അപകടം വിതയ്ക്കുന്ന ആശുപത്രി മാലിന്യങ്ങള്‍

ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍

2018 ആഗസ്ത് 18 1439 ദുല്‍ഹിജ്ജ 06

സൗഖ്യം തേടി ആശുപത്രിയിലെത്തുന്നവര്‍ മാരകരോഗവാഹകരായി പുറത്തിറങ്ങുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലിന്നുള്ളത്. ഒരുതവണ മാത്രം ഉപയോഗിക്കേണ്ട സിറിഞ്ചുകളും സൂചികളും ഗ്ലൗസുകളുമൊക്കെ മാലിന്യക്കൂമ്പാരങ്ങളില്‍നിന്നും പെറുക്കി കഴുകിയുണക്കി മെഡിക്കല്‍ ഷോപ്പുകളിലെത്തിക്കുന്ന സംഘങ്ങള്‍ നാട്ടില്‍ സജീവമാണ്. 

ആശുപത്രി മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത് എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ് ബി, കോളറ, ടൈഫോയ്ഡ്, പ്ലേഗ്, ക്ഷയം തുടങ്ങിയ മാരകരോഗങ്ങള്‍ പിടിപെടാന്‍ കാരണമാകും.

ഓപ്പറേഷന്‍ തിയേറ്ററുകളില്‍നിന്ന് പുറംതള്ളുന്ന ശരീരഭാഗങ്ങള്‍ അടങ്ങുന്ന പതോളജിക്കല്‍ വേസ്റ്റ്, മെഡിക്കല്‍, പതോളജിക്കല്‍ ലബോറട്ടറികള്‍ പുറംതള്ളുന്ന മാലിന്യങ്ങള്‍, സിറം, പ്ലാസ്മ തുടങ്ങിയ രക്തസംബന്ധമായ മാലിന്യങ്ങള്‍, റേഡിയോ പ്രസരണശേഷിയുള്ള മാലിന്യങ്ങള്‍, സൂചി, സിറിഞ്ച്, കുപ്പിച്ചില്ല്, ഓപ്പറേഷന്‍ ബ്ലേഡുകള്‍, ഡ്രിപ്പ് നല്‍കുന്നതിന് ഉപയോഗിക്കുന്ന ഡിസ്‌പോസിബില്‍ സിറിഞ്ച് ട്യൂബ് തുടങ്ങിയവ, മുറിവുകള്‍ വച്ചുകെട്ടുന്ന പഞ്ഞി, സ്‌പോഞ്ച്, സര്‍ജിക്കല്‍ ഗ്ലൗസ്, പ്ലാസ്റ്റര്‍, ഡയാലിസിസിന് വിധേയമാകുന്ന രോഗികളില്‍നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍, കാലാവധി കഴിഞ്ഞ് പുറംതള്ളുന്ന മരുന്നുകള്‍, ഉപയോഗശൂന്യമായ കിടക്കകള്‍... തുടങ്ങിയവയെല്ലാം മാരക രോഗങ്ങള്‍ക്കും ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കും കാരണമാകും. ആന്റിബയോട്ടിക്കുകളോട് മല്ലിട്ട് പ്രതിരോധശേഷി നേടിയ ബാക്ടീരിയകളാണ് ആശുപത്രി മാലിന്യങ്ങളില്‍ എന്നതിനാല്‍ അവമൂലം ബാധിക്കുന്ന രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുന്നത് വിഷമകരമായിരിക്കും.

ആരോഗ്യസംരക്ഷണ രംഗത്ത് മുന്നോട്ട് കുതിക്കാന്‍ വെമ്പുന്ന ഇവിടെ ആശുപത്രി മാലിന്യസംസ്‌കരണത്തിന് പ്രായോഗികവും ഉപകാരക്ഷമവുമായ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട കാലം അതിക്രമിച്ചിട്ടുണ്ട്. പലതവണ കേരള ഹൈക്കോടതിയുള്‍പെടെയുള്ള നീതിപീഠങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്. 

ശരീരാവശിഷ്ടങ്ങള്‍ ഉള്‍പെടെയുള്ള ജൈവമാലിന്യങ്ങള്‍ ട്രഞ്ചുകളില്‍ നിര്‍മാര്‍ജനം ചെയ്യുന്ന രീതി പല വന്‍കിട ആശുപത്രികളിലും പാലിക്കപ്പെടുന്നില്ല. സാമ്പത്തിക ലാഭംനോക്കി മിക്ക ആശുപത്രികളും ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിക്കാറില്ല. അഥവാ പ്രവര്‍ത്തിപ്പിച്ചാല്‍ തന്നെ ഏറ്റവും താഴ്ന്ന ഉൗഷ്മാവിലാവും. താഴ്ന്ന ഊഷ്മാവില്‍ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ രോഗാണുക്കളെ നശിപ്പിക്കാനാവില്ല.  ശരിയായ ഊഷ്മാവില്‍ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാലിന്യത്തിന്റെ അളവ് 10 തമാനത്തില്‍ താഴെയായി കുറക്കാന്‍ പറ്റും.  

എണ്ണയോ ഗ്യാസോ വൈദ്യുതിയോ ആണ് ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോഗിക്കുക. പുക കുറയ്ക്കാന്‍ വൈദ്യുതി ഉപയോഗിക്കുന്നതിലൂടെ സാധിക്കും. 30 കിടക്കകള്‍ക്ക് മുകളിലുള്ള എല്ലാ ആശുപത്രികളും ഇന്‍സിനേറ്റര്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രണ്ട് പതിറ്റാണ്ട് മുമ്പേ നിര്‍ദേശിക്കുകയും 500 കിടക്കള്‍ ഉള്ള ആശുപത്രികളില്‍ നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.    

ഭക്ഷണ മാലിന്യങ്ങള്‍ നശിപ്പിക്കാന്‍ ഉയര്‍ന്ന ഊഷ്മാവോ രാസവസ്തുക്കളോ ആവശ്യമാണ്. ഉപയോഗിച്ച ഉടന്‍തന്നെ സൂചികളും ശസ്ത്രക്രിയാ ബ്ലേഡുകളും മുറിച്ച് നശിപ്പിച്ചാല്‍ വീണ്ടും ഉപയോഗിക്കുന്നത് തടയാനാകും.