തൈറോയ്ഡ് പ്രശ്‌നങ്ങള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

ശരീരത്തിന്റെ താളം നിയന്ത്രിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഈ ഗ്രന്ഥി പങ്കാളിയാണ്. കഴുത്തിലാണ് ഇതിന്റെ സ്ഥാനം. ഏകദേശം രണ്ട് ഇഞ്ച് വലുപ്പം. ചിറകുവിരിച്ച ശലഭത്തിന്റെ ആകൃതി.

തൈറോയ്ഡ് ഗ്രന്ഥി പ്രധാനമായും രണ്ട് ഹോര്‍മോണുകളാണ് ഉത്പാദിപ്പിക്കുന്നത്. ട്രൈ അയഡോ തൈറോണിന്‍ അഥവാ ടി.3 യും തൈറോക്‌സിന്‍ അഥവാ ടി4 ഉം. പിറ്റിയൂട്ടറി ഗ്രന്ഥിയില്‍നിന്നുള്ള തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോര്‍മോണ്‍ അഥവാ ടി.എസ്.എച്ച് തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുമ്പോഴാണ് ഇവ ഇത്പാദിപ്പിക്കപ്പെടുന്നത്. ടി4 ഹോര്‍മോണ്‍ ശരീരത്തിന്റെ ബാഹ്യകലകളില്‍വെച്ച് കൂടുതല്‍ സക്രിയമായ ടി3 ഹോര്‍മോണായി മാറുന്നു.

തൈറോയ്ഡ് ഹോര്‍മോണിന്റെ പ്രധാന ധര്‍മങ്ങര്‍ ഇവയാണ്: ശരീരത്തിന്റെ ഓക്‌സിജന്‍ ഉപയോഗം കൂട്ടുകയും അതുവഴി കൂടുതല്‍ ഊര്‍ജം ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഹൃദയമിടിപ്പ് കൂട്ടുന്നു. നാഡീസംവേദനങ്ങളെ ത്വരിതഗതിയിലാക്കുന്നു. ഗര്‍ഭാവസ്ഥയിലും കുഞ്ഞുങ്ങളിലും ബുദ്ധിവികാസത്തിന് വളരെ പ്രധാനമായ പങ്ക് വഹിക്കുന്നു. രക്തത്തിലെ കൊളസ്ട്രാള്‍ നില കുറയ്ക്കുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്നു. മുലയൂട്ടുന്ന കാലയളവില്‍ പാല്‍ ഉത്പാദനത്തെ സഹായിക്കുന്നു. സ്ത്രീകളില്‍ കൃത്യമായ ആര്‍ത്തവചക്രത്തിനും പ്രത്യുല്‍പാദനശേഷിയെയും സഹായിക്കുന്നു.

 

സ്ത്രീകളില്‍ കൂടുതല്‍

തൈറോയ്ഡ് രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ തൊട്ട് ജീവിതത്തിന്റെ ഏതു ഘട്ടത്തിലും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കടന്നുവരാം. എങ്കിലും സ്ത്രീകളില്‍ ഏകദേശം അഞ്ചില്‍ ഒരാള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ തൈറോയ്ഡ് പ്ര ശ്‌നങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

 

തൈറോയ്ഡ് തകരാറുകള്‍

തൈറോയ്ഡ് രോഗങ്ങള്‍ പലതരത്തിലുണ്ട്. ചിലപ്പോള്‍ ഈ ഗ്രന്ഥിക്ക് ശരിയായ രീതിയില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരും. അമിതമായി ഹോര്‍മോണ്‍ ഉത്പാദിപ്പിച്ചെന്നും വരാം. ചിലരില്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുമെങ്കിലും അവ സക്രിയമായ ടി3 ആയി മാറുകയില്ല. അതുമല്ലെങ്കില്‍ ബാക്കി പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടന്നാലും ശരീരത്തിന്റെ പ്രതിരോധ ശൃംഖലക്ക് ഇവയെ ഏകോപിക്കാന്‍ കഴിയാതെയും വരാം. 

തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ പ്രധാനമായത് ഹൈപ്പോ തൈറോയ്ഡിസം അഥവാ തൈറോയ്ഡ് പ്രവര്‍ത്തന മാന്ദ്യം, ഹൈപ്പര്‍ തൈറോയ്ഡിസം അഥവാ അമിത പ്രവര്‍ത്തനം എന്നിവയാണ്. ഇന്നത്തെ കാലത്ത് തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ പ്രധാന കാരണം വിവിധതരം പോഷകഘടകങ്ങളുടെ അസന്തുലിതാവസ്ഥയും തെറ്റായ ജീവിതശൈലിയും തന്നെയാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ഏറ്റവും അത്യാവശ്യമായ മൂലകമാണ് അയഡിന്‍. ഇതിനു പുറമെ സിങ്ക്, സെലനിയം മുതലായ സൂക്ഷ്മ മൂലകങ്ങളുടെ അഭാവവും തൈറോയ്ഡ് രോഗങ്ങള്‍ക്ക് വഴിതെളിക്കാം. റേഡിയോ ആക്ടീവ് അയഡിന്‍ ചികിത്സ, ഓട്ടോ ഇമ്യൂണ്‍ തകരാറുകള്‍, ജനിതക കാരണങ്ങള്‍ എന്നിവയും രോഗകാണമാകുന്നുണ്ട്. അടുത്ത കാലത്ത് നടന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഭക്ഷണത്തില്‍ ചേര്‍ക്കപ്പെടുന്ന പല രാസസ്തുക്കളും രുചി പകരുന്ന കൃത്രിമ പദാര്‍ഥങ്ങളും ഇത്തരം തകരാറുകള്‍ ഉണ്ടാക്കുന്നു എന്നാണ്. 

തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ ഏറ്റവുമധികം കാണപ്പെടന്നത് ഹൈപ്പോതൈറോയ്ഡിസം ആണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍ ക്ഷീണം, മന്ദത, കാരണമില്ലാതെ ശരീരഭാരം കൂടുക, വരണ്ടചര്‍മം, മുടികൊഴിച്ചില്‍, തണുപ്പ് സഹിക്കാന്‍ സാധിക്കാതെ വരിക, മലബന്ധം, ഡിപ്രഷന്‍, ആര്‍ത്തവസമയത്തെ അമിത രക്തസ്രാവം, രക്തത്തിലെ കൊളസ്‌ട്രോള്‍ നില കൂടുക, മുഖത്തും കൈകാലുകളിലും നീര് എന്നിവയാണ്. ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ പ്രധാനലക്ഷണങ്ങള്‍ കാരണമില്ലാതെ ശരീരഭാരം കുറയുക, അമിതവിയര്‍പ്പ്, ഹൃദയമിടിപ്പ് കൂടുതല്‍, ആകാംക്ഷ, ദേഷ്യം, ക്ഷീണം, കൈവിറയല്‍, വയറിളക്കം, ഉറക്കക്കുറവ് എന്നിവയാണ്.

(അടുത്ത ലക്കത്തില്‍: തൈറോയ്ഡിന്റെ ആരോഗ്യത്തിന് പോഷകങ്ങള്‍)