും ഇടക്കിടെ വിശന്ന് കരയുന്നത് ഒഴിവാക്കുകയും ചെയ്യാം.

ആദ്യമാസങ്ങളില്‍ കുഞ്ഞ് കൂടുതലും ഉറങ്ങുന്നത് കൊണ്ട് 2-3 മണിക്കൂര്‍ ഇടവിട്ട് (ദിവസത്തില്‍ 8-12 തവണ) മുലയൂട്ടണം. പാല്‍ കുറവാണെന്ന് തോന്നിയാലും നിര്‍ബന്ധമായും മുലകൊടുക്കണം. കാരണം കുട്ടി കുടിക്കുന്നതിനനുസരിച്ചാണ് പാലുല്‍പാദനം നടക്കുന്നത്.

മുലയൂട്ടുന്നത് കുഞ്ഞിന് മാത്രമല്ല അമ്മക്കും ഏറെ ഗുണകരമാണ്. സ്തനാര്‍ബുദവും ഗള്‍ഭാശയാര്‍ബുദവും ചെറുക്കാനും അണ്ഡവിസര്‍ജനത്തെ വൈകിപ്പിക്കുന്നത് വഴി ഒരു പരിധിവരെ അടുത്ത ഗര്‍ഭധാരണത്തെ വൈകിപ്പിക്കാനും കൃത്യമായ മുലയൂട്ടല്‍ കൊണ്ട് സാധ്യമാവും.